✍🏻 ഫാസിൽ സ്റ്റാൻ
വായനയിലൂടെയാണ് ഞാൻ ഓരോ സ്ഥലങ്ങളും പരിചയപ്പെടുന്നത്. വർഷങ്ങൾക് മുൻപ് സായ് ബ്രോയുടെ ‘ആ യാത്രക്കൊടുവിൽ’ എന്ന കഥ വായിച്ചതിനു ശേഷം പരിചയപ്പെട്ട സ്ഥലം ആയിരുന്നു മാഥേരാൻ. നായകനും മേബിളും കൂടെ മാഥേരാനിലേക്ക് ബുള്ളറ്റിൽ പോകുന്ന യാത്രയാണ് കഥയുടെ സാരാംശം. അവിടെ കണ്ടു വരുന്ന ഒരു പ്രതേകതരം പൂവ് ഉണ്ട് ‘വൈഷ്ണവകമലം.’ അതിനെപറ്റി ഗവേഷണം നടത്താനാണ് മേബിൾ കഥനായകനെയും കൂട്ടി ഈ യാത്രക്ക് തയ്യാറായത്. മേബിൾ ഡൽഹിയിൽ ഫ്ളോറികൾചറിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കഥ വായിച്ചതു മുതൽ ഒരിക്കൽ എനിക്കും എന്റെ മേബിളിനെയും കൂട്ടി മാഥേരാനിൽ പോകണം എന്ന് ആഗ്രഹം മനസ്സിലുദിച്ചിരുന്നു. അങ്ങനെ ആ യാത്രയ്ക്ക് സമയവും സാഹചര്യങ്ങളും ഒത്തുവന്നു.
കുറ്റിപ്പുറത്തു നിന്നും ഞാനും മേബിളും തുടങ്ങിയ ട്രെയിൻ യാത്ര ഒരു ദിവസം പിന്നിട്ടു പൻവേലിൽ അവസാനിച്ചു. അപ്രതീക്ഷിതമായി സ്റ്റേഷനിൽ നിന്നും എന്റെ സുഹൃത്ത് ഇല്ലുംറ്റിയെ കണ്ടുമുട്ടി. ഇല്ലുംറ്റി മാഥേരാൻ കാണാൻ വന്നതാണ്. അങ്ങനെ ഞങ്ങൾ മൂന്ന് പേരടങ്ങുന്ന സംഘമായി. ഞങ്ങൾ സ്റ്റേഷൻ വിട്ട് ബസ് സ്റ്റാൻഡിലെത്തി കർജത്തിലേക്കുള്ള ബസ് തിരക്കി. ബസ് കയറാൻ ക്യു നിൽക്കണം. പൻവേലിൽ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട്. വൈകീട്ട് നാലിനു കർജത്തിൽ നിന്നും മാഥേരാനിലേക്ക് നേരിട്ടുള്ള ബസ് കിട്ടി. വീണ്ടും ഒരു മണിക്കൂർ യാത്ര. ഇടയ്ക്ക് നേരാൾ എന്ന ഒരു സ്റ്റോപ്പും ഉണ്ട്. കർജത്തിൽ നിന്ന് അവിടേക്ക് ട്രെയിനും ലഭ്യമാണ്.
നേരാൾ പിന്നിട്ടാൽ പിന്നെ നല്ല കാഴ്ചകളാണ്. പാതയിലുടനീളം ഇരുവശവും പച്ചപ്പുതച്ച മല നിരകൾ. പിന്നീട് ചുരം തുടങ്ങുകയാണ്. പുറത്ത് അതിശക്തമായ മഴ. വെള്ളച്ചാട്ടം പോലെ മഴവെള്ളം മലമുകളിൽ നിന്നും റോട്ടിൽ പതിക്കുന്നു. അത് ഒരു കാഴ്ച തന്നെയാണ്. ഒരു സഹസികത നിറഞ്ഞ ബസ് ഡ്രൈവ്. ബസ് മാഥേരാനിലെ പാർക്കിംഗ് പോയിന്റിൽ എത്തി. ഞങ്ങൾ ഇറങ്ങി. ഇതുവരെ മാത്രമെ വാഹനങ്ങൾക്കു പ്രവേശനമുള്ളൂ. ബാക്കി ഗ്രാമത്തിലേക്ക് നടക്കണം.
മാഥേരാനിലേക്ക് പ്രവേശിക്കാൻ ഫീ ഉണ്ട്. ഒരാൾക് 50 രൂപ. പാസ് എടുത്ത് നടന്നാൽ പിന്നെ മറ്റൊരു ലോകമായി. വാഹനങ്ങളും ശബ്ദങ്ങളും ഇല്ലാത്ത ലോകം. നേരെ കാണുന്നത് അമൻ ലോഡ്ജ് റെയിൽവേ സ്റ്റേഷൻ. അവിടുന്ന് റെയിൽവേ പാളത്തിൽ കൂടെ നടന്നാൽ മാഥേരാൻ റയിൽവേ സ്റ്റേഷനിൽ എത്തും. സമയം വൈകുന്നേരം ആറു മണി. നല്ല കോട. ഇരുണ്ട കാട്. ഒരു സൈഡ് വ്യൂ പോയിന്റ്. നടത്തം മാഥേരാനിൽ അവസാനിപ്പിച്ചു. അവിടെ 500 രൂപക്ക് രണ്ട് റൂം രണ്ടു ദിവസത്തേക്ക് എടുത്തു. ഒന്നു ഫ്രഷ് ആയി വന്നു ദാലും കഴിച്ചു അന്നത്തെ ദിവസം അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ എട്ടു മണിക്ക് പുറത്തേക്കിറങ്ങിയപ്പോഴാണ് മാഥേരാൻ എന്ന ഗ്രാമം ശരിക്കും കാണാൻ കഴിഞ്ഞത്. ടൈം ട്രാവൽ ചെയ്ത് പഴയൊരു കാലഘട്ടത്തിലെത്തിയ പോലെ ഒരനുഭവം. കുതിരവണ്ടി, കുതിരകൾ, മനുഷ്യർ വലിക്കുന്ന റിക്ഷ, തീവണ്ടി. സൈക്കിൾ പോലും നിരോധിച്ച നാടാണിത് എന്നോർക്കണം! ഇതെല്ലാം ഒരു പ്രത്യേക കാഴ്ചകൾ തന്നെയാണ് പുതുതലമുറക്ക്.
രാവിലെ മാഗിയും കഴിച്ചു മാഥേരാൻ സ്റ്റേഷനിലേക്ക് നടന്നു. തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. അതുമാത്രമാണ് മലയുടെ മുകളിൽ ഉള്ള ഈ ഗ്രാമത്തിൽ നിന്നും കേട്ട ഉച്ചത്തിൽ ഉള്ള ഏക ശബ്ദം എന്ന് വേണമെങ്കിൽ പറയാം.
ടോയ് ട്രെയ്ൻ (Mountain Train) സർവീസ് ആണ്. ഇന്നത്തെ ആദ്യ യാത്ര തുടങ്ങുകയാണ്. ടിക്കറ്റ് ഒരാൾക്കു 15 രൂപ. മാഥേരാൻ-അമൻ ലോഡ്ജ് ആണ് റൂട്ട്. Up and down ആയി ട്രെയിൻ ഓടുകയാണ്. രണ്ട് കിലോമീറ്ററാണ് ഇതിനിടയ്ക്കുള്ള ദൂരം. വലിയ കാഴ്ചകൾ പൊതുവെ ഇല്ലെങ്കിലും ആകെ ഉള്ളത് ഒരു വ്യൂ പോയിന്റാണ്.
അമൻ ലോഡ്ജിൽ ട്രെയിനിറങ്ങി. പെബ് ഫോർട്ടിലേക്ക് ട്രെക്കിങ് ആരംഭിച്ചു. റെയിൽവേ പാളത്തിലൂടെ വെച്ച് പിടിച്ചാൽ മതി. ഈ റൂട്ടിൽ നല്ല കാഴ്ചകൾ ഉണ്ട്. മലയുടെ മുകൾ വശത്തുകൂടെ ആണ് റെയിൽവേ പോകുന്നത്. താഴെ ഒരു ഗണപതി അമ്പലം കാണാം. അവിടെ ഗണപതിയുടെ ഒരു കൂറ്റൻ കളർ ചിത്രം. ദൂരെന്ന് നോക്കുമ്പോൾ ഒരു പ്രതിമ പോലെ തോന്നും. ചിലഭാഗങ്ങളിൽ കൊത്തുപണികൾ ഉണ്ട്. അമ്പലത്തിലേക്ക് ഇറങ്ങി വലതു തിരിഞ്ഞാൽ പെബ് ഫോർട്ട് ട്രക്ക് പാതയായി. വലിയ കാഴ്ചകൾ തോന്നിക്കാത്തതിനാൽ പെട്ടെന്ന് തിരിച്ചു.
റെയിൽവേ പാളത്തിലൂടെ നടത്തം തുടർന്നു. ‘ആ യാത്രക്കൊടുവിൽ’ മേബിൾ ഇടയ്ക്ക് പൂക്കൾ പറിക്കുന്നതുപോലെ എന്റെ മേബിളും പൂക്കൾ പറിച്ചിരുന്നു. ഞാൻ അത് ഇപ്പോഴാ ശ്രദ്ധിച്ചേ. പൂക്കൾ ഒരു ബൊക്കയാക്കി മേബിൾ തന്റെ ഹാൻഡ് ബാഗിൽ തൂക്കി നടക്കുകയാണ്. കാണാൻ നല്ല ചന്തം.
അമൻ ലോഡ്ജ് വഴി മാഥേരാനിലേക്ക്. ഇടയ്ക് മാങ്ങയും മസാലയും തിന്നുകൊണ്ട് വിശപ്പടക്കികൊണ്ടിരുന്നു. വഴിയിൽ കണ്ട ഗാർബറ്റ് പോയിന്റിൽ ഇറങ്ങി ഫോട്ടോ എടുത്തു. മാഥേരാൻ സ്റ്റേഷൻ കഴിഞ്ഞു പോസ്റ്റ് ഓഫീസ്. അവിടെ പോയി കുറച്ചു സുഹൃത്തുക്കൾക്ക് കാത്തുക്കളെഴുതി പോസ്റ്റ് ചെയ്തു. പിന്നീടാങ്ങോട്ട് മഴ, പെരുമഴ. വൈകുന്നേരം അഞ്ചായി കാണും. അന്നത്തെ യാത്ര അവസാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ റൂം വെക്കേറ്റ് ചെയ്തു നടത്തം ആരംഭിച്ചു. മാഥേരാൻ റെയിൽവേ സ്റ്റേഷൻ, കുതിരകൾ, ഉന്തുവണ്ടികൾ എല്ലാം കൂടെ 1800 കാലഘട്ടം. ബ്രിട്ടീഷുകാർ 1850ൽ ഇവിടെ ഒരു ചെറിയ ടൗണായി ഉയർത്തികൊണ്ടുവന്നതാണ്.
ഞാൻ ബിബിസിയുടെ പീകി ബ്ലൈൻഡേഴ്സ് സീരീസ് കണ്ടുകൊണ്ടിരിക്കുന്ന സമയം. സീരീസിൽ 1800 ഇലെ ബിർമിങ് ഹാമിലെ ഒരു സംഘത്തിന്റെ കഥയാണ് പീകി ബ്ലൈൻഡേഴ്സ്. ഞാൻ പീകി ബ്ലൈൻഡേഴ്സ്നെ പോലെ കുതിരയുടേയും ട്രെയിനിന്റെയും പഴയ കെട്ടിടങ്ങളുടെയും അടുത്ത് പോയി ഫോട്ടോ എടുക്കുമ്പോൾ മേബിൾ എന്നെ കളിയാക്കി കൊണ്ടിരുന്നു.
ഞങ്ങൾ നടത്തം തുടർന്നു. ഇടയ്ക്കിടെ കമ്പവും മാങ്ങയും മസാല ചായയും അടിച്ചു കോടയിൽ പൊതിഞ്ഞ ഗ്രാമത്തിലൂടെ… മേബിൾ ആദ്യായിട്ടാണ് ഇത്രേം ദൂരം വരുന്നത്. അതും എന്റെ കൂടെ ബാക്പാക്ക് ആയിട്ട്. മേബിളിനു യാത്ര നന്നേ ബോധിച്ചു.
മാഥേരാനിലെ ചരക്ക് ഗതാഗതവും ഉന്തുവണ്ടികളിലാണ്. പിന്നെ ആളുകൾ ചുമന്നും പോകുന്നത് കാണാം. ഈ ഗ്രാമത്തിൽ മുപ 30 ഓളം വരുന്ന വ്യൂ പോയിന്റുകൾ ഉണ്ട്. രണ്ടു ദിവസം കൊണ്ട് എല്ലാം മുഴുവനായും കാണാവുന്നതാണ്. ലൂസിയ, ഇക്കോ, സൺസെറ്റ്, വൺ ട്രി, ലോർഡ്സ്, പനോരമ അങ്ങനെ നീളുന്നു… നടന്നും കുതിരസവാരിയിലും എത്തിച്ചേരാവുന്നതാണ് ഇവിടെയെല്ലാം.
എംടിയുടെ മഞ്ഞിലെ നൈനിറ്റാൽ പോലെയാണ് മഹാരാഷ്ട്രയിലെ മാഥേരാൻ. ആർക്കും പ്രണയം തോന്നിപോകുന്ന ഗ്രാമം. ശബ്ദ കോലാഹലങ്ങളില്ലാതെ ശാന്തമായ മാഥേരാൻ എന്ന മലമുകളിലെ ഈ ഗ്രാമത്തിലൂടെ ഞാനും മേബിളും പൂക്കൾ പെറുക്കി കോടപുതച്ച മൺപാതയിലൂടെ കൈകോർത്തു നടക്കുകയാണ്…
അവിടത്തെ പഴയ ബംഗ്ലാവ്കൾ എങ്ങനെ മെൻഷൻ ചെയ്യാൻ തോന്നിയില്ല