മലപ്പുറം. കുറഞ്ഞ ബജറ്റിൽ ഒരു പൂക്കാലം തന്നെ നൽകുന്ന വിനോദ യാത്രയുമായി KSRTC. മലപ്പുറത്ത് നിന്ന് മലമ്പുഴയിലേക്കാണ് ഈ ട്രിപ്പ്. നവീകരിച്ച മലമ്പുഴ ഉദ്യാനത്തിൽ ജനുവരി 23ന് ആരംഭിക്കുന്ന പുഷ്പോത്സവത്തിലെ നയന മനോഹര കാഴ്ചകളാണ് ഈ ട്രിപ്പിലെ പ്രധാന ഐറ്റം. പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഈ പാക്കേജിൽ ഉൾപ്പെടുന്നു.
ജനുവരി 23, 28 തീയതികളിലാണ് മലപ്പുറത്ത് നിന്ന് മലമ്പുഴ യാത്രകൾ. രാവിലെ ആറ് മണിക്കു പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 560 രൂപയാണ് നിരക്ക്. ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവ ഉൾപ്പെടില്ല. ബുക്കിങ്ങിന് 9447203014ൽ വിളിക്കാം.
പുതിയ പുഷ്പോത്സവ സീസണിന് അണിഞ്ഞൊരുങ്ങിയ മലമ്പുഴ ഉദ്യാനത്തിൽ ജനുവരി 23 മുതൽ 28 വരേയാണ് പുഷ്പമേള. പാലക്കാട് ഡിടിപിസിയും ജലസേചന വകുപ്പും ചേർന്നൊരുക്കുന്ന പുഷ്പമേളയിൽ വിദേശ ഇനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പൂക്കളും ചെടികളും സന്ദർശകർക്കായി ഒരുക്കുന്നുണ്ട്. രുചിവൈവിധ്യങ്ങളറിയാൻ വിപുലമായ ഭക്ഷ്യമേളയുമുണ്ട്.