Kashmir Great Lakes 6: സത്സർ – സാജ് പാസ് – ഗംഗാബൽ

✍🏻 ജയകുമാരി വിജയൻ

ഹിമാലയൻ ട്രെക്ക്/ 2022 August 26/ സത്സർ – സാജ് പാസ് – ഗംഗാബൽ/ ഉയരം: 12,000 അടി – 13,000 – 15,000 അടി/ ദൂരം: 11 കിലോമീറ്റർ

കാശ്മീർ ഗ്രേറ്റ് ലേക്‌സ്‌ ട്രെക്കിൽ ആകെ മൂന്നു പാസുകൾ ആണുള്ളത്. നിച്ചനായി, ഗദ്സർ പിന്നെ ഇനി കയറാനുള്ള സാജ്. മൂന്നെണ്ണത്തിലും താരതമ്യേനെ ഉയരം കുറവുള്ള സാജ് ഏകദേശം 13000 അടി ഉയരത്തിലാണ്.

തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്നു തുടങ്ങുന്നത് പാറകളിലേക്കാണ്. ഒന്നരകിലോമീറ്ററുകളോളം മലഞ്ചെരുവിൽ കൂട്ടമായി കിടക്കുന്ന പാറകൾ. ബോൾഡറുകൾ എല്ലാവരെയും പല രീതിയിലാണ് പരീക്ഷിക്കുക. ചിലരത് അനായാസമായി പിന്നിടും. കൃത്യമായ കാൽവെപ്പുകളോടെ അവർ പാറകളിൽ നിന്ന് പാറകളിലേക്ക് ഒഴുകുന്നത് കാണാൻ തന്നെ രസമാണ്. മറ്റു ചിലർക്ക് അതൊരു ‘ഹെർക്യൂലെൻ ടാസ്‌കും’! കൈയും കാലും കൊണ്ട് അള്ളിപിടിച്ചും, തൂങ്ങിയും ആണ് നീങ്ങാൻ പറ്റുക. എന്നെ സംബന്ധിച്ചിടത്തോളം പ്രഷർ കൂട്ടിയ ഒരു ഏരിയ ആണത്. പലയിടത്തും പാറകൾ ചുമൽ തൊട്ടു നിൽക്കുന്നു. ഉയരം കാലിലെ വിറയലും കൂട്ടുന്നുണ്ട്. ദേവി സിങ് പറഞ്ഞ പോലെ മനസ്സാനിധ്യം ആണ് 70% നമ്മളെ മുൻപോട്ട് നയിക്കുന്നത്, ബാക്കി മാത്രമാണത്രെ ശാരീരികക്ഷമത. ശരിയാണ്. അംഗഭംഗം സംഭവിച്ചവർ എവറസ്റ്റ് കയറുന്നതും ആഗ്രഹം ഉണ്ടായിട്ടും ആരോഗ്യമുള്ളവർ പിന്മാറുന്നതിന്റെയും ഒരേ ഒരു ഘടകം മനസ്സുമാത്രമാണ്!

ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ബോൾഡർ കടന്നു, ഉയരമുള്ള ഒരു പാറക്കെട്ടിലെത്തി വിശ്രമിച്ചു. കുതിരക്കാർ പാറകൾ ഒഴിവാക്കി അടിവാരത്തുകൂടി നടന്നു കുത്തനെ ഉള്ള കയറ്റം കയറി വരുന്നുണ്ട്. ചെറിയ വിശ്രമത്തിനു ശേഷം വീണ്ടും നടന്നു.

