ഇന്ന് കൊച്ചിയിലുണ്ടോ? കാർണിവലിനായി FORT KOCHI ഒരുങ്ങി; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

trip updates

കൊച്ചി. സംസ്ഥാനത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷമായ കൊച്ചിൻ കാര്‍ണിവലിന് (Cochin Carnival) വേദിയാകുന്ന FORT KOCHI പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സജ്ജമായി. ഇന്ന് ജനം കൊച്ചിയിലേക്കൊഴുകുന്ന ദിവസമാണ്. ആഘോഷ വേദികളും പൊതു നിരത്തുകളും വൈകീട്ടോടെ ജനത്തിരക്കിലമരും. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്താണ് പ്രധാന ആഘോഷം. 80 അടി ഉയരത്തില്‍ കൂറ്റന്‍ പപ്പാഞ്ഞിയെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 1600 കിലോ ഭാരമുണ്ട്. പതിവിനു വിപരീതമായി ഇത്തവണ സുരക്ഷാ കാരണങ്ങളാല്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

വലിയ സുരക്ഷാ സന്നാഹങ്ങളും മുന്‍കരുതലുകളുമാണ് നഗരത്തില്‍ പൊലീസും അധികൃതരും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2500 പൊലീസുകാരനെ വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനകളും ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ അറിയിച്ചു. നഗരത്തില്‍ ലഹരി പരിശോധനയും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളും ഫ്‌ളാറ്റുകളും നിരീക്ഷണത്തിലാണ്. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

തോപ്പുംപടി പഴ പാലം വണ്‍ വേ

എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി എന്നിവിടങ്ങളില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ബസുകള്‍ തോപ്പുംപടി കഴുത്തുമുട്ട് പറവാനപ്പള്ളത്തു രാമന്‍ വെളി വഴി ഫോര്‍ട്ട് കൊച്ചി ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരികെ കുന്നുംപറും അമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊച്ചിന്‍ കോളെജ് ഗ്രൗണ്ടിലെത്തി ബസില്‍ കയറാം. എറണാകുളം-ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് വൈകീട്ട് എഴു വരെ മാത്രമായിരിക്കും.

റോ-റോ ജങ്കാർ സർവീസ് ഇങ്ങനെ

വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറില്‍ ഇന്ന് വൈകീട്ട് 4 മണി വരെ മാത്രമെ വാഹനങ്ങള്‍ കടത്താന്‍ അനുവദിക്കൂ. നാലു മണി മുതല്‍ 7 മണി വരെ ആളുകളെ മാത്രമെ അനുവദിക്കൂ. 7 മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ-റോ ജങ്കാറും ബോട്ട് സര്‍വീസും ഉണ്ടായിരിക്കില്ല. വൈപ്പിനിലേക്കുള്ള സര്‍വീസ് തുടരും. പുലര്‍ച്ചെ 12 മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് ബോട്ട് സര്‍വീസ് ഉണ്ടായിരിക്കും.

പാര്‍ക്കിങ്ങിന് വിപുലമായ സൗകര്യങ്ങള്‍

ഫോര്‍ട്ട് കൊച്ചി നിവാസികളും ഹോട്ടലുകള്‍ താമസിക്കുന്നവരും ഞായറാഴ്ച റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. പാര്‍ക്കിങ്ങ് ഇടങ്ങള്‍: ഫോര്‍ട്ട് കൊച്ചി ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആസ്പിന്‍വാള്‍ കമ്പ്രാള്‍ ഗ്രൗണ്ട്, ആസ്പിന്‍വാല്‍ ഗ്രൗണ്ട്, സെന്റ് പോള്‍സ് സ്‌കൂള്‍, ഡെല്‍റ്റാ സ്‌കൂള്‍, ഓഷ്യാനസ് ഈസ്റ്റ് സൈഡ്, ബിഷപ് ഹൗസ്, ദ്രോണാചാര്യ മെയിന്‍ ഗേറ്റ് മുതല്‍ നോര്‍ത്ത് സൈഡ് വരെ, സൗത്ത് സൈഡ് ഓടത്ത വരെ, വെളി സ്‌കൂള്‍ ഗ്രൗണ്ട്, കേമ്പിരി ജങ്ഷന്‍ തെക്കോട്ട് (കോണ്‍വെന്റ് റോഡ്) റോഡിനു കിഴക്കുവശം, വടക്കോട്ട് (അജന്ത റോഡ്) റോഡിനു കിഴക്കുവശം, കൂലപ്പാടം മുതല്‍ പരിപ്പ് ജങ്ഷന്‍ വരെ റോഡിനു പടിഞ്ഞാറു വശം, കൊച്ചിന്‍ കൊളേജ് ഗ്രൗണ്ട്, ടി ഡി സ്‌കൂള്‍ ഗ്രൗണ്ട്, ആസിയാഭായി സ്‌കൂള്‍, പഴയന്നൂര്‍ ക്ഷേത്ര മൈതാനം, എംഎംഒവി എച്എസ് ഗ്രൗണ്ട്, കാനൂസ് തീയറ്ററിനു സമീപത്തെ കോര്‍പറേഷന്‍ ഗ്രൗണ്ട്, ചിക്കിങിനു എതിര്‍വശമുള്ള ഗ്രൗണ്ട്, സൗത്ത് മൂലങ്കുഴി സിസി ഗ്രൂപ്പിന്റെ ഗ്രൗണ്ട്, തോപ്പുംപടി ജങ്ഷനിലെ ഒഴിഞ്ഞ സ്ഥലം, തോപ്പുംപടി കോര്‍പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നിവിടങ്ങളാണ് പാര്‍ക്കിങ്ങിനായി അനുവദിച്ചിരിക്കുന്നത്.

എമര്‍ജന്‍സി വഴി
എമര്‍ജന്‍സി, ആംബുലന്‍സ് സര്‍വീസിനായി രണ്ട് റൂട്ടുകളാണ് ഒഴിച്ചിടുന്നത്.
1- പരേഡ് ഗ്രൗണ്ട്- വാസ്‌കോ സ്‌ക്വയര്‍-ചാരിയറ്റ് ജങ്ഷന്‍-ടവര്‍ റോഡ് ജങ്ഷന്‍- സെന്റ് പോള്‍സ് സ്‌കൂള്‍- ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- ആസ്പിന്‍ വാള്‍- കല്‍വത്തി ബസാര്‍ റോഡ്- ജ്യൂ ടൗണ്‍- തോപ്പുംപടി.
2- പരേഡ് ഗ്രൗണ്ട്- ക്വിറോ സ്ട്രീറ്റ്- റാംപര്‍ട്ട് സ്ട്രീറ്റ്- ബസലിക്ക ജങ്ഷന്‍- കുന്നുംപുറം- വെസ്റ്റ് ഫോര്‍ട്ട് കൊച്ചി ആശുപത്രി- കുന്നുംപുറം ഈസ്റ്റ്- പുല്ലുപാലം- പുതിയ റോഡ്- ബസാര്‍ റോഡ്- ജ്യൂ ടൗണ്‍- തോപ്പുംപടി

ജയില്‍ മ്യൂസിയം താല്‍ക്കാലി ആശുപത്രി

കൊച്ചിന്‍ കാര്‍ണിവലിനെത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കും അടിയന്തര മെഡിക്കല്‍ സഹായത്തിനുമായി ഫോര്‍ട്ട് കൊച്ചിയിലെ ജയില്‍ മ്യൂസിയം താല്‍ക്കാലി ആശുപത്രിയാക്കി. ആസ്റ്റര്‍മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രാഥമിക പരിചരണവും ചികിത്സാ സൗകര്യവും സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കും.

Legal permission needed