കൊച്ചി. ജോലിയും ഉല്ലാസവും ഒന്നിച്ചു സാധ്യമാക്കുന്ന പാക്കേജുകളുമായി KTDC (കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍). കേരള ഐടിയുമായി ചേര്‍ന്നാണ് മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ കെടിഡിസിയുടെ റിസോര്‍ട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും വര്‍ക്കേഷന്‍ (Workation) അല്ലെങ്കില്‍ സ്റ്റേകേഷന്‍ (Staycation in Kerala) സൗകര്യമൊരുക്കിയിരിക്കുന്നത്. ഷിഫ്റ്റുകളിലായി ദീര്‍ഘസമയം ജോലി ചെയ്യുന്ന ടെക്കികളെയാണ് പ്രധാനമായും കെടിഡിസിയുടെ ഈ പാക്കേജുകള്‍ ലക്ഷ്യമിടുന്നത്.
കുടുംബവുമൊത്ത് സമയം ചെലവിടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ജോലിക്കൊപ്പം തന്നെ കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ അവസരമൊരുക്കുന്നതാണ് വര്‍ക്കേഷന്‍ പാക്കേജുകള്‍. താമസ, ഭക്ഷണ സൗകര്യങ്ങള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള വര്‍ക്ക് സ്‌പേസും തടസ്സമില്ലാത്ത അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നീ സൗകര്യവും ഈ പാക്കേജിലുണ്ട്. കേരള ഐടി (Kerala IT) വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേയും സാറ്റലൈറ്റ് ഐടി പാർക്കുകളിലേയും ടെക്കികൾക്ക് വർക്കേഷൻ പാക്കേജുകൾ ലഭ്യമാക്കുന്നതിന് ടെക്നോപാർക്കും കെടിഡിസിയും ധാരണയിലെത്തിയിട്ടുണ്ട്.
വർക്കേഷൻ റിസോർട്ടുകളും നിരക്കുകളും അറിയാം
രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും രണ്ട് രാത്രികളും മൂന്ന് പകലുകളും ചെലവഴിക്കാവുന്ന കെടിഡിസി പാക്കേജുകള്‍ 10,500 രൂപയില്‍ തുടങ്ങുന്നു. തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചിയിലെ ബോള്‍ഗാട്ടി ഐലന്‍ഡ് റിസോര്‍ട്ട്, തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ബ്രേക്ക്ഫസ്റ്റും എല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബേസ് കാറ്റഗറി നിരക്ക് 10,500 രൂപയും പ്രീമിയം കാറ്റഗറിയില്‍ 11,500 രൂപയുമാണ്. കുമരകത്തെ വാട്ടര്‍സ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ടി എന്നീ റിസോര്‍ട്ടുകളില്‍ ബ്രേക്ക്ഫസ്റ്റും എല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബേസ് കാറ്റഗറി നിരക്ക് 12,500 രൂപയും പ്രീമിയം കാറ്റഗറി നിരക്ക് 15,500 രൂപയുമാണ്. അധികമായി വരുന്ന ഓരോരുത്തര്‍ക്കും 1000 രൂപ വീതം അധികമായി അടക്കണം. പാക്കേജിലുള്‍പ്പെടാത്ത ഭക്ഷണത്തിന് 10 ശതമാനം ഇളവും ലഭിക്കും. മുറി ലഭ്യതയ്ക്കനുസരിച്ച് പാക്കേജ് ആനുപാതികമായി നീട്ടാവുന്നതാണ്.