റാസ് അൽ ഖൈമ. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ജെയ്സിലെ സാഹസിക വിനോദ റൈഡുകൾ ഈ വേനൽ അവധി സീസണിൽ പൂർണമായും പ്രവർത്തിക്കും. ജെയ്സ് അഡ്വഞ്ചർ പാർക്ക്സിന്റെ ഭാഗമായ സിപ് ലൈൻ, സ്കൈ ടൂർ, ടൊബോഗൻ റൈഡ് എന്നിവയ്ക്ക് പരിമിതകാല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈൻ, ജെയ്സ് ഫ്ളൈറ്റ് എന്നിവയ്ക്ക് 20 ശതമാനമാണ് ഇളവ് നൽകുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും ദൈർഘ്യമേറിയ ടൊബോഗൻ റൈഡായ ജയ്സ് സ്ലെഡറിന് 10 ശമതാനവും ഇളവ് ലഭിക്കും.
സെപ്തംബർ 15 വരെ ജയ്സ് ഫ്ളൈറ്റും സ്കൈ ടൂറും ബുധൻ മുതൽ ഞായർ വരെ രാവിലെ 10 മണി മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കും. ചെങ്കുത്തായ മലനിരകൾക്കിടയിലൂടെ 160 കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈൻ മികച്ച സാഹസികാനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുക. 337 മീറ്റർ മുതൽ 1 കിലോമീറ്റർ വരെ നീളമുള്ള ആറ് സിപ് ലൈനുകളാണ് ഇവിടെയുള്ളത്.
ജയ്സ് സ്ലെഡർ ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രവർത്തിക്കുക. വാരാന്ത്യങ്ങളിൽ രാവിലെ 11 മുതൽ ആരംഭിക്കും. എട്ടു മിനിറ്റ് സമയമെടുക്കുന്ന ഈ റൈഡിന്, ഹജർ പർവ്വതനിരകളുടെ താഴേക്ക് പതിക്കുമ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും.
വേനൽ അവധി സീസണിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് റാക് ലെഷറിന്റെ (RAK Leisure) ഉടമസ്ഥതയിലുള്ള ജയ്സ് അഡ്വഞ്ചർ പാർക്സ് (Jais Adventure Parks). സാഹസിക വിനോദ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഇവിടെയുള്ള റൈഡുകൾ. കൊടും ചൂടാണെങ്കിലും പർവ്വതനിരകൾക്കു മുകളിലെ ഇളം തണുപ്പാണ് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്ന മറ്റൊരു ഘടകം.