മസ്‌കത്ത്. ഒക്ടോബര്‍ ഒന്നു മുതല്‍ യുഎഇയിലേക്കുള്ള (OMAN-UAE) ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത് (MWASALAT) അറിയിച്ചു. ഒമാന്‍ തലസ്ഥാന നഗരമായ മസ്‌കത്തില്‍ നിന്നും അബു ദബിയിലേക്കും അല്‍ ഐനിലേക്കുമാണ് സര്‍വീസുകള്‍. പ്രവാസികള്‍ക്കും ഈ സര്‍വീസ് ഏറെ ഗുണം ചെയ്യും. കോവിഡിനെ തുടര്‍ന്നാണ് നേരത്തെ ഈ സര്‍വീസ് നിര്‍ത്തിവച്ചത്. നേരത്തെ മസ്‌കത്തില്‍ നിന്ന് ദുബായിലേക്കായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.
മസ്‌കത്തില്‍ നിന്ന് അബു ദബിയിലേക്ക് 11.5 ഒമാനി റിയാല്‍ (109 ദിര്‍ഹം) ആണ് നിരക്ക്. 23 കിലോഗ്രാം ലഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗേജും സൗജന്യമാണ്.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്ക് നിരന്തരം യാത്ര ചെയ്യുന്നവര്‍ക്ക് ഈ ബസ് സര്‍വീസ് ഏറെ പ്രയോജനകരമാണ്. ദുബായില്‍ നിന്നുള്ള ബസുകളിലെല്ലാം ബുക്കിങ് തിരക്കാണ്. ഇപ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകളും വര്‍ധിച്ചിട്ടുണ്ട്.