മൂന്നാർ. നീണ്ട 11 വർഷത്തെ ഇടവേളക്ക് ശേഷം മൂന്നാർ മേള തിരിച്ചുവരുന്നു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മേയ് 12 മുതൽ 21 വരെ പഴയ മൂന്നാർ കെ.ഡി.എച്ച്.പി. സ്പോർട്സ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. 12ന് വൈകീട്ട് മൂന്നിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആദ്യദിനം ഘോഷ യാത്രയോടെ അരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം വിവിധ സാംസ്കാരിക, കലാ പരിപാടികൾ സംഘടിപ്പിക്കും. മൂന്നാർ മേഖലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികളുടെ പരിപാടികളും ഉണ്ടായിരിക്കും.
Also Read മൂന്നാറിലേക്കാണോ? തിരക്കില്ലാത്ത ഈ റൂട്ടുകളും പരിഗണിക്കാം, കൂടുതലും കാഴ്ചകളും
വിവിധ മേഖലകളിലെ പ്രശസ്തരായവരുടെ സാന്നിധ്യവും മേളയിൽ ഉണ്ടായിരിക്കും. വിവിധ ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമായിരിക്കും പ്രവേശന ഫീസ്. പഞ്ചായത്ത് തീരുമാനിക്കുന്ന ഇവന്റ്‍മാനേജ്മെന്റ് കമ്പനിയായിരിക്കും മേള നടത്തുന്നത്. അതേസമയം മറയൂർ ഫെസ്റ്റ് വിജയകരമായി തുടരുകയാണ്. ഇതിനോടകം നിരവധി സഞ്ചാരികളാണ് ഫെസ്റ്റ് കാണാനെത്തിയത്. മറയൂർ കാഴ്ചകൾക്കൊപ്പം കാന്തല്ലൂരിലെ പഴത്തോട്ടങ്ങൾ കാണാനും വിവിധ ജില്ലകളിൽ നിന്നും ആളുകളെത്തുന്നുണ്ട്.