തെളിഞ്ഞു തന്നെ നിൽക്കുന്ന ആകാശം. അതിമനോഹരമായ ദൂരെക്കാഴ്ചകൾ. അകന്നുപോകുംതോറും നീലിമ കൂടി ആകാശത്തിൽ അലിയുന്ന മലമടക്കുകളും, അവയിലൂടെ ചിതറി പറക്കുന്ന മേഘങ്ങളും കൂടി ഒരുക്കുന്ന അംതിഗംഭീര ഫ്രേമുകൾ. സാജ് പാസ്സിലേക്കാണ് കയറ്റം. കുത്തനെ ഉള്ള കയറ്റം കഴിഞ്ഞു പുൽപ്പരപ്പിലേക്കെത്തി. ഉയരത്തിലായി മതിൽ പോലെ മലയുടെ ഉച്ചി. അവിടേക്കാണ് നടന്നു കയറുന്നത്. അതാകാം സാജ് പാസ്. അവിടെ ആളുകൾ നിരയായി നില്കുന്നത് കാണുന്നുണ്ട്. ചിലർ ഓടുകയും, കൂവി വിളിക്കുകയും ചെയ്യുന്നുണ്ട്. അതിനപ്പുറമുള്ള കാഴ്ചകളെ പറ്റി എനിക്ക് ധാരണ ഉണ്ടായിരുന്നില്ല. അതിവിശാലമായ പുൽപ്പരപ്പ് നടന്നു കയറാൻ സമയമെടുക്കുന്നുണ്ട്. ഏഴരക്ക് തുടങ്ങിയ യാത്ര ഇപ്പോൾ ഏകദേശം രണ്ടര മണിക്കൂർ പിന്നിട്ടു. വഴിയിൽ അവിടവിടെ ആയി കുതിരകളുടെ പകുതിയും മുഴുവനായും ജീർണ്ണിച്ച മൃതശരീരങ്ങൾ കണ്ടിരുന്നു.

Also Read Kashmir Great Lakes 5: ഗഡ്‌സറിൽ നിന്ന് സത്സറിലേക്ക്

പുൽപ്പരപ്പിന്റെ ഒടുവിലായി ഒരു കയറ്റമാണ്. സിങ് സാഗ്‌ രീതിയിൽ കയറിക്കൊണ്ടിരിക്കെ ചെറുതായി മടുപ്പ് തോന്നുന്നുണ്ട്. പക്ഷെ, ഒടുവിലത്തെ കയറ്റവും കയറി ഞാൻ ചെല്ലുന്നത് ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു കാഴ്ചയിലേക്കായിരുന്നു.

മഞ്ഞു കിരീടം വച്ച് നിൽക്കുന്ന ഹർമുഖ് കൊടുമുടിയും, കീഴെ നീല കലർന്ന പച്ച നിറത്തിൽ ശാന്തമായി കിടക്കുന്ന ഗംഗാബൽ – നന്ദുകോൽ ഇരട്ടത്തടാകങ്ങളും, മേഘപ്പരപ്പും. കുറച്ചു നിമിഷങ്ങൾ അതിശയത്തോടെ വായ്പൊളിച്ചു നിന്നുപോയി! ഇത്ര മനോഹരമായ കാഴ്ചയിലേക്കായിരുന്നു നടന്നു കയറിക്കൊണ്ടിരുന്നത് എന്ന ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല.

മേഘങ്ങളും കാറ്റും കൂടി മത്സരിച്ചുകൊണ്ട് ആ കാഴ്ചയെ മറച്ചും, തെളിച്ചും ദൃശ്യങ്ങളുടെ ഒരു വിരുന്നു തന്നെ ഒരുക്കി പ്രകൃതി. അത് നോക്കി നിൽക്കുക തന്നെ ആവേശകരമായിരുന്നു. എനിക്ക് ഈ ട്രെക്കിലെ ഏറ്റവും മനോഹരമായ അനുഭവമായി തോന്നിയത് ഈ കാഴ്ച ആണ്.

ഞാൻ വെറുതെ തിരിഞ്ഞു നോക്കി. കിതപ്പോടെ കയറിവരുന്നവർ എല്ലാം ഒരു നിമിഷം അന്തം വിടുന്നു, അടുത്ത നിമിഷം ആവേശ ഭരിതർ ആകുന്നു. എത്ര ഫോട്ടോ എടുത്തിട്ടും മതിവരാത്തതുപോലെ ആളുകൾ പാഞ്ഞു നടക്കുന്നു. അധിക നേരം അവിടെ നില്ക്കാൻ ഗൈഡുകൾ സമ്മതിച്ചില്ല. തടാകങ്ങളിൽ ഒന്നായ നന്ദുകോലിന്റെ അരികിലായിട്ടാണ് ഇന്ന് തമ്പടിക്കുക. ആ ദൂരമത്രയും ഈ കാഴ്ച മതിവരുവോളം കണ്ടുകൊണ്ട് തന്നെ ഇറങ്ങാം.

ഗംഗാബൽ തടാകം ലക്‌ഷ്യം വച്ചുകൊണ്ട് ഞങ്ങൾ ഇറങ്ങിത്തുടങ്ങി. കുത്തനെ ഉള്ള ഇറക്കം. ഓരോ ചുവടും ശ്രദ്ധിക്കണമെന്ന് സാരം. കാലുകൾ ചെരിച്ചു വച്ച് ബാലൻസ് ചെയ്താണ് ഇറങ്ങുക. പരസ്പരം കൈ കൊടുത്തും പാറകളിൽ പിടിച്ചും, ചിലയിടത്ത് നിരങ്ങിയും ആ ഇറക്കം മെല്ലെ തീർത്തുകൊണ്ടിരുന്നു.

Also Read Kashmir Great Lakes 4: വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം

ഇടക്കെപ്പോഴോ പരപ്പുള്ള ചെറുപാറകൾക്ക് സമീപം ഇരുന്നു വിശ്രമിക്കാം എന്ന് കരുതിയപ്പോൾ കുറ്റികാട്ടിൽ കുതിരയുടേത് എന്ന് തോന്നുന്ന ഒരു അസ്ഥികൂടം കാണാനിടയായത്. ഇനിയും ദ്രവിച്ചു തീരാത്തതിനാൽ അസഹ്യമായ ദുർഗന്ധവും.

ദൂര കണ്ട ദൃശ്യങ്ങളിലേക്ക് ഞങ്ങൾ മെല്ലെ മെല്ലെ നടന്നടുക്കുകയാണ്. തടാകങ്ങൾ എത്തുന്നതിനു മുൻപേ അതിവിശാലമായ പുൽപ്പരപ്പ് പ്രത്യക്ഷപ്പെട്ടു. അകലെ നിന്ന് ചെറുതെന്നു തോന്നിയെങ്കിലും വിസ്താരമായ ഒരു ഇടമായിരുന്നു അത്. നിലം നിറയെ മഞ്ഞപ്പൂക്കളും.

പതിവ് പോലെ അരുവിയും, ഉരുളൻ പാറകളും. സമയം പന്ത്രണ്ടര. ഗൈഡുകൾ ലഞ്ച്ബ്രേക് പറഞ്ഞു. പാറകൾക്ക് മുകളിൽ അവിടവിടെ ആയി ഇരുന്നു ഞങ്ങൾ ആസ്വദിച്ച് ഭക്ഷണം കഴിച്ചു. വല്ലാത്തൊരു ഊർജ്ജം തോന്നി എനിക്ക്.

ട്രെക്ക് അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങളെ ഉള്ളു. സമയം കുറയുംതോറും ഹിമാലയത്തോടെ കൂടുതൽ കൂടുതൽ ഐക്യപ്പെട്ടു തുടങ്ങി എന്റെ മനസ്സ്.

ഒന്നേകാലോടെ ഞങ്ങൾ വീണ്ടും എണീറ്റുനടന്നു തുടങ്ങി. ഹർമുഖിന്റെ മഞ്ഞുപാളി അപ്പോഴും കാണാമായിരുന്നു. ചെറിയ കയറ്റിറക്കങ്ങളോടെ ഉള്ള പുൽപ്പരപ്പാണ്. തടാകം തൊട്ടപ്പുറത്തുണ്ട് എന്നാണ് എന്റെ ധാരണ. പുൽമേട്ടിലെ കയറ്റിറനക്കങ്ങൾ കഴിഞ്ഞാൽ തടാകമെത്തും എന്ന് കരുതി ഞാൻ വീഡിയോ ഓൺ ചെയ്തു. കുന്നു കയറി ചെല്ലുമ്പോൾ തെളിഞ്ഞു വരുന്ന തടാക കാഴ്ച്ച അകക്കണ്ണിൻ കണ്ടുകൊണ്ട് കയറി ചെന്നതും.. ഒന്നും സംഭവിച്ചില്ല! മുന്നിൽ മറ്റൊരു കുന്ന്. അതിറങ്ങി ചെന്നാൽ മറ്റൊന്ന്! അങ്ങനെ വീണ്ടുമൊരു ഒരു മണിക്കൂർ നടത്തം കഴിഞ്ഞപ്പോൾ മാത്രമാണ് തടാകം കണ്ടു തുടങ്ങിയത്! മരുപ്പച്ച കണക്കെ കബളിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ.

ഏകദേശം രണ്ടു കിലോമീറ്റർ നീളവും, ഒരു കിലോമീറ്ററിൽ അധികം വീതിയുമുള്ള വല്യ ഒരു തടാകമാണ് ഗംഗാബൽ. തദ്ദേശിയർക്ക് ഇവിടെ മതപരമായ പ്രാധാന്യം ഉള്ള ഇടമാണ്. വർഷം തോറും നരനാങ് മുതൽ ഹർമുഖ് വരെ തീർഥയാത്രകളും നടക്കാറുണ്ട്.

മലയുടെ തലപ്പത്തു പറ്റി കിടക്കുന്ന മഞ്ഞുരുകി ഒലിക്കുന്നത് വെള്ളിവരകൾ പോലെ നമുക് അകലെ നിന്ന് തന്നെ കാണാം. വിശാലമായ തടാകത്തിന്റെ ഓരത്ത് സ്വയം നഷ്ട്ടപെട്ടിരിക്കുന്ന അനേകർ. ചിലർ ആവേശത്തോടെ ആ തണുത്തു വിറങ്ങലിപ്പിക്കുന്ന തടാകത്തിലേക്ക് എടുത്ത് ചാടുന്നുണ്ട്. അവനവനു ആനന്ദം തരുന്ന കാര്യങ്ങളിൽ ഏവരും മുഴുകി. ഞാൻ പതിവ് പോലെ ഒരു പാറമേൽ കയറി ഇരുന്നു. ചുറ്റുമുള്ള ആളുകളെ മറന്നു, തലയിലെ ചിന്തകളെല്ലാം കെട്ടഴിച്ചു വിട്ടുകൊണ്ട് ആ തടാകത്തിൽ വെട്ടുന്ന ഓളങ്ങളെ നോക്കിയിരുന്നു, ചാറ്റൽ മഴ വീണു തുടങ്ങും വരെ. ഇനി യാത്ര അടുത്ത തടാകത്തിലേക്ക്. നന്ത്കോൽ. ഇവിടുന്നു ഒന്നര കിലോമീറ്ററോളം വരും ദൂരം.

Also Read: Kashmir Great Lakes 3: നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം

മൌണ്ട് ഹർമുഖ് എന്ന 16,870 അടി ഉയരത്തിലുള്ള പർവതത്തിന്റെ കീഴെയാണ് നന്ദ്കോൽ എന്ന തടാകം. ഹർമുഖിന്റെ മഞ്ഞുപാളികൾ ഉരുകുന്നതും, ഗംഗാബൽ തടാകം നിറഞ്ഞൊഴുകുന്ന വെള്ളം വന്നുചേരുന്നതും നന്ദ്കോലിലേക്കാണ്. ഇവിടുന്നത് ഒഴുകി സിന്ധ് നദിയിൽ ചേരും. മനോഹരമായ ഒരു പർവ്വതമാണ് ഹർമുഖ്. കൂടെയുണ്ടായിരുന്നവർ വേഗതകുറച്ചത് അറിയാതെ നടന്നതിനാൽ വൈകാതെ ഞാൻ വീണ്ടും ഒറ്റപെട്ടു. തടാകക്കരയിൽ ആണ് ക്യാമ്പ്. വഴിതെറ്റമെന്ന ഭയം തോന്നിയില്ല. വിരിഞ്ഞു വിശാലമായ പുൽമേടുകൾ. മുൻപേ ക്യാമ്പ് ചെയ്തവരോ, താമസിച്ചിരുന്നാരോ കല്ലുകൾ പലയിടത്തും പല വീതിയിലും, നീളത്തിലും അടുക്കിവച്ചത് കിടപ്പുണ്ട്. അധികം താമസിക്കാതെ തന്നെ ക്യാമ്പിലെത്തി.

മറ്റുള്ളവർ തടാകത്തിലും മറ്റുമായി സമയം ചെലവിട്ടു സാവധാനം എത്തിച്ചേരുമ്പോൾ ഞാൻ ചെറുമയക്കത്തിൽ ആയിരുന്നു. എല്ലാവരും എത്തിയതോടെ ഞാനും പുറത്തേക്കിറങ്ങി.

ഹർമുഖ്ന്റെ കീഴിലെ മനോഹരമായ ക്യാമ്പ് സൈറ്റ്. തെളിഞ്ഞും, മങ്ങിയും നിൽക്കുന്ന അന്തരീക്ഷം. ഇന്നോടെ ട്രെക്ക് തീരുകയാണ്. വിശ്രമ ദിവസം ഞങ്ങൾ വിനിയോഗിക്കാതെ ഇരുന്നതിനാൽ ഒരു ദിവസം അധികം കിടപ്പുണ്ട്. വേണമെങ്കിൽ നാളെ ഒരു ദിവസം കൂടി ഇവിടെ തന്നെ കൂടാം. പക്ഷെ തിരിച്ചിറങ്ങാൻ തന്നെയാണ് കൂടുതൽ ആളുകളും താല്പര്യപ്പെട്ടത്.

അങ്ങനെ ആണെങ്കിൽ ഇന്ന് ടെന്റിലെ അവസാന ദിവസമാണ്. ട്രെക്ക് വിജയകരമായി അവസാനിക്കുന്നതിന്റെ എല്ലാ ആഹ്ലാദവും ഉണ്ട് എല്ലാവർക്കും. മനസ്സ് പൂർണമായും ലാഘവപ്പെട്ടു കഴിഞ്ഞു. എല്ലാവരും പുറത്തിറങ്ങി എന്തെങ്കിലുമൊക്കെ കളികൾക്കുള്ള തയ്യാറെടുപ്പിലാണ്.

ഞങ്ങൾ കുറച്ചു പേര് പതുക്കെ തടാകത്തിലേക്ക് നടന്നു. ഇടയ്ക്കിടെ വീഴുന്ന നനുത്ത മഴത്തുള്ളികൾ. തടാകം കവിഞ്ഞൊഴുകുന്ന ഒരു അരുവിയുണ്ട് ക്യാമ്പിന് സമീപം. ഇതുവരെ കണ്ടതിൽ നിന്നും അല്പം ഒഴുക്ക് കൂടുതലുള്ള നദിയാണ്. അതിനു കുറുകെ ഒരു പാലമുണ്ട്. പരസ്പരം യാതൊരു പൊരുത്തവുമില്ലാത്ത രണ്ടു തടികൾ ചേർന്നതാണാ പാലം. കുറച്ചു നേരം നോക്കിനിന്ന ശേഷം റിസ്ക് എടുക്കുന്നില്ല എന്ന് ഞാൻ തീരുമാനിച്ചു. പിടിക്കാൻ ഒരു താങ്ങുമില്ലാതെ ആ ഇളകുന്ന ഒറ്റത്തടിയിൽ കയറി അറിയാതെ ഒന്ന് കീഴോട്ട് നോക്കിയാൽ മതി, എന്റെ കാര്യം തീരുമാനം ആകാൻ. അത്രയ്ക്കും പിടഞ്ഞുള്ള ഒഴുക്കാണ് താഴെ. ഞങ്ങൾ അൽപനേരം കാത്തുനിന്നപ്പോൾ ഒരു കാശ്മീരിയെ കണ്ടു. അയാളോട് സഹായം ചോദിച്ചതിൻ പ്രകാരം അങ്ങേരു ഞങ്ങളെ ഓരോരുത്തരെ ആയി ആ പാലം കടത്തി അക്കര എത്തിച്ചു. തിരിച്ചു വരാനും ഇതുപോലെ ആരെങ്കിലും സഹായിക്കാതെ ഇരിക്കില്ല എന്ന പ്രതീക്ഷയിൽ അങ്ങേരോട് നന്ദി പറഞ്ഞു ഞങ്ങൾ നടന്നു. കരയുടെ മൂന്നോ നാലോ മനുഷ്യർ ചാക്കുമായി വരുന്നുണ്ട്. അവിടെ ഇവിടെ ആയി കിടക്കുന്ന മാലിന്യങ്ങൾ പെറുക്കി എടുക്കുകയാണവർ. വളരെ നല്ല കാര്യം.

Also Read: Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്

ഹർമുഖന്റെ കിരീടം കുറച്ചൂടെ അടുത്ത് കാണാൻ വേണ്ടിയുള്ള നടപ്പാണ്. അടുത്ത് ചെല്ലുംതോറും അകന്നുപോകുന്ന ഇടങ്ങൾ ആണെല്ലോ. അകലുംതോറും അടുത്തേക്ക് ചെല്ലാനുള്ള വ്യഗ്രത. ക്യാമ്പും പരിസരവും കണ്ണിൽനിന്ന് മാഞ്ഞതോടെയും, നേരം ഇരുട്ടിത്തുടങ്ങിയതിനാലും ഞങ്ങൾ മനസ്സില്ലാമനസ്സോടെ നിന്നു. ഹർമുഖ് മഞ്ഞുപാളികളുടെ ഉച്ചിയിലേക്ക് നോക്കി അൽപനേരം ചിലവിട്ടു. ആ പർവത നിരയുടെയും, തടാകത്തിന്റെയും കനവും, നിഗൂഢതയും നോക്കിനിൽക്കെ ഉള്ളിൽ ഒരു ഭയം നുരഞ്ഞു വരുന്നതറിഞ്ഞു.

മടങ്ങി. മറ്റൊരു ക്യാമ്പിലെ ട്രെക്കറുടെ സഹായത്തോടെ ഞങ്ങൾ പാലം കടന്നു. ക്യാമ്പിൽ എല്ലാവരും കളികളിൽ മുഴുകി ഇരിക്കുകയാണ്. ഗൈഡുകളും, പാചകക്കാരും എല്ലാവരും ഒരുമിച്ചുള്ള ഉല്ലാസകരമായ നിമിഷങ്ങൾ. ഒരു വശത്ത് ഡിസ്ക് എറിയലാണ്. ഇടക്ക് ഇടക്ക് അരുവിലേക്ക് പറന്നു വീഴാൻ പോകുന്ന ഡിസ്ക് പിടിക്കാൻ നെട്ടോട്ടം ഓടിയും, ഓടാൻ മത്സരിച്ചും ഒരു വിഭാഗം. ട്രെക്കിങ്ങ് പോൾ വീഴാതെ ഓടി പിടിച്ചും, ഹൈ ജമ്പ് ചാടിയും മറ്റൊരു കൂട്ടർ. ഞങ്ങളെക്കാൾ ഏറെ ആഹ്ലാദർ ആ ജോലിക്കാർ തന്നെ ആയിരുന്നു. ക്യാമ്പ് ഒരുക്കിയും, അഴിച്ചും, കുതിരയ്‌ക്കൊപ്പം പാഞ്ഞുമുള്ള അവരുടെ ഓരോ ദിവസവും അത്രമേൽ കഠിനമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഒരു ദിവസം മുൻപേ ട്രെക്ക് അവസാനിച്ചതിനെ സന്തോഷവും അവർക്കുണ്ട്. അവർക്കിന്നു ആഘോഷരാവാണ്.

Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

രാത്രി ഭക്ഷണത്തിന്റെ ഇടക്ക് അവരുടെ ടെന്റുകളിൽ നിന്ന് കൊട്ടും പാട്ടും കേട്ട് തുടങ്ങി. അവർ ഞങ്ങൾക്ക് വേണ്ടിയും പാടാൻ ആരംഭിച്ചു. പ്രായമായ ഒരാൾ ആണ് പ്രധാന ഗായകൻ. ഒരു പാത്രത്തിൽ കൊട്ടിക്കൊണ്ട് പ്രത്യേകരീതിയിൽ ആടിക്കൊണ്ടുള്ള പാട്ടു കേട്ടിരിക്കാൻ ഒരു സുഖമുണ്ടായിരുന്നു (വീഡിയോ ചേർക്കുന്നു).

“നിങ്ങൾക്ക് സന്തോഷമായോ? പാട്ടിഷ്ടമായോ?” എന്ന് കൂടെ കൂടെ ചോദിച്ചു ആതിഥേയരെ പോലെ ആടിയും പാടിയും ഏറെ നേരം ചിലവിട്ടു. ഒടുവിൽ അവരും യാത്ര നേർന്നു പിരിഞ്ഞു. ടെന്റിലെ അവസാന ദിവസം ആകയാൽ ആ കൂടാരം ഒരു ഡിജെ പാർട്ടി പോലെ ആഘോഷമുഖരിതമാക്കിമാറ്റിയാണ് ഞങ്ങൾ അവസാനിപ്പിച്ചത്. ജീവിതത്തിൽ കടന്നു പോകുന്നതെല്ലാം അവസാന നിമിഷങ്ങളാണെല്ലോ. നാളെ ഈ സമയം എല്ലാവരും പല വഴിക്ക് പിരിഞ്ഞിട്ടുണ്ടാകും, ഇനി ഒരിക്കൽ കൂടി കാണുമെന്നു ഒരു ഉറപ്പുമില്ലാതെ. (തുടരും)

One thought on “Kashmir Great Lakes 6: സത്സർ – സാജ് പാസ് – ഗംഗാബൽ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed