ഹൈവേകളിൽ രാത്രികാലങ്ങളിലുണ്ടാകുന്ന വാഹനാപകടങ്ങളിലെ പ്രധാന വില്ലനാണ് പാതി മയക്കത്തിലായ ഡ്രൈവർ. എത്ര വൈദഗ്ധ്യമുള്ള ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. ഉറക്കം തോന്നിയാൽ ഉടൻ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. വാഹനമോടിക്കുമ്പോൾ റോഡിൽ വേഗത്തിൽ തീരുമാനങ്ങളെടുത്ത് വാഹനത്തെ നിയന്ത്രിക്കാൻ പൂർണ ബോധാവസ്ഥയിലുള്ള, നല്ല ആരോഗ്യസ്ഥിതിയിലുള്ള ഡ്രൈവർക്കെ കഴിയൂ.
നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കൻഡിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രകാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുകയും വേണം.
എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറിൽ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളിൽ തിരിച്ചെത്തി അത് വാഹനത്തിൽ പ്രവർത്തിച്ച് റോഡിൽ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങൾ ഒരു സെക്കന്റിൽ നടക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവർക്ക് ശാരീരികവും മാനസികവുമായ നല്ല ആരോഗ്യം ആവശ്യമാണെന്ന് ആവർത്തിച്ചു പറയുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമെ വാഹനം ഓടിക്കാവൂ.
- രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയുള്ള ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കുക.
- ദീർഘദൂര ഡ്രൈവിങിനു മുൻപ് യാത്ര ചെയ്യുന്ന റോഡിനെ കുറിച്ച് അറിയാൻ ശ്രമിക്കുക.
- യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
- നിർബന്ധ രാത്രി യാത്രകളിൽ ഡ്രൈവിങ് അറിയാവുന്നയാളെ കൂടെ കൂട്ടുക.
- തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്താൽ നിർബന്ധമായും 10 മിനിറ്റെങ്കിലും വിശ്രമിക്കുക.
- രാത്രി വാഹനം ഓടിക്കുമ്പോൾ മുന്നിലുള്ള വാഹനങ്ങളുമായുള്ള അകലം ശരിയായ രീതിയിൽ കണക്കു കൂട്ടാൻ കഴിഞ്ഞെന്നുവരില്ല. സുരക്ഷിത അകലം പാലിക്കുക.
- നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.
- യാത്രയ്ക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണമകറ്റാൻ സഹായിക്കും.
- മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ.
- വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ, വിശപ്പുള്ള സമയത്തോ വാഹനം ഓടിക്കാൻ പാടില്ല.
- ഡ്രൈവിങിനിടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ മറ്റുള്ളവരുടെ സഹായം തേടുക.
- റോഡിൽ ക്ഷമയോടെ വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- മറ്റുള്ളവരുടെ അപകടകരമായ ഡ്രൈവിങിൽ പ്രകോപനപിതരാകരുത്. സംയമനം പാലിക്കുക. ആ വാഹനങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് പ്രത്യേകം ഓർക്കുക.