വേനൽ ചൂടിന് ശമനം വന്നതോടെ OOTY ഇപ്പോൾ കൂടുതൽ തണുത്തിരിക്കുകയാണ്. ഇ-പാസ് നിർബന്ധമാക്കിയതു മൂലം പലരും വാഹന യാത്ര ഒഴിവാക്കിയതിനാൽ ഇപ്പോൾ വലിയ തിരക്കുമില്ല. ഇതു തന്നെയാണ് ഊട്ടിയിലേക്ക് പോകാൻ മികച്ച അവസരം. ഓൺലൈനായി അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ലഭിക്കുന്നതാണ് ഇ-പാസ്. പക്ഷെ ഇതെന്തോ കീറാമുട്ടിയാണെന്ന തെറ്റിദ്ധാരണ മൂലമാണ് ഇപ്പോൾ പലരും ഊട്ടി യാത്ര മാറ്റിവെക്കുന്നത്. ഊട്ടിയിലെ സമ്മർ ആഘോഷങ്ങളിൽ പ്രധാന ഇനമായ പുഷ്പ മേള മെയ് 20ന് സമാപിക്കാനിരിക്കുകയാണ്. ഊട്ടി പുഷ്പമ മേളയുടെ പ്രവേശ ഫീസും സർക്കാർ കുറച്ചിട്ടുണ്ട്. മുതിർന്നവരുടെ നിരക്ക് 150 രൂപയിൽ നിന്ന് 125 രൂപയായി കുറച്ചു. കുട്ടികളുടെ നിരക്കായ 75 രൂപയിൽ മാറ്റമില്ല. ഇ-പാസുമെടുത്ത് ഇപ്പോൾ തന്നെ യാത്ര പ്ലാൻ ചെയ്യാം. മികച്ച കാലാവസ്ഥയും ഒട്ടേറെ ആഘോഷ കാഴ്ചകളും ആസ്വദിക്കാം.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടി പച്ചപ്പിനും സൗന്ദര്യത്തിനും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് നീലഗിരി കുന്നുകളുടെ മനോഹാരിത അനുഭവിക്കാനും ഊട്ടിയിലെ പുഷ്പമേള (Ooty Flower Festival 2024) ആസ്വദിക്കാനും ഇവിടെ എത്തുന്നത്. എല്ലാ വർഷവും വേനൽക്കാലത്താണ് ഈ വാർഷിക പുഷ്പ പ്രദർശനം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിനോദസഞ്ചാരികളെ ഈ പുഷ്പമേള ആകർഷിക്കുന്നു. ഈ വർഷം 126ാമത് ഊട്ടി പുഷ്പമേളയാണ് ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നുവരുന്നത്.
Also Read I ഊട്ടിയിലെ ഷോപ്പിങ്ങിന് മികച്ച ഈ 5 കേന്ദ്രങ്ങളെ അറിയാം
മനോഹരമായി ചിട്ടപ്പെടുത്തി അലങ്കരിച്ച പൂക്കളങ്ങളിലും രൂപങ്ങളിലും വിവിധ ഇനം പൂക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വേനൽ ആഘോഷത്തോടനുബന്ധിച്ച് ബൊട്ടാണിക്കൽ ഗാർഡൻ അലങ്കാര പൂക്കൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഇൻക ജമന്തി, ഡാലിയ, ഡെയ്‌സി, സിന്നിയ, സാൽവിയ, അഗെരാറ്റം, ഡെയ്‌സി വൈറ്റ്, ഡെൽഫിനിയം, വിവിധ ആന്തൂറിയം ചെടികൾ തുടങ്ങി 150ലധികം ഇനം പൂക്കളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പുഷ്പമേള മെയ് 20ന് സമാപിക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. ലേസർ ഷോയോടെയാണ് പ്രദർശനം ആരംഭിച്ചത്. സമാപന ചടങ്ങിൽ സമാനമായ ലേസർ ഷോയും നടക്കും.
1896-ലാണ് ഊട്ടി പുഷ്പമേള ആദ്യമായി ആരംഭിച്ചത്. നീലഗിരി അഗ്രികൾച്ചറൽ സൊസൈറ്റിയാണ് ആദ്യമായി പ്രദർശനം സംഘടിപ്പിച്ചത്. 1980ൽ നടത്തിപ്പ് സർക്കാർ ഏറ്റെടുത്തു. 1996ൽ നൂറാം വാർഷിക സ്മാരകമായി നാല് ഹെക്ടർ സ്ഥലത്ത് സർക്കാർ ഒരു റോസ് ഗാർഡനും ഒരുക്കി. ഇപ്പോൾ പുഷ്പമേളയുടെ പ്രധാന വേദികളിലൊന്നാണിത്. പുഷ്പമേളയ്‌ക്കൊപ്പം നടക്കുന്ന റോസ് ഷോയും വൻ ജനക്കൂട്ടത്തെയാണ് ആകർഷിക്കുന്നത്. 4200 ഇനം റോസാപ്പൂക്കൾ പ്രദർശനത്തിനുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ നിറങ്ങളിലുള്ള റോസാപ്പൂക്കൾ സന്ദർശകർക്ക് ഇവിടെ കാണാം.