ജേക്കബ് കെ ഫിലിപ്പ്
അഞ്ചു കൊല്ലം മുമ്പ് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത വിടി-എഎൽവി, വിടി-എൽഡബ്ല്യൂ എന്നീ ബോയിങ് 777-337(ER) വിമാനങ്ങൾ അകവും പുറവും അഴിച്ചു പണിത്, K-7066, K-7067 എന്ന് പുനർ-റജിസ്ട്രേഷൻ നടത്തി, Air India One എന്ന കാൾ സൈനോടെ, പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വിമാനമായി 2020 ഒക്ടോബർ മുതൽ പറക്കുന്നതിൽ ഏറെ സന്തോഷമുള്ള ഒരു വിമാനത്താവളം ഇന്ത്യയിലുണ്ട്, നമ്മുടെ കണ്ണൂർ.
ഗോ ഫസ്റ്റ് പറക്കൽ നിർത്തിയതോടെ, ഇൻഡിഗോ എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ രണ്ടു വിമാനക്കമ്പനികൾ മാത്രം ഏതാനും സർവീസ് നടത്തുന്ന, നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന ഈ ‘രാജ്യാന്തര വിമാനത്താവളത്തിന്’ വർഷം പതിനൊന്നര രൂപ ലക്ഷത്തിലേറെ രൂപ കിട്ടുന്നുണ്ട്, ഈ രണ്ട് എയർ ഇന്ത്യ വൺ വിമാനങ്ങളിൽ നിന്ന്.
പ്രധാനമന്ത്രിയുടെയോ പ്രസിഡ്ന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ വിദേശരാഷ്ട്ര സന്ദർശനങ്ങൾ എപ്പോഴുണ്ടായാലും യാത്രയ്ക്ക് സുസജ്ജമായിരിക്കണമെന്നതിനാൽ, ഇടയ്ക്കിടെ പറന്നുകൊണ്ടേയിരിക്കേണം, ഈ വിമാനങ്ങൾക്ക്. പറക്കൽ യോഗ്യത ആനുകാലികമായി നിലനിർത്താൻ, എയർഫോഴ്സിൽ നിന്നു വന്ന പൈലറ്റുമാർക്കും വിദേശയാത്രാ ഇടവേളകളിലെ ടേക്കോഫും ലാൻഡിങ്ങും പറക്കലും ഒഴിച്ചുകൂടാനാവാത്തതുമാണ്.
പക്ഷേ, എവിടേക്കാണ് പറക്കുക?
പറന്നിറങ്ങുന്നതും ഉയരുന്നതും ബോയിങ് 777 ആയതിനാൽ റൺവേയ്ക്ക് മൂന്നു കിലോമീറ്ററോളം നീളം വേണം. സുരക്ഷാ കാരണങ്ങളാൽ, ഏറെ തിരക്കില്ലാത്ത വിമാനത്താവളമായാൽ നല്ലത്. വിമാനം സ്ഥിരമായി പാർക്കു ചെയ്തിട്ടുള്ള ഡൽഹിയിൽ നിന്ന് നല്ല ദൂരമുണ്ടെങ്കിൽ സന്തോഷം- അത്രയും പറക്കൽ പ്രാക്ടീസ് കിട്ടുമല്ലോ.
ഡെൽഹിയിൽ നിന്ന് 1850 കിലോമീറ്റർ അകലെയുള്ള കണ്ണൂർ, എയർ ഇന്ത്യാ വൺ വിമാനങ്ങളുടെ പ്രിയപ്പെട്ട പരിശീലനപ്പറക്കൽ വിമാനത്താവളമാകുന്നതും, രണ്ടു വിമാനവും ഒരു വർഷം ശരാശരി ആറു തവണ വീതം മട്ടന്നൂർ മൂർഖൻപറമ്പിലെ 3050 മീറ്റർ നിളമുള്ള റൺവേയിൽ ഇറങ്ങുന്നതിനും കാരണം കണ്ണൂരിനു നാലു കാശു കിട്ടിക്കോട്ടേ എന്ന സഹതാപമല്ല എന്നർത്ഥം.
ഇനി, മേൽപ്പറഞ്ഞ പതിനൊന്നര ലക്ഷത്തിന്റെ കണക്ക്:
ഒരു വിമാനം ഒരു വിമാനത്തവളത്തിലിറങ്ങി, കുറേ നേരം കഴിഞ്ഞ് തിരികെ പറന്നു പോകുന്നതിനു മാത്രം നാലു തരത്തിലുള്ള ഫീസുകളാണ് വിമാനത്താവള അധികൃതർക്കും, വ്യോമഗതാഗത നിയന്ത്രണം നടത്തുന്നവർക്കുമായി കൊടുക്കേണ്ടിയത്.
1. പറക്കൽപ്പാതയിൽ വ്യോമഗതാഗത നിയന്ത്രണം നടത്തുന്നതിനുള്ള റൂട്ട് നാവിഗേഷൻ ഫീ
2. വിമാനത്താവളത്തിനുള്ളിൽ വിമാനത്തിന്റെ ചലനങ്ങൾ നിയന്ത്ിക്കുന്നതിനുള്ള ടെർമിനൽ നാവിഗേഷൻ ഫീ
3. വിമാനം ഇറങ്ങുന്നതിനുള്ള ലാൻഡിങ് ഫീ
4. പാർക്കിങ് ഫീ
ആദ്യത്തേതു രണ്ടും വ്യോമഗതാഗത നിയന്ത്രണം നടത്തുന്ന ഏജൻസിക്കുള്ളതാണ്. (ഇന്ത്യയിലെല്ലായിടത്തുമെന്ന പോലെ കണ്ണൂരിലും ഇത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്). മൂന്നാമത്തേതാണ്, വിമാനത്താവളത്തിന്റെ ഉടമസ്ഥർക്ക്, അതായത്, കിയാലിന് കിട്ടുന്ന കാശ്. വർഷങ്ങളോളം ഇന്ത്യയിൽ എഎഐ വിമാനത്താവളങ്ങൾ മാത്രമായിരുന്നതിനാൽ, ലാൻഡിങ് ഫീ കണക്കാക്കുന്നതിനുള്ള മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നതും അവരാണ്. വിമാനത്തിന്റെ ഭാരത്തിന് അനുസരിച്ചാണ് ഈ ഫീസ് കൂടുകയോ കുറയുകയോ ചെയ്യുക.
നൂറു ടണ്ണിലേറെ ഭാരമുള്ള വിമാനങ്ങൾക്ക് 30,055 രൂപയും പിന്നെ അധികമുള്ള ഓരോ ടണ്ണിനും 438 രൂപ 20 പൈസയും- എന്ന നിരക്കിൻ പ്രകാരം, പരമാവധി ലാൻഡിങ് ഭാരം 251,290 കിലോഗ്രാമായ എയർഇന്ത്യ വൺ ഓരോ ലാൻഡിങ്ങിനും അടയ്ക്കേണ്ടിയ തുക 96350 രൂപ 28 പൈസ.
ഒരു മണിക്കൂർ വരെയുള്ള പാർക്കിങ് ചാർജായ 732 രൂപ കൊടുത്താൽ മതിയാകും എയർ ഇന്ത്യവണ്ണിനും- (എല്ലാത്തവണയും ആ നേരമാകും മുമ്പ് ടേക്കോഫ് ചെയ്യാറാണ് പതിവ്). അപ്പോൾ ഒരു വരവിന് കണ്ണൂർ വിമാനത്താവളാധികൃതർക്ക് ഒരു വിമാനം കൊടുക്കേണ്ടിയത് 97,082.28. ഒരു കൊല്ലത്തെ മൊത്തം ആറു വരവിന്, 582,493.68 രൂപ. ഈ രണ്ടു സർക്കാർ വിമാനങ്ങളിൽ നിന്നും കണ്ണൂരിന് വർഷാവർഷം പതിനൊന്നര ലക്ഷത്തിലേറെ (1,164,987.36) രൂപ കിട്ടുന്നു എന്നർഥം. (റൂട്ട് നാവിഗേഷൻ, ടെർമിനൽ നാവിഗേഷൻ ഫീസിനങ്ങളിലായി 36,579.37 രൂപയും എയർ ഇന്ത്യാ വൺ വിമാനങ്ങൾ കണ്ണൂരേയ്ക്കുള്ള ഓരോ പറക്കലിനും അടയ്ക്കണമെങ്കിലും അത് വാങ്ങുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്).
കഴിഞ്ഞ കൊല്ലം മാത്രം 139 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയ വിമാനത്താവളമാണ് കണ്ണൂരെന്നത് തൽക്കാലം മറക്കുക. പതിനൊന്നരലക്ഷമെങ്കിൽ, പതിനൊന്നര ലക്ഷം!
(Sourced from Jacob K Philip’s FB Wall)