താങ്ങാവുന്ന ചെലവിൽ ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷനായിരിക്കും സെക്കൻഡ് ഹാൻഡ് അല്ലെങ്കിൽ യൂസ്ഡ് വാഹനങ്ങൾ. യൂസ്ഡ് കാറുകൾ വാങ്ങുമ്പോൾ വലിയ നൂലാമാലകളില്ലാതെ ഇടപാടുകൾ വേഗം നടക്കും. പലപ്പോഴും വ്യക്തികൾ നേരിട്ടായിരിക്കും. ഫിനാൻസ് സഹായത്തോടെ നല്ല രീതീയിൽ യുസ്ഡ് കാറുകൾ വിൽക്കുന്ന ഷോറൂമുകളും ഇന്ന് വ്യാപകമാണ്.
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം സംഭവിക്കാം. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ വലിയ കരുതൽ വേണം. ചിലപ്പോൾ അപകടങ്ങൾക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസിൽ ഉൾപ്പെട്ട വാഹനങ്ങളാണെങ്കിൽ പണി കിട്ടുകയും ചെയ്യും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന സെക്കൻഡ് ഹാൻഡ് വാഹനം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ഉപഭോക്താക്കൾക്ക് തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കേരള പൊലീസിന്റെ തുണ (thuna.keralapolice.gov.in) വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്. തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വെഹിക്കിൾ എൻക്വറി റിപ്പോർട്ട് ലഭിക്കും.
ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക. ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ഷാസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും.