വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സമയം പാലിക്കാത്ത വിമാനങ്ങളെ അറിയാം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. പക്ഷെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതില്‍ കാര്യമായ പുരോഗതിയൊന്നുമില്ല. യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കുകളും വര്‍ധിക്കുന്നുണ്ടെങ്കിലും പ്രമുഖ വിമാന കമ്പനികളൊന്നും സമയനിഷ്ഠ പാലിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ സ്‌പൈസ് ജെറ്റാണ് ഇക്കാര്യത്തില്‍ വളരെ മോശം നിലയിലുള്ളത്. മേയ് മാസത്തില്‍ മുംബൈ, ദല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് സര്‍വീസുകളില്‍ 61 ശതമാനം മാത്രമാണ് ഷെഡ്യൂള്‍ പ്രകാരമുള്ള കൃത്യ സമയത്ത് പറന്നുയര്‍ന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപോര്‍ട്ട് പറയുന്നു. ഏപ്രിലില്‍ 70 ശതമാനമായിരുന്നത് വീണ്ടും മോശം നിലയിലേക്ക് താഴ്ന്നു. 250ഓളം പ്രതിദിന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണിതെന്നോര്‍ക്കണം.

ഇക്കൂട്ടത്തില്‍ സ്‌പൈസ് ജെറ്റ് മാത്രമല്ല, ടാറ്റയുടെ സ്വന്തം എയര്‍ ഇന്ത്യയുമുണ്ട്. സമയനിഷ്ഠ റാങ്കില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എയര്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 82.5 ശതമാനം എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് സമയം പാലിച്ചത്. ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ ആണ് സമയനിഷ്ഠയില്‍ മുന്നില്‍. 92.6 ശതമാനം സര്‍വീസുകളും കൃത്യ സമയം പാലിച്ചു. ചെറിയ കമ്പനിയായത് കൊണ്ട് സര്‍വീസുകളും കുറവാണ്. നിലവില്‍ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ സമയനിഷ്ഠയില്‍ രണ്ടാം സ്ഥാനത്താണ്. 90.3 ശതമാനം ഇന്‍ഡിഗോ സര്‍വീസുകളും സമയം പാലിച്ചു. എയര്‍ ഇന്ത്യയുടെ സഹോദര കമ്പനികളായ വിസ്താര (89.5) മൂന്നാം സ്ഥാനത്തും എയര്‍ ഏഷ്യ (82.5) നാലാം സ്ഥാനത്തുമുണ്ട്.

കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യന്‍ വ്യോമയാന മേഖല കുതിപ്പിലേക്ക് തിരിച്ചെത്തിയതാണ് ഈ സമയം വൈകലുകള്‍ക്ക് ഒരു കാരണമായി പറയപ്പെടുന്നത്. കടുത്ത മത്സരവുമുണ്ട്. സ്‌കൂള്‍ അവധിക്കാലമായ മേയ്, ജൂണ്‍ മാസങ്ങളില്‍ യാത്രകള്‍ വര്‍ധിക്കുന്നതും ഒരു കാരണമാണ്. നിരവധി സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റ് (ഗോ എയര്‍) പ്രതിസന്ധിയെ തുടര്‍ന്ന് മേയില്‍ സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചതോടെ അവയുടെ റൂട്ടുകളിലും തിരക്കേറി. ഇതും മറ്റു സര്‍വീസുകളെ ബാധിച്ചു.

അതേസമയം യാത്രക്കാരുടെ എണ്ണം മുകളിലോട്ട് തന്നെ കുതിക്കുകയാണ്. ഏപ്രിലിനെ അപേക്ഷിച്ച് മേയ് മാസം 15 ശതമാനം യാത്രക്കാരാണ് വര്‍ധിച്ചത്. 13.2 ലക്ഷം പേരാണ് മേയില്‍ വിമാന യാത്ര നടത്തിയത്. യാത്രക്കാരുടെ എണ്ണം പൊടുന്നനെ വര്‍ധിക്കുന്നത് വിമാന കമ്പനികള്‍ക്ക് മാനേജ് ചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിരവധി വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാരണമായിട്ടുണ്ട്. ഇതുകാരണം സര്‍വീസ് വിപുലപ്പെടുത്താന്‍ വിമാന കമ്പനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ വിമാനയാത്രക്കാര്‍ വഴിയില്‍ കുടുങ്ങുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.

Legal permission needed