ഫാറൂഖ് എടത്തറ
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അതിമനോഹരമായ റെയില്‍വേ സ്‌റ്റേഷന്‍ ഓര്‍മയില്ലേ? ആന്ധ്രലോ കര്‍ണാടകയിലോ ആണെന്ന് പലരും തെറ്റിധരിച്ച അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍. പലയിടങ്ങളില്‍ പോയി ഒടുവില്‍ സംവിധായകൻ കമലും സംഘവും ഷൂട്ടിങ് ഉറപ്പിച്ചത് അങ്ങാടിപ്പുറം സ്‌റ്റേഷന്റെ കാല്‍പനിക ഭംഗിയിലായിരുന്നു. രമണീയ സൗന്ദര്യം മാത്രമല്ല, കുളിരേകുന്ന കാലാവസ്ഥയും ഈ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയെ ജനപ്രിയമാക്കുന്നു. വേനലിൽ പ്രത്യേകിച്ചും കുളിരണിയിക്കുന്ന യാത്രയ്ക്ക് ഏറെ അനുയോജ്യമാണീ പാത.
കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ ജങ്ഷനായ ഷൊര്‍ണൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് കാടിന്റെ തണുപ്പും മനോഹാരിതയും തഴുകിയെത്തുന്ന നിലമ്പൂര്‍ ജങ്ഷനിലാണ്. ഈ പാതയിലൂടെ ട്രെയിന്‍ പോകുന്ന ഓരോ സ്‌റ്റേഷനും അതിമനോഹരമാണ്. യാത്രയിലുടനീളം തീവണ്ടിക്ക് തണലൊരുക്കി ആല്‍മരങ്ങളും തേക്കും തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്. ഊട്ടി മേട്ടുപ്പാളയം പാതയുടെ മിനിപ്പതിപ്പെന്ന് വേണമെങ്കില്‍ ഈ യാത്രയെ വിശേഷിപ്പിക്കാം. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍പാതകളിലൊന്നാണിത്. ഏകദേശം 66 കിലോമീറ്ററാണ് ഒറ്റവരി പാതയുടെ ദൂരം.
പച്ചപുതച്ച് നില്‍ക്കുന്ന വയലേലകള്‍, അങ്ങിങ്ങായി ചെറുതും വലുതുമായ വീടുകള്‍, പശ്ചാത്തലത്തില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, അതിനുംമുകളില്‍ ചിതറിത്തെറിച്ച് കിടക്കുന്ന മേഘജാലങ്ങള്‍, ഒഴിഞ്ഞ വയലേലകളില്‍ കാല്‍പന്തു തട്ടിക്കളിക്കുന്ന കുട്ടികളും യുവാക്കളും, തെങ്ങിൻ തോപ്പുകൾ, പലതരം മരങ്ങൾ സമൃദ്ധമായി വളരുന്ന പറമ്പുകള്‍, റബ്ബര്‍തോട്ടങ്ങള്‍… തീവണ്ടി ജാലകത്തിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്ന ഗ്രാമീണത മുറ്റിനിൽക്കുന്ന മനോഹര ഫ്രെയ്മുകളാണിവ. വെള്ളിയാര്‍, ഒലിപ്പുഴ തുടങ്ങിയ പുഴകളും ഈ പാതയിലെ ആകര്‍ഷക ദൃശ്യങ്ങളാണ്. വാടാനാംകുര്‍ശി, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂര്‍, തുവ്വൂര്‍, തൊടിയപ്പുലം, വാണിയമ്പലം, എന്നിവയാണ് തീവണ്ടിപ്പാതയിലെ ചെറുതും പ്രകൃതിസുന്ദരവുമായ റെയില്‍വേ സ്‌റ്റേഷനുകള്‍.
90 വര്‍ഷം മുമ്പ് ചരിത്രത്തിലേക്കൊരു ചൂളം വിളിയുമായാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ തീവണ്ടി സര്‍വിസ് തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ തീവണ്ടിപാതകളിലൊന്നാണിത്. നിലമ്പൂരില്‍ സമൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന തേക്കുകളുടെ അന്താരാഷ്ട്ര വാണിജ്യ സാധ്യത മനസിലാക്കി, അവയെ ബ്രിട്ടനിലേക്ക് കടത്തികൊണ്ടുപോവുന്നതിനായി ബ്രിട്ടീഷുകാരാണ് ഈ പാത നിര്‍മിച്ചത്. 1921ന് ആരംഭിച്ച പാതയുടെ ദൈര്‍ഘ്യം 1927 ഫെബ്രുവരിയിലായിരുന്നു ഷൊര്‍ണൂരില്‍ നിന്ന് അങ്ങാടിപ്പുറം വരെ നീട്ടിയത്. 1943 ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് നിലമ്പൂരിലെ തേക്കുതോട്ടത്തില്‍ നിന്നും ഒട്ടേറെ മരത്തടികള്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാതയിലൂടെയായിരുന്നുവെന്ന് ചരിത്രം പറയുന്നു. മധ്യ കേരളത്തില്‍ നിന്ന് നിലമ്പൂര്‍ മേഖലയിലേക്ക് കുടിയേറ്റം വ്യാപിച്ചതോടെ പാതയുടെ പ്രാധാന്യവും വര്‍ധിച്ചു.
മഴകഴിഞ്ഞ സമയമാണെങ്കില്‍ റെയില്‍വേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ അതിരാവിലത്തെ യാത്രയില്‍ മഞ്ഞും തണുപ്പുമുണ്ടാകും. കാഴ്ചക്ക് നിറം കൂടുകയും ചെയ്യും. നിലമ്പൂരില്‍ നിന്ന് അനന്തപുരിയിലേക്ക് കുതിക്കുന്ന രാജ്യറാണി എക്‌സ്പ്രസ്സും ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറും ഉള്‍പ്പെടെയുള്ള വണ്ടികള്‍ ദിനം പ്രതി ആറുതവണ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്.