കൊച്ചി. KOCHI METRO യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്നു മുതല്‍ വാട്‌സാപ്പ് വഴിയും വാങ്ങാം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (KMRL) വാട്‌സാപ്പ് നമ്പറായ 9188957488 ലേക്ക് ഹായ് എന്ന സന്ദേശം അയച്ചാല്‍ മതി. മറുപടിയായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കയറുന്ന സ്ഥലവും (എന്‍ട്രി സ്റ്റേഷന്‍) ഇറങ്ങേണ്ട സ്ഥലവും (എക്‌സിറ്റ് സ്റ്റേഷന്‍) തിരഞ്ഞെടുക്കുക. യാത്രക്കാരുടെ എണ്ണം, മടക്ക യാത്രാ ടിക്കറ്റ് വേണമെങ്കില്‍ അതുമടക്കം എല്ലാ വിവരവും നല്‍കിയാല്‍ ഓണ്‍ലൈന്‍ പേമെന്റ് ഒപ്ഷന്‍ വരും. ഇതുവഴി പണം അടച്ചാല്‍ ടിക്കറ്റ് ക്യു ആര്‍ കോഡായി വാട്‌സാപ്പില്‍ ലഭിക്കും. ഇതു കാണിച്ച് മെട്രോയില്‍ കയറാം. ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷനും വാട്‌സാപ്പില്‍ ലഭ്യമാണ്.
ഒരു മിനുട്ടിനുള്ളില്‍ വാട്‌സാപ്പ് ടിക്കറ്റെടുക്കാന്‍ കഴിയും. തിരക്കുള്ള സമയങ്ങളില്‍ നീണ്ട വരി നില്‍ക്കാതെ തന്നെ ഇങ്ങനെ ടിക്കറ്റെടുക്കാമെന്നാണ് വലിയ സൗകര്യം. രണ്ടാഴ്ചയായി ഈ ടിക്കറ്റിങ് രീതി കൊച്ചി മെട്രോ പരീക്ഷിച്ചു വരികയായിരുന്നു. വാട്‌സാപ്പ് ടിക്കറ്റിന് 10 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്ക് ഇളവും കൊച്ചി മെട്രോ നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന പീക്ക് സമയങ്ങളില്‍ 10 ശതമാനം നിരക്കിളവ് ലഭിക്കും. യാത്രക്കാര്‍ കുറവുള്ള രാവിലെ 5.45 മുതല്‍ 7 മണി വരേയും രാത്രി 10 മുതല്‍ 11 വരേയും പകുതി നിരക്കിലും വാട്‌സാപ്പ് വഴി ടിക്കറ്റ് ലഭിക്കും. Kochi Metro whatsap ticket ന് ഈ നമ്പര്‍ 9188957488 നിങ്ങളുടെ ഫോണിള്‍ സേവ് ചെയ്താല്‍ മാത്രം മതി.