MODI GOES SNORKELLING ചിത്രങ്ങൾ കണ്ട് ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാവുന്ന സാഹസിക ജലവിനോദങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ച ലക്ഷദ്വീപ് കടലില്‍ നടത്തിയ സ്‌നോര്‍ക്കലിങ് ചിത്രങ്ങള്‍ അദ്ദേഹം തന്നെ പങ്കുവച്ചതോടെയാണിത്. മാലിദ്വീപ് പോലെ മനോഹരമായ കടല്‍തീരങ്ങളും സാഹസിക ജലവിനോദങ്ങളും നമ്മുടെ സ്വന്തം ലക്ഷദ്വീപിലും ഉണ്ട്. വിദേശങ്ങളിലേക്ക് പോകുന്നതിന്റെ ചെലവില്ലാതെ ഇത് ഇവിടേയും സാധ്യമാണ്. ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് ചെയ്യാവുന്ന സാഹസിക ജലവിനോദങ്ങളെ (watersports in Lakshadweep) അറിയാം.
സ്‌നോര്‍കെലിങ്
വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ഒരു ജലവിനോദമാണിത്. കൂടുതല്‍ ഉപകരണങ്ങളൊന്നുമില്ലാതെ കടലില്‍ ചെറുതായി മുങ്ങി കടലിനടിയിലെ വിസ്മയങ്ങള്‍ നേരിട്ടു കാണാം സ്‌നോര്‍കെലിങ് അവസരമൊരുക്കും. സമുദ്രനിരപ്പില്‍ നിന്ന് നാലു മീറ്റര്‍ വരെ ആഴത്തിലാണ് മുങ്ങുക. വെള്ളത്തിനിടിയിലായിരിക്കുമ്പോള്‍ ശ്വസിക്കാന്‍ സഹായിക്കുന്ന ഒരു വളഞ്ഞ ട്യൂബ് മാസ്‌കായ സ്‌നോര്‍ക്കല്‍ ധരിച്ചുവേണം മുങ്ങാന്‍. ഈ ട്യൂബിലൂടെ അന്തരീക്ഷവായു തന്നെയാണ് ശ്വസിക്കുക. മൂക്കിനേയും മുഖത്തേയും സംരക്ഷിക്കുന്നതിന് സ്‌നോര്‍ക്കലിങ് മാസ്‌കുകള്‍ വെള്ളത്തിനടിയിലെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ സഹായിക്കുന്നു. നീന്താന്‍ സഹായിക്കുന്ന ഡൈവിങ് ഫിനുകളും കാലില്‍ ധരിക്കും. ബീച്ചുകളില്‍ വിവിധ തരം സ്‌നോര്‍ക്കെലിങ് പാക്കേജുകള്‍ ലഭ്യമാണ്. നമ്മുടെ ബജറ്റിനസുരിച്ച് ഇവ തിരഞ്ഞെടുക്കാം.
സ്‌കൂബ ഡൈവിങ്
ലക്ഷദ്വീപിലെ ബങ്കാരം, കടമത്ത് ദ്വീപുകളിലെ റിസോട്ടുകളില്‍ സ്‌കൂബ ഡൈവിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ധരിച്ച് കടലില്‍ ആഴത്തില്‍ മുങ്ങി വിസ്മയ കാഴ്ചകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ഒരു ജലകായികാഭ്യാസമാണിത്. വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യാനും ഫ്രീയായി നീന്താനും കഴിയും. ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കും ഡൈവിങ് ഫിനുമെല്ലാം ധരിച്ചുള്ള മുങ്ങലായതിനാല്‍ കടലിനടിയില്‍ ഏറെ സമയം ചെലവിടുകയും യഥേഷ്ടം നീന്തുകയും ചെയ്യാമെന്നാണ് സ്‌കൂബ ഡൈവിങിന്റെ പ്രത്യേകത. ഈ അഭ്യാസത്തിന് പരിശീലനം ആവശ്യമാണ്. സ്‌കൂബ ഡൈവിഹ് കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിക്കും. അല്‍പ്പം ചെലവുള്ള വിനോദം കൂടിയാണിത്. എങ്കിലും ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ടതു തന്നെ.
പാരാസെയിലിങ്
പാരച്യൂട്ടില്‍ പറക്കുന്നതു പോലെ ബീച്ചില്‍ പറക്കുന്ന ഒരു വിനോദമാണ്. പാരാകൈറ്റിങ്, പാരാസ്‌കീയിങ്, പാരാസന്‍ഡിങ് എന്നും ഈ വിനോദത്തിനു പറയും. ചെറിയ പാരാച്യൂട്ട് ജെറ്റ് ബോട്ടിനു പിറകില്‍ ബന്ധിപ്പിച്ചാണ് ഇതു പറപ്പിക്കുന്നത്. ബോട്ട് മുന്നോട്ടു കുതിക്കുന്നതിനനുസരിച്ച് പാരാച്യൂട്ട് വിടര്‍ന്ന് മുകളിലേക്ക് ഉയരുന്നു. ലക്ഷദ്വീപില്‍ എല്ലായിടത്തും പാരാസെയിലിങ് ഉണ്ട്. കടലിനു മുകളിലൂടെ ഉയരത്തില്‍ പറന്ന് സുന്ദരമായ ദ്വീപിലെ ബീച്ചുകളുടെ ആകാശദൃശ്യം കാണാന്‍ പാരാസെയിലിങ് അവസരമൊരുക്കുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു സാഹസിക വിനോദമാണിത്.
കയാക്കിങ്
കയാക്ക് എന്നു വിളിക്കുന്ന ഒരു കൊച്ചു തോണി വെള്ളത്തിലൂടെ തുഴയുന്ന വിനോദമാണ് കയാക്കിങ്. ഇതൊരു ജലകായിക മത്സര ഇനം കൂടിയാണ്. മുകളിലിരിക്കാവുന്നതും ഇറങ്ങി ഇരിക്കാവുന്നതുമായ രണ്ടു തരം കയാക്കുകള്‍ ഉണ്ട്. തുടക്കക്കാര്‍ക്ക് സിറ്റ് ഓണ്‍ ടോപ്പ് ഇനത്തിലുള്ള, മുകളിലിരുന്ന് തുഴയുന്ന കയാക്കിങ് ആണ് എളുപ്പം. വളരെ ലളിതമാണിത്.
ഫിഷിങ്
മീന്‍ പിടിക്കല്‍ ആസ്വദിക്കുന്ന സഞ്ചാരികള്‍ ഏറ്റവും മികച്ചയിടമാണ് ലക്ഷ്ദ്വീപ്. ഫിഷിങ് ഉപകരണങ്ങളുമായി കടലില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാവുന്ന ഒട്ടേറെ ഇടങ്ങളില്‍ ഇവിടെയുണ്ട്. ഉപകരണങ്ങള്‍ക്കു പകരം പരമ്പരാഗത മീന്‍ പിടുത്ത രീതികളും പരീക്ഷിക്കാം.