തിരുവനന്തപുരം. തലസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം സ്റ്റേഷന്‍ തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. കൂടുതല്‍ റെയില്‍വേ വികസനം വരുന്നതോടെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലിന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളായി ഇനി നോര്‍ത്തും സൗത്തും മാറും. സെന്‍ട്രലില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരമാണ് കൊച്ചുവേളി, നേമം സ്റ്റേഷനുകളിലേക്കുള്ളത്.
തിരുവനന്തപുരം സെന്‍ട്രലില്‍ തിരക്കേറിയതു കാരണം നിലവില്‍ പതിനഞ്ചോളം ദീര്‍ഘദൂര ട്രെയിനുകളാണ് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. ഏഴായിരത്തോളം യാത്രക്കാരാണ് പ്രതിദിനം ഈ സ്റ്റേഷനിലെത്തുന്നതെന്നാണ് കണക്ക്. സംസ്ഥാനത്തിനു പുറത്ത് കൊച്ചുവേളി എന്ന സ്റ്റേഷന്‍ പേര് അത്ര പരിചിതമല്ല. ഇത് തിരുവനന്തപുരത്തിനു പുറത്താണെന്ന തെറ്റിദ്ധാരണയുമുണ്ട്. തിരുവനന്തപുരം നോര്‍ത്ത് എന്ന പുതിയ പേര് വന്നതോടെ ഈ ആശയക്കുഴപ്പത്തിന് പരിഹാരമാകും. നിലവില്‍ ഇവിടെ ആറ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. കൂടാതെ കോച്ച് കെയര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. പേരു മാറ്റത്തോടൊപ്പം കൊച്ചുവേളി, നേമം സ്റ്റേഷനുകളില്‍ കൂടുതല്‍ വികസനവും വരും.