ഇടുക്കി. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ പീരുമേട്ടിലെ പരുന്തുംപാറയില്‍ പൂവിട്ടു. രണ്ടാഴ്ചയോളമായി ഇവിടെ നീലക്കുറിഞ്ഞി വസന്തമാണ്. സഞ്ചാരികള്‍ ഇതറിഞ്ഞ് വന്നു തുടങ്ങുന്നതെയുള്ളൂ. മലമടക്കുകളില്‍ വ്യാപകമായി പൂത്തിട്ടില്ലെങ്കിലും മികച്ചൊരു കാഴ്ച തന്നെയാണിത്. ഇരവികുളം, പാമ്പാടുംചോല, സൈലന്റ്വാലി ദേശീയ ഉദ്യാനങ്ങള്‍, സത്യമംഗലം മലകള്‍, മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണ് പശ്ചിമഘട്ടമേഖലയിലെ തനത് സസ്യമായ നീലക്കുറിഞ്ഞി സാധാരണ പൂക്കാറുള്ളത്.
ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയിലെ വ്യൂ പോയിന്റിനു നേര്‍ എതിര്‍വശത്തായാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. രണ്ടും മാസം വരെ ഈ പൂക്കള്‍ വാടാതെ നില്‍ക്കും. മഴ തുടരുന്നതിനാല്‍ ഏറെ നാള്‍ ഈ മനോഹര കാഴ്ച കാണാനാകുമെന്നാണ് പരുന്തുംപാറയില്‍ നിന്നുള്ള നീലക്കുറിഞ്ഞി ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗര്‍ അഖില്‍ ഷാജി പറയുന്നത്. അഖിലിന്റെ മൗണ്ടന്‍ പൈറേറ്റ്‌സ് പേജില്‍ ഈ മനോഹര ദൃശ്യങ്ങള്‍ കാണാം.
പകല്‍ ഏതു സമയത്തും ഇവിടേക്ക് എളുപ്പമെത്താം. ജോസ് ഐലന്‍ഡ് റിസോട്ടിനു സമീപത്താണീ പ്രദേശം. ഉച്ചയ്ക്ക് മുമ്പ് തന്നെ ഇവിടെ എത്തുന്നവര്‍ക്ക് തെളിമയോടെ നീലക്കുറിഞ്ഞി പൂക്കള്‍ കണ്ടാസ്വദിക്കാം. വൈകീട്ട് മൂന്ന് മണിയോടെ പ്രദേശത്ത് കോടയിറങ്ങുന്നതിനാല്‍ കാഴ്ച മങ്ങാനിടയുണ്ടെന്നും അഖില്‍ പറയുന്നു. സംരക്ഷിത സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചെടി ആയതിനാല്‍ നീലക്കുറിഞ്ഞി പൂക്കളോ ചെടിയോ പറിക്കുന്നതും നശിപ്പിക്കുന്നതും മൂന്ന് വര്‍ഷം വരെ തടവും കാല്‍ ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.