✍🏻 ശഫീഖ് ആലിങ്ങല്‍
നെയ്‌റോബിയിലേക്കുള്ള വഴിയിൽ എത്തിയോപ്പിയൻ തലസ്ഥാനമായ അഡിസ് അബാബയിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിച്ചത് ‘പാൻ ആഫ്രിക്കനിസത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു’ എന്ന ഹോർഡിങ്ങായിരുന്നു. നെല്‍സൺ മണ്ടേലയും ജോമോ കെനിയാത്തയും പാട്രിസ് ലുമുംബയും പുതിയ ആഫ്രിക്കൻ രാഷ്ട്ര തലവന്മാരും ഒക്കെ ഇടം പിടിച്ച ഒരു കൂറ്റൻ ഹോർഡിങ്ങ്. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പറക്കുന്ന ഫ്ലൈറ്റുകകളുടെ പ്രധാന ട്രാൻസിറ്റ് പോയിന്റ് ആണ് അഡിസ്. ഈസ്ററ് ആഫ്രിക്കയിലെ മുഴുവൻ രാജ്യങ്ങളും സംഗമിക്കുന്ന സ്ഥലം.
നെയ്‌റോബിയിലേക്കുള്ള വഴിയിൽ കൂടെ ഉണ്ടായിരുന്ന രണ്ട് എത്തിയോപ്യൻ അധ്യാപകരോട് പാൻ ആഫ്രിക്കനിസത്തിന്റെ സാധ്യതകളെ പറ്റിയും പുതിയ ആഫ്രിക്കയെ പറ്റിയും ചോദിച്ചു. അവരുടെ പുതിയ പ്രധാനമന്ത്രി അബി അഹ്‌മദ് പാൻ ആഫ്രിക്കനിസത്തിന്റെ ശക്തനായ വക്താവാണ്.
“അഡിസിൽ ആഫ്രിക്കൻ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ ഇപ്പോൾ നിത്യ സന്ദർശകരാണ്. ഞങ്ങളുടെ നേതൃത്വം മറ്റു രാജ്യങ്ങളിലേക്കും പറക്കുന്നു. ഒട്ടുമിക്ക ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളും പരസ്പരം വിസ ഫ്രീ എൻട്രി അനുവദിച്ചു കഴിഞ്ഞു. വിവിധ മേഖലകളിൽ ഞങ്ങൾ നന്നായി സഹകരിക്കുന്നു,” അധ്യാപകനായ അലക്സ് പറഞ്ഞു.
2008 ൽ ആഫ്രിക്കൻ യൂണിയൻ നെയ്‌റോബിയിൽ രൂപം കൊടുത്ത പാൻ ആഫ്രിക്കൻ യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ മേഖലയിലെ വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്തിനും ഗവേഷണത്തിനും കാര്യമായ സംഭാവനകൾ നൽകുന്നുണ്ട് എന്ന് കൂടെയുണ്ടായിരുന്ന അധ്യാപകൻ പറഞ്ഞു.
എത്തിയോപ്യയും കെനിയയും ടാൻസാനിയായും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്‌കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി അധ്യാപകർ ആയി ഉണ്ടായിരുന്നത് പ്രധാനമായും ഇന്ത്യക്കാർ ആയിരുന്നു. അലക്സ് പറഞ്ഞത് ഇപ്പോൾ മിക്ക ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്വന്തമായി അധ്യാപകർ ഉണ്ട് എന്നാണ്.
നെയ്‌റോബിയിൽ ഞാൻ ചെന്നിറങ്ങിയത് തെരഞ്ഞെടുപ്പ് ചൂടിലേക്കാണ്. അതിരാവിലെ തുടങ്ങുന്ന പ്രചരണങ്ങൾ. റെസ്റ്റോറന്റുകളിലും ബസ്- ട്രെയിൻ സ്റ്റേഷനുകളിലും ടെലിവിഷൻ ചർച്ചകൾ തന്നെ. കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസ-ക്ഷേമ പദ്ധതികൾ, അന്തരാരാഷ്ട്ര നിക്ഷേപം, മേഖലാ സഹകരണം, ടൂറിസം ഒക്കെയാണ് ചർച്ചാ വിഷയങ്ങൾ. കെനിയക്കാർ സാകൂതം കേട്ടിരിക്കുന്നു. “കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി എന്തൊക്കെ ചെയ്യാം, ചെയ്യണം എന്നതിനെ കുറിച്ചുള്ള നിർമാണാത്മകമായ ചർച്ചകളിലെ ഞങ്ങൾക്ക് കാര്യമുള്ളൂ,” മസായ് മാരയിൽ ക്യാംപ് ഫയറിന് ചുറ്റുമിരിക്കുമ്പോൾ കെനിയക്കാരി ഗ്ലാഡിസ് പറഞ്ഞു. മസാച്ചുസെറ്റ്സിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന അവർ യു.എസ് പൗരയാണ്. എല്ലാ വർഷവും സന്നദ്ധ പ്രവർത്തനങ്ങൾക്കായി കെനിയയിൽ വരും.
കൂട്ടത്തിലുണ്ടായിരുന്ന നേപ്പാളി സൈനികൻ കുമാർ പറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ചില ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിതി പുറത്തു നിന്നുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത രീതിയിലാണെന്നാണ്. “പക്ഷെ, വിദ്യാഭ്യാസ രംഗത്തു അതിശക്തമായ വിപ്ലവം തന്നെ നടക്കുന്നുണ്ട്. എനിക്കതിൽ പ്രതീക്ഷയും ഉണ്ട്”. യു.എന്നിന്റെ ആഫ്രിക്കൻ പീസ് കീപ്പിങ് മിഷന്റെ ഭാഗമായുള്ള ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുമാർ ആഫ്രിക്കയിൽ നിരന്തരം യാത്ര ചെയ്യുന്നു.
അംബോസെളിയിൽ അതിരാവിലെ ഒരു മസായ് മൂപ്പന്റെ കൂടെ നടക്കാനിറങ്ങി. ആറു മണിക്ക് തന്നെ കുട്ടികൾ സ്‌കൂളിൽ പോവുന്നു. അടുത്തു വരുന്ന കുട്ടികളെ അദ്ദേഹം തലയിൽ കൈവച്ചു അനുഗ്രഹിക്കുന്നു, ചുംബിക്കുന്നു. “എന്റെ തലമുറയിൽ പെട്ട അധിക പേർക്കും എഴുതാനും വായിക്കാനും അറിയില്ല. ഞങ്ങളുടെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇപ്പോൾ സ്‌കൂളുകൾ ഉണ്ട്. കുറച്ചു കഴിഞ്ഞാൽ ഇവിടുത്തെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോയി തുടങ്ങും,” ബെൻ ലാവോൺ പറഞ്ഞു. അദ്ദേഹം ഇംഗ്ലീഷ് എഴുതാനും വായിക്കാനും സ്വയം പഠിച്ചതാണ്. അംബോസോളിയിലെ സ്‌കൂളുകളിലെ അധ്യാപകർ അധികവും സന്നദ്ധപ്രവർത്തകർ ആണ്. അവരിൽ ഡ്രൈവർമാർ മുതൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫെഷനലുകൾ വരെയുണ്ട്.
കാട്ടിലൂടെയുള്ള നടത്തത്തിന് പത്തു ഡോളർ ആയിരുന്നു പറഞ്ഞിരുന്നത്. “നിങ്ങൾ തരുന്ന പണം എന്റെ ഫീ അല്ല. ഞങ്ങൾ അത് സ്‌കൂളുകൾ നടത്താനും സാമൂഹിക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു,” ബെൻ ഇത് പറഞ്ഞപ്പോൾ എല്ലാവരും കുറച്ചു കൂടി പൈസ കൊടുത്തു.
മസായ് മാരയിൽ ക്യാംപ് അധികൃതരുടെ വിലക്ക് ഉണ്ടായിട്ടും ഞാൻ ആദിവാസി ഗ്രാമത്തിലൂടെ വൈകുന്നേരം നടക്കാനിറങ്ങി. ചെറിയ കുട്ടികൾക്ക് ഒക്കെ ഇംഗ്ലീഷ് അറിയാം. കൊറേ പേർ ഹായ് പറഞ്ഞു. അടുത്ത് വന്ന് സംസാരിച്ചു.
“ആഫ്രിക്കൻ നഗരങ്ങളിലും ഗ്രാമങ്ങളിലും സാക്ഷരതയുടെ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. ഗ്രാമങ്ങളിൽ തന്നെ സ്‌കൂളിൽ പോവാത്തവരായി കുറച്ചു കുട്ടികളെ ഉണ്ടാവൂ. നന്ദി പറയേണ്ടത് പ്രാദേശിക-അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരോട് ആണ്. അടിസ്ഥാന തലത്തിൽ അവർ അത്രക്കും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്” എന്റെ കൂടെ യാത്ര ചെയ്തിരുന്ന ഫ്രഞ്ചുകാരനായ മാത്യു പറഞ്ഞു. സെനഗലിലെ ഡാക്കറിൽ ആഫ്രിക്കൻ ഡവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ മാത്യു സ്വയംസംരംഭക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്നു. ഡാക്കറിൽ നിന്ന് ഇടവേളയെടുത്തു വിവിധ ആഫ്രിക്കൻ നഗരങ്ങളിൽ ഇരുന്നു ജോലി ചെയ്യും. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കും.
മസായ് മാരയിൽ നിന്ന് ഞങ്ങൾ സഫാരി കഴിഞ്ഞു ക്യാമ്പിലേക്ക് വരികയായിരുന്നു. ഗ്രാമ വഴിയിലൂടെ കുറച്ചു കുട്ടികൾ ടയർ ഓടിച്ചു പോവുന്നുണ്ട്. കുറച്ചു കുട്ടികൾ കൂടെ ഓടുന്നു. സ്പെയിൻകാരനായ അന്റോണിയോ എന്നെ വിളിച്ചു അത് കാണിച്ചു. “മാധ്യമങ്ങളിലെ ടിപ്പിക്കൽ ആഫ്രിക്കൻ ചിത്രം. നിങ്ങൾ ഇത് മിസ്സ് ആക്കരുത്,” എന്നോട് പറഞ്ഞു. ഞങ്ങൾ എല്ലാവരും ചിരിച്ചു.
“ഇവിടെ എന്തൊക്കെ ഉണ്ടെങ്കിലും എന്തൊക്കെ നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ഈ ചിത്രം കാണിച്ചു കൊണ്ടേയിരിക്കും” അന്റോണിയോ പറഞ്ഞതായിരുന്നു എന്റെ അന്വേഷണങ്ങളുടെ ഏറ്റവും നല്ല ഉപസംഹാരം എന്ന് തോന്നി.
ഫോട്ടോ അംബോസെലി വ്യൂ പോയിന്റിൽ നിന്ന് എടുത്തതാണ്.