Kilimanjaro Expedition 5: ആഫ്രിക്കയുടെ നെറുകയിൽ ത്രിവർണ പതാക നാട്ടിയ ദിവസം

✍🏻 അഭിലാഷ് മാത്യു

കിളിമഞ്ചാരോ (Kilimanjaro) പർവതാരോഹണത്തിന്റെ അഞ്ചാം ദിവസം: കൊടുമുടിയുടെ നെറുകയിൽ

ബറാഫു ക്യാമ്പിൽ ഇന്നലെ വൈകീട്ട് നാലു മണിക്ക് എത്തിയതാണ്. കിളിമഞ്ചാരോയുടെ ബേസ് ക്യാമ്പ് ആണ് ബറാഫു. ഇവിടെ വന്നിട്ട് ഞാൻ അധികം പുറത്തിറങ്ങി നടന്നില്ല. കാരണം നല്ല ഉയരത്തിൽ ആണ് ക്യാമ്പ്, 4640 മീറ്റർ ആണ് ഉയരം. രാത്രിയിൽ അധികം ഉറങ്ങാൻ പറ്റിയില്ല. ഒരു രണ്ടു മണിക്കൂർ ഉറങ്ങിക്കാണും. പാതിരാത്രി 12 മണിക്ക് ആണ് മിക്കവാറും കിളിമഞ്ചാരോയുടെ ഉഹ്‌റു പീക്കിലേക്ക് ഉള്ള നടത്തം ആരംഭിക്കുന്നത്. എന്റെ കൂടാരം വഴിയുടെ അടുത്താണ്. കൂടാരത്തിനോട് ചേർന്നാണ് നടക്കാനുള്ള വഴി. അതുകൊണ്ട് ആളുകൾ 12 മണിക്ക് നടത്തം തുടങ്ങിയപ്പോൾ ഞാൻ ഉറക്കമുണർന്നു. എനിക്ക് പോകേണ്ടത് മൂന്നു മണിക്കാണ്. കൂടാരത്തിൽ നിന്നും പുറത്തിറങ്ങിയില്ല. പുറത്തു മൈനസ് ഇരുപത്തഞ്ചു ഡിഗ്രി തണുപ്പാണ്. ഇച്ചിരി വെള്ളം കുടിക്കാനായി നോക്കിയപ്പോൾ തണുത്തുറഞ്ഞിരിക്കുന്നു. കാസിം എഴുന്നേറ്റിട്ടു വേണം ചൂടുവെള്ളം കിട്ടാൻ. പുറത്ത് ആളുകൾ സംസാരിച്ചുകൊണ്ടു നടക്കുന്നുണ്ട്. രണ്ടു മണിയോടുകൂടി ഇസ്സയും ആൽഫ്രഡും എൻ്റെ കൂടെ ഉഹ്‌റു പീക്കിലേക്ക് വരാൻ തയ്യാറായി വന്നു. അപ്പോഴേക്കും ചുടുവെള്ളമൊക്കെ ഫ്ലാസ്ക്കിലും കാമൽ ബാഗിലും ആക്കി കാസിം പുറത്തുണ്ടായിരുന്നു. ഇസ്സയും ആൽഫ്രഡും ഒഴികെ ബാക്കിയുള്ളവർ ബേസ് ക്യാമ്പിൽ തന്നെ നിൽക്കും.

Also Read മരുഭൂമിയുടെ ചൂടിൽ നിന്നും കിളിമഞ്ചാരോയുടെ കുളിരിലേക്ക്

ഞങ്ങൾ മൂന്നുപേർക്കും ബാക്കിയുള്ള അഞ്ചുപേർ ആശംസകൾ നേർന്നു. ഞാൻ എൻ്റെ സ്വപ്നത്തിലേക്കുള്ള നടത്തം രാവിലെ മൂന്നു മണിയോടെ തുടങ്ങി. ആദ്യം എത്തേണ്ടത് 5800 മീറ്റർ ഉയരത്തിൽ ഉള്ള ക്രയേറ്റർ ക്യാംപിലേക്കാണ്. ക്രയേറ്റർ ക്യാമ്പും ഒരു ബേസ് ക്യാമ്പ് ആണ്. പക്ഷേ പർവ്വതാരോഹണത്തിൽ നല്ല പരിചയം ഉള്ളവർക്കേ അവിടെ താമസിക്കാൻ കഴിയുകയുള്ളു. ചുറ്റും കൂരിരുട്ടാണ്. തലയിൽ ഉള്ള ടോർച്ചിന്റെ വെട്ടത്തിൽ ആണ് നടത്തം. ചുറ്റിലുമുള്ള യാതൊന്നും കാണാൻ പറ്റുന്നില്ല. നല്ല പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ കയറ്റം ആണെന്ന് നടക്കുമ്പോൾ മനസിലായി. മുൻപിൽ എത്ര ഉയരം ഉണ്ടെന്നോ, താഴോട്ട് എത്രമാത്രം താഴ്ച ഉണ്ടെന്നോ ഒന്നും അറിയുന്നില്ല. ഒരു പത്തുമീറ്റർ ദൂരത്തിൽ മാത്രം ടോർച്ചിന്റെ വെളിച്ചം ഉണ്ട്. അതുനോക്കി പതുക്കെ നടക്കുകയാണ്.

കിളിമഞ്ചാരോ പർവ്വതത്തിന്റെ മുകളിലേക്കുള്ള യാത്രയിൽ ഏറ്റവും ദുർഘടം പിടിച്ച ഭാഗം ആണ് ബേസ് ക്യാമ്പ് മുതൽ ഉഹ്‌റു പീക്കിന്റെ തൊട്ടുതാഴെ ഉള്ള സ്റ്റെല്ല പോയിന്റ് വരെ. മുകളിൽ നിന്നും ചിലപ്പോൾ പാറക്കല്ലുകൾ ഇളകി വീഴാറുണ്ട് ഈ ഭാഗത്ത്. എഎംഎസ്‌ എന്ന വില്ലൻ അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലേയ്ക്ക് നമ്മളെ എത്തിക്കുന്ന ഭാഗം കൂടി ആണിവിടം. പത്തുമീറ്റർ ദൂരക്കാഴ്ചയിൽ ഞാനങ്ങനെ നടക്കുകയാണ്. മുന്നിൽ ഇസ്സ വഴികാണിച്ചു നടക്കുന്നുണ്ട്. പുറകിൽ ആൽഫ്രെഡ് എന്നെ നിരീക്ഷിച്ചുകൊണ്ട് നടക്കുന്നു. ഒരുമണിക്കൂർ കൊണ്ട് ഞാൻ മറ്റൊരു ബേസ് ക്യാമ്പ് ആയ കിബു ഹട്ട് ക്യാമ്പിൽ എത്തി.

കിളിമഞ്ചാരോ കീഴടക്കാനുള്ള രണ്ടു റൂട്ടുകൾ ആയ റോങ്ങായ് റൂട്ടിലൂടെയും മറാങ് റൂട്ടിലൂടെയും വരുന്നവർ താമസിക്കുന്ന ബേസ് ക്യാമ്പ് ആണ് കിബു ഹട്ട് ക്യാമ്പ്. അവിടെ ഒരു അഞ്ചു മിനുട്ടു നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും നടത്തം തുടങ്ങി. കിബു ഹട്ട് കഴിഞ്ഞുള്ള കയറ്റത്തിൽ വച്ച് ഒരു വിദേശി വനിതയെ രണ്ടു പേർ ചേർന്ന് താഴേക്ക് ഇറക്കുന്നത് കണ്ടു. ആ വനിത ശ്വാസം എടുക്കാൻ കഷ്ട്ടപെടുന്നുണ്ട്. ഇതൊക്കെ ആണ് ഇവിടങ്ങളിലെ റിസ്ക്. ഇതുപോലൊക്കെ വന്നാൽ താഴേക്ക് തിരിച്ചിറങ്ങുക എന്നതാണ് ആകെ ഉള്ള പരിഹാരം. പുള്ളിക്കാരിയെ താഴേക്ക് ഇറക്കുന്നത് നോക്കി നിന്ന എന്നോട് ഇസ്സ പറഞ്ഞു “അഭി, ഇങ്ങനെ പലതും ഈ അവസാനദിവസത്തെ കയറ്റത്തിൽ കാണും. ഇവിടെ നമ്മുടെ കാര്യം മാത്രം ചിന്തിക്കുക. ഇത്രയും ദിവസത്തെ കഷ്ടപ്പാടിന് ഫലം വേണം. അതുകൊണ്ട് നേരെ നോക്കി നടക്കുക. വഴിയിൽ ആളുകൾ ഇരിക്കുന്നതും കിടക്കുന്നതും കരയുന്നതും നടക്കാൻ വയ്യാതെ നിസ്സഹായരായി നമ്മളെ നോക്കുന്നതും എല്ലാം കണ്ടേക്കാം. പക്ഷേ നീ മുന്നോട്ടു നടന്നേ പറ്റൂ. സഹായിക്കാനുള്ള മനസുണ്ടെങ്കിലും അതിനു മുതിർന്നാൽ നീ നിന്നെത്തന്നെ അപകടത്തിൽ പെടുത്തുകയാണ്‌ ചെയ്യുന്നത്.”

ശരിയാണ് ഇസ്സ പറഞ്ഞത്. പർവ്വതാരോഹണത്തിൽ ഒരു നിശ്ചിത ഉയരം കഴിഞ്ഞാൽ അധികമാരും നമ്മുടെ സഹായത്തിനു എത്തില്ല. അതവരുടെ ജീവനെക്കൂടി അപകടത്തിൽ ആക്കും. ചുരുക്കിപ്പറഞ്ഞാൽ ഇനി മുകളിലോട്ടു പോകുന്തോറും എൻ്റെ ജീവന്റെ സുരക്ഷാചുമതല എനിക്ക് മാത്രം ആണ്. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആയിരിക്കും.
ഞാൻ നടത്തം തുടർന്നു. കൊടുംതണുപ്പും നമ്മളെ വീഴ്ത്താൻ കെൽപ്പുള്ള കാറ്റുമാണ്. വിശ്രമിക്കാൻ നിൽക്കാൻ പറ്റില്ല. നമ്മൾ നടന്നുകൊണ്ടേ ഇരിക്കണം. ഇടയ്ക്കൊന്നു നിന്നാൽ ശരീരം തണുക്കാൻ തുടങ്ങും. അത് അപകടം ആണ്. നടക്കുമ്പോൾ ശരീരം ചൂടായി നിൽക്കും. അതുകൊണ്ട് ഇസ്സ എന്നെ എവിടെയും നില്ക്കാൻ അനുവദിച്ചില്ല. കാറ്റ് അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ ആണ് വീശുന്നത്. എന്നെ മറിച്ചിടാൻ പോകുന്നത്ര വേഗത്തിൽ ആണ് കാറ്റ്. കാറ്റിനെതിരെ ഉള്ള നടത്തം എൻ്റെ എനർജി കുറച്ചുകൊണ്ടിരിന്നു. കയ്യിൽ കരുത്തിയിട്ടുള്ള എനർജി ബാറുകൾ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നുണ്ട്. ഒരു കുപ്പി കൊക്കോകോള കയ്യിൽ ഉണ്ടായിരുന്നു. അതിടയ്ക്ക് കുറേശേ കുടിക്കും. പർവ്വതങ്ങളിൽ കയറുമ്പോൾ നമുക്ക് ഏറ്റവും എനർജി തരുന്ന സാധനം ആണ് കൊക്കോകോള. അതിൽ ഉള്ള പഞ്ചസാരയുടെ അളവാണ് അതിനു കാരണം. അപ്പോൾ സാധാരണദിവസങ്ങളിൽ കുടിക്കുമ്പോൾ ഇതൊന്നോർത്താൽ നന്ന്.

ഏകദേശം മൂന്നുമണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം സൂര്യോദയം കാണാനായി നിന്നു. ചെറിയ വെളിച്ചമുണ്ട് ഇപ്പോൾ. ആ വെളിച്ചത്തിൽ ഞാൻ കയറി വന്ന വഴി കണ്ടു. തലകറങ്ങി താഴെവീഴാൻ പോകുന്നപോലെ തോന്നും. കാരണം, 80 ഡിഗ്രി ചെരിവാണ്. എങ്ങനെ അത് പറഞ്ഞറിയിക്കണം എന്നെനിക്കറിയില്ല. മുകളിലോട്ടുള്ള വഴി നോക്കണം എങ്കിൽ കഴുത്ത് ഉളുക്കുന്ന രീതിയിൽ നോക്കേണ്ടി വരും. അത്രയ്ക്കും ചെങ്കുത്തായ കയറ്റം ആണ്. പാറയും പൊടിയും നിറഞ്ഞ വരണ്ട പർവ്വതഭാഗം. മേഘങ്ങൾക്കിടയിലൂടെ മനോഹരമായ സൂര്യോദയം. സൂര്യന്റെ വരവിനനുസരിച്ചു നിറം മാറുന്ന കിളിമഞ്ചാരോ പർവ്വതത്തിലെ ഒരു അന്ഗ്നിപർവ്വതം ആയ മാവെൻസ്‌ക്കി തൊട്ടു മുന്നിൽ തലയുയർത്തി നിൽക്കുന്നു.

വീണ്ടും നടത്തം തുടർന്നു. യാന്ത്രികമായ നടപ്പാണ്. മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രം, ഉഹ്‌റു പീക്ക്! എന്തൊക്കെയോ വിചാരങ്ങൾ കടന്നുവരുന്നു. എന്താണെന്നു മനസിലാകുന്നില്ല. ഇടയ്ക്ക് യാത്ര നിർത്തി തിരിച്ചുപോയാല്ലോ എന്ന് തോന്നുന്നു. വഴിയിൽ അവ്യക്തമായ രൂപങ്ങൾ കാണുന്നു. ഈ അവസ്ഥകളൊക്കെ ഉയരംകൂടുമ്പോൾ സംഭവിക്കുന്നതാണ്. ഞാനിപ്പോൾ 5500 മീറ്റർ ഉയരത്തിൽ ആണുള്ളത്. കിലോമീറ്ററിൽ പറഞ്ഞാൽ അഞ്ചര കിലോമീറ്റർ ഉയരത്തിൽ. ഓക്സിജന്റെ അളവ് 50 ശതമാനത്തിൽ താഴെ ആണ്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ നമുക്ക് ഇങ്ങനെ പല മതിഭ്രമം അഥവാ ഹാലൂസിനേഷന്‍ ഉണ്ടാവുക സ്വാഭാവികം ആണ്. ