GCC രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വിസ ഉടന്‍

അബു ദബി. ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ (GCC) സന്ദര്‍ശിക്കാവുന്ന ഏകീകൃത വിസ സംവിധാനം (Pan-GCC visa) ഉടന്‍ തന്നെ നടപ്പിലാകുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് പറഞ്ഞു. ജിസിസി മേഖലയിലെ ടൂറിസം മേഖലയ്ക്ക് ഇത് പിന്തുണയാകും. ജിസിസി രാജ്യങ്ങൾക്കിടയിലെ സഞ്ചാരങ്ങള്‍ കൂടുതല്‍ അനായാസമാകും. സ്വദേശികൾക്കും പ്രവാസികൾക്കും അനായാസം ജിസിസി രാജ്യങ്ങളിലേക്ക് യാത്ര സാധ്യമാകും. മേഖലയിലെ ടൂറിസത്തിന്റെ ഭാവി ഇതാണെന്നും അദ്ദേഹം പറഞ്ഞു. 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഷെൻഗൻ (Shengen) വിസ മാതൃകയിൽ ഒറ്റ ടൂറിസ്റ്റ് വീസയിൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഈ വിസ വഴിയൊരുക്കും. ഗള്‍ഫ് ടൂറിസ്റ്റ് വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ അപ്രസക്തമാകും.

ഇത്തരം ടൂറിസം സാധ്യതകളെ ഉള്‍ക്കൊള്ളാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഏതാനും വര്‍ഷങ്ങളായി യുഎഇ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫൂഡ് ആന്റ് ബെവറിജസ്, സാംസ്‌കാരിക ടൂറിസം, സാഹസിക കായിക വിനോദം തുടങ്ങി ടൂറിസം വ്യവസായ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന വികസനമാണ് ഉറപ്പാക്കിയിരിക്കുന്നത്. എണ്ണയില്‍ നിന്നു മാറി സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന് കൂട്ടായ ശ്രമങ്ങളാണ് ജിസിസി രാജ്യങ്ങള്‍ നടത്തിവരുന്നത്. ഇതില്‍ ടൂറിസം വികസനത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും മിഡില്‍ ഈസ്റ്റ് മേഖലയിലെ (Middle Eastern region) ടൂറിസം മേഖല കോവിഡ് മഹാമാരിക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയതായി എച്ച്എസ്ബിസി റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ടൂറിസം രംഗത്ത് വര്‍ധിച്ചു വരുന്ന മത്സരം യുഎഇയുടെ ജിഡിപി വളര്‍ച്ച ഏഴു ശതമാനത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയും ടൂറിസം വികസനത്തിനായി മില്യണ്‍ കണക്കിന് ഡോളറുകളാണ് നിക്ഷേപിക്കുന്നത്. 2030ഓടെ 100 മില്യന്‍ ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കാനാണ് സൗദി ലക്ഷ്യമിട്ടിരിക്കുന്നത്.

Legal permission needed