തേക്കില്‍ തീര്‍ത്ത നിലമ്പൂരിന്റെ കാനനഭംഗിയും കാഴ്ചകളും

ഫാറൂഖ് എടത്തറ

മലപ്പുറം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള പ്രധാന പട്ടണങ്ങളിലൊന്നാണ് നിലമ്പൂർ. മലനിരകളും നിബിഡവനവും, ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം, ലോകത്തു തന്നെ ഏറ്റവും വിരളമായ ഗുഹാവാസികളായ ചോലനായ്ക്ക ഗോത്രക്കാരുടെ വാസ സ്ഥലം തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട് നിലമ്പൂരിന്. ചാലിയാർ നദിക്കരയോട് ചേർന്ന് കിടക്കുന്ന നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ദൂരമുണ്ട്. ഷൊർണൂറിൽ നിന്ന് 66 കിലോമീറ്റർ ദൂരം മനോഹരമായ റെയിൽപാത വഴിയും നിലമ്പൂരിലെത്തിച്ചേരാം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളെ കുറിച്ചറിയാം.

തേക്കുകളെക്കുറിച്ചറിയാനൊരു മ്യൂസിയം

തണുപ്പിന്റെ പറുദീസയായ ഊട്ടിയിലേക്കുള്ള ഹൈവേയിലൂടെയാണ് തേക്ക് മ്യൂസിയത്തിലേക്കുള്ള യാത്ര. വേനല്‍ചൂടിലും ഒരു ചെറിയ കുളിര്‍തെന്നല്‍ നമ്മെ മെല്ലെ തൊട്ടുണര്‍ത്താനെത്തും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഏറെയുള്ള റൂട്ടാണിത്. 40 രൂപ കൊടുത്ത് മ്യൂസിയത്തിനകത്തേക്കു പ്രവേശിക്കാം. കവാടം മുതല്‍ നിങ്ങളെ സ്വീകരിക്കാനായി ഒരുപാട് വാനരകുടുംബങ്ങള്‍ കാത്തിരിപ്പുണ്ടാകും. മ്യൂസിയം വളപ്പില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആദ്യം മ്യൂസിയത്തിനകത്തു കയറി പലതരം കാഴ്ചകള്‍ കാണണം.

തേക്കുകളുടെ ചരിത്രവും ജീവശാസ്ത്രവും വര്‍ത്തമാനവും പരിചയപ്പെടുത്തുന്ന ഒരിടമാണിത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ച ഈ മ്യൂസിയം ഒരു പക്ഷേ ലോകത്തിലെത്തന്നെ ഏക തേക്ക് മ്യൂസിയമായിരിക്കും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു തേക്കുമരത്തിന്റ വേരുപടലമാണ് നമ്മെ അകത്തേക്ക് സ്വാഗതം ചെയ്യുക. തേക്കിന്റെ ഉശിരന്‍ തടിയും തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക് തൂണുകളുമെല്ലാം മുന്നോട്ടുപോവുന്തോറും നമ്മുടെ കാഴ്ചയില്‍പെടും. തേക്കിന്റെ വിസ്മയ ലോകത്തുനിന്ന് പുറത്തിറങ്ങുന്ന നമ്മെ കാത്തിരിക്കുന്നത് ജൈവവൈവിധ്യങ്ങളുടെ കലവറയായ ഉദ്യാനമാണ്. കുരുന്നുയാത്രക്കാര്‍ക്ക് വിനോദം പകരാനായി ഊഞ്ഞാല്‍, ചെറിയ റൈഡുകള്‍, സീസോ തുടങ്ങിയവയെല്ലാമുണ്ട്. തൊട്ടപ്പുറത്ത് കൂറ്റന്‍ വള്ളിപ്പടര്‍പ്പുകളിലും തൂങ്ങിയാടാനും കഴിയും. മുന്നോട്ടു നീങ്ങിയാല്‍ ഔഷധോദ്യാനം, അപൂര്‍വവും വിലയേറിയതുമായ പൂക്കളും ചെടികളും വളരുന്ന ആരാമം അങ്ങനെയങ്ങനെ ഹൃദ്യമായ കാഴ്ചകള്‍ ഒട്ടേറെയുണ്ട്. ഉദ്യാനത്തിനു സമീപമുള്ള ലൈറ്റ് ഹൗസില്‍ കയറിയാല്‍ മ്യൂസിയം വളപ്പിലെ വിശാലമായ കാഴ്ചകള്‍ കാണാം.

കനോലി പ്ലോട്ട്

മ്യൂസിയത്തില്‍ നിന്നിറങ്ങിയാല്‍ അടുത്ത കേന്ദ്രം കനോലി പ്ലോട്ടാണ്. ലോകത്തിലെ ഏറ്റവുമാദ്യത്തെ മനുഷ്യനിര്‍മിത തേക്കുതോട്ടമാണിത്. 1846ല്‍ മലബാര്‍ കലക്ടറായിരുന്ന ബ്രിട്ടീഷുകാരൻ എച്ച്.വി കനോലിയുടെ നിര്‍ദേശപ്രകാരം ചാത്തുമേനോന്‍ എന്ന വ്യക്തിയാണ് ഇത്രയധികം തേക്കുകള്‍ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് വച്ചുപിടിപ്പിച്ചതത്രേ. 25 രൂപയുടെ ടിക്കറ്റെടുത്ത് തേക്കുകള്‍ കുളിരും തണലും വര്‍ഷിക്കുന്ന ഒരു നീണ്ട നടപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കണം. പുഴക്കു കുറുകെ നിര്‍മിച്ച ഒരു നീണ്ട തൂക്കുപാലമുണ്ട്. പുഴയുടെ ഇരുവശങ്ങളിലും കുഞ്ഞോളങ്ങള്‍ തഴുകിയൊഴുകുന്ന കാഴ്ചയും ഒരുഭാഗത്ത് കുറുവന്‍പുഴ ചാലിയാറിനെ ചുംബിച്ചുചേരുന്നതും കണ്ട് തൂക്കുപാലത്തിലൂടെ നടന്നു നീങ്ങിയാല്‍ തേക്കുകളുടെ ആ വിശാലമായ സാമ്രാജ്യത്തിലെത്താം. ഡിസംബറിലാണ് യാത്രയെങ്കില്‍ തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുന്നത് അനുഭവിക്കാനാവും. വേനല്‍കാലത്തും ഈ തേക്കിന്‍ കാട്ടില്‍ തണുപ്പിനും തണലിനും ഒരു കുറവുമില്ല. പ്ലോട്ടില്‍ ആകാശം മുട്ടെ തലയുയര്‍ത്തി പ്രൗഢിയോടെ നില്‍ക്കുന്ന തേക്കുമരങ്ങളാണ് നമ്മെ സ്വാഗതം ചെയ്യുക. ഓരോന്നിനും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഓരോ തേക്കുകളെക്കുറിച്ചുള്ള വിവരങ്ങളും അതിനോടു ചേര്‍ന്ന് ഒരു ചെറിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുള്ളത് വിജ്ഞാനപ്രദമാണ്. കനോലി പ്ലോട്ടിന്റെ ഒരു ലഘുചരിത്രവും ഇത്തരത്തില്‍ വായിച്ചെടുക്കാനാവും. 49.2 മീറ്റര്‍ ഉയരവും 429 സെ.മീ വണ്ണവുമുള്ള 23ാം നമ്പര്‍ തേക്കുമരമാണ് അതിലെ ഏറ്റവും ഭീമാകാരന്‍. അഞ്ചര ഏക്കറിലേറെ വ്യാപിച്ചുകിടക്കുന്ന ആ തേക്കിന്‍ കാട്ടില്‍ 117 തേക്കുകളുണ്ട്. വിശാലമായ ആ കാട്ടിലൂടെ ചുറ്റിത്തിരിഞ്ഞ് നടന്നാല്‍ സമയം പോവുന്നതറിയില്ല. ശുദ്ധവായു ശ്വസിച്ചും തേക്കുകളുടെ വിസ്മയകാഴ്ചകള്‍ കണ്ടും അവിടത്തെ കുളിര്‍പാതകളിലൂടെയങ്ങനെ നടന്നു നീങ്ങാം. വിശ്രമിക്കാനായി ഇവിടെ ചെറിയ ചെറിയ കുടിലുകള്‍ പോലുള്ളവ നിര്‍മിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകിതിമിര്‍ക്കുകയാണ് ചാലിയാര്‍പുഴ. അപകട സാധ്യതകള്‍ കണക്കിലെടുത്ത് പുഴയിലേക്ക് സന്ദര്‍ശകരെ ഇറങ്ങാന്‍ അനുവദിക്കാതെ വേലികെട്ടി തിരിച്ചിട്ടുണ്ട്.

ആഢ്യന്‍പാറ വെള്ളച്ചാട്ടം

കനോലി പ്ലോട്ടും തേക്ക് മ്യൂസിയവും മാത്രമല്ല, നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്ററോളം അകലെ ആഢ്യന്‍പാറ വെള്ളച്ചാട്ടവും തേക്കുകളുടെ നാട്ടിലെ സുന്ദരകാഴ്ചകളിലൊന്നാണ്. ചാലിയാര്‍ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കനോലി പ്ലോട്ടിലെയും തേക്ക് മ്യൂസിയത്തിലേയും കാഴ്ചകള്‍ കണ്ട് സമയം കിട്ടുമെങ്കില്‍ ആഢ്യന്‍പാറയിലേക്കും നീങ്ങാം. അപ്പോള്‍ യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഒരു നഷ്ടവും നല്‍കാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന നിലമ്പൂരിലേക്കാവട്ടെ അടുത്ത യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed