✍🏻 റശീദ് പുന്നശ്ശേരി
ബീബീസ് ലോഡ്ജിലെ മുറിയിലിരുന്നാൽ ബോട്ട് ജെട്ടി കാണാം. നേരിയ തണുപ്പുള്ള കാറ്റ് സദാ വീശിക്കൊണ്ടിരിക്കുന്ന ശാന്തമായ നീല ലഗൂണിലെ വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്. കടമത്ത് ദീപ്. അണിഞ്ഞൊരുങ്ങി ഹൂറി ചമഞ്ഞൊരു ബീബി തന്നെയാണ് കടമത്ത്. ഇളനീരിന്റെ മധുരമുള്ള സ്നേഹം കൊണ്ട് വിരുന്നൂട്ടുന്ന നാട്ടുകാരാണ് ലക്ഷദീപിനെ ഏറ്റവും മനോഹരമാക്കുന്നത്.
ബോട്ട് ജെട്ടിയാണ് ദീപുകളിലെ പുറത്തേക്കുള്ള ഏക വഴി. അത് കൊണ്ടായിരിക്കാം രാവിലെ മുതൽ ആളുകൾ ജെട്ടിയുടെ അടുത്ത് അൽപനേരം കൂട്ടം കൂടി നിൽക്കുന്നത് കാണാം. അടുത്തുള്ള ചായക്കടകളിൽ അന്നേരം നല്ല തിരക്കാണ്. ചിലപ്പോൾ അടുത്ത ദീപുകളിൽ നിന്ന് ഒന്നോ രണ്ടോ വെസലുകൾ വരാനുണ്ടാകും. അതുമല്ലെങ്കിൽ പുറം കടലിൽ നങ്കൂരമിട്ട ഒരു കപ്പലിൽ നിന്ന് യാത്രക്കാർ വരാനും പോകാനുമുണ്ടാകും. അന്നേരങ്ങളിൽ ബൈക്കുകളും ഓട്ടോയും കാറും സൈക്കിളുമൊക്കെയായി പരിസരത്ത് ചെറിയ ബഹളമയമായിരിക്കും. അത് കഴിഞ്ഞാൽ പിന്നെ ശൂന്യമായ ജെട്ടിയും പരിസരവും പെട്ടന്ന് മറ്റൊരു ഭാവം പകരും. നമുക്കപ്പോൾ ലഗൂണിനോട് ചേർന്നുള്ള റോഡിലൂടെ വലത്തോട്ടോ ഇടത്തോട്ടോ പോകാം. എങ്ങോട്ട് പോയാലും എത്തുക കടലിലാണെന്നതിനാൽ തിരിച്ചു നടന്നാൽ വഴി തെറ്റാതെ മുറിയിലെത്താം. 9 കിലോ മീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ഈ ദീപാണ് ഞാൻ സഞ്ചരിച്ച ദീപുകളിൽ ഏറ്റവും ആകർഷകമായി തോന്നിയത്.
രാവിലെയോ വൈകുന്നേരമോ മീൻ പിടുത്ത ബോട്ടുകൾ മടങ്ങി വരുമ്പോഴാണ് മറ്റൊരു തിരക്ക് കാണുക. ചൂര മീനോ ബെൽറ്റ് ഫിഷോ പോലുള്ള മത്സ്യങ്ങളാണ് ഉണ്ടാവുക. മത്സ്യങ്ങൾ കൊണ്ട് എന്ത് വിഭവവും ഉണ്ടാക്കാൻ മിടുക്കികളാണ് ഇവിടത്തെസ്ത്രീകൾ. ചൂരയുടെ ചമ്മന്തി, ഉപ്പേരി, അച്ചാർ, കറികൾ, എന്ന് വേണ്ട വിവിധതരം സ്നാക്സുകളും ദീപ് സൽക്കാരങ്ങളിൽ നിറഞ്ഞു നിന്നു.
അടിയിൽ ഗ്ലാസ്സ് ഘടിപ്പിച്ച ബോട്ടിൽ നീലനിറമുള്ള ലഗൂണിലൂടെ ഒരു സവാരി തരപ്പെടുത്തി. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള കടൽ മത്സ്യങ്ങളും അപൂർവ ജീവികളും പവിഴപ്പുറ്റുകളും മറ്റും കണ്ടുള്ള യാത്ര അപൂർവ സൗഭാഗ്യമാണ്. സന്ധ്യ മയങ്ങിയപ്പോൾ ലഗൂണിൽ കുളിക്കാനിറങ്ങി. അപ്പോഴാണ് കാലിൽ കൊത്തിക്കളിക്കുന്ന മത്സ്യങ്ങളുടെ കൂട്ടമെത്തിയത്. തങ്ങ കോയയുടെ വീട്ടിൽ നിന്ന് ടോർച്ചുകളും വലയും എത്തി. വല വിരിച്ച് വെളിച്ചം കാണിച്ച് മീനുകളെ ആകർഷിച്ചു വലയിലാക്കി ഒറ്റ വീശിൽ തന്നെ നാലഞ്ച് കിലോ മീൻ. പിന്നെ കടപ്പുറത്ത് തന്നെ അത് പാകം ചെയ്ത് കഴിക്കുന്ന തിരക്ക്. ആ രാത്രിയിൽ തങ്ങ കോയയുടെ പറമ്പിലെ തെങ്ങുകളിൽ നിന്ന് ഇളനീർ പറിച്ചു കുടിച്ചു. നിലാവ് സാക്ഷിയായി പാട്ടിന്റെയും അറബാനയുടെയും താളത്തിൽ ഞങ്ങൾ സ്വയം മറന്നു.
വൈകുന്നേരങ്ങളിൽ അസ്തമയഭംഗി നോക്കി വെളുത്ത മണലിൽ ഇരിക്കുമ്പോൾ അധികം അകലെയല്ലാതെ ഒരു നിഴൽ പോലെ അമിനി ദീപ് കാണാം. കടമത്ത് നിന്ന് അമിനിയിലേക്ക് കടൽപ്പാലം നിർമിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കും കടലാഴവും തടസമായതിനാൽ ഉപേക്ഷിക്കുകയായിരുന്നുവത്രെ. നോക്കിയാൽ കാണുന്ന ദൂരമാണെങ്കിലും ഒരു മണിക്കൂർ നേരം കടലിലൂടെ ചുറ്റിയാണ് ബോട്ടുകൾ അങ്ങോട്ട് എത്തുക. രാവിലെയും വൈകിട്ടും ഇരു ദീപുകൾക്കുമിടയിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബോട്ടുകളുമുണ്ട്. അത്തരമൊരു മത്സ്യബന്ധന ബോട്ടിലാണ് ഞങ്ങൾ പിറ്റേ ദിവസം അമിനിയിലേക്ക് പോയത്. തിരമാലകളിൽ ചാഞ്ചാടിയുള്ള ആ യാത്ര ജീവിതത്തിൽ അവിസ്മരണീയമായ ഒരു കടലനുഭവം തന്നെയായിരുന്നു.
Read More: കൂടുതൽ യാത്രാനുഭവ കുറിപ്പുകൾ ഇവിടെ വായിക്കാം
India’s smallest Union Territory Lakshadweep is an archipelago consisting of 36 islands with an area of 32 sq km. It is a uni-district Union Territory and comprises of 12 atolls, three reefs, five submerged banks and ten inhabited islands. The islands have a total area of 32 sq km. The capital is Kavaratti and it is also the principal town of the UT. All Islands are 220 to 440 km away from the coastal city of Kochi in Kerala, in the emerald Arabian Sea. The natural landscapes, the sandy beaches, abundance of flora and fauna and the absence of a rushed lifestyle enhance the mystique of Lakshadweep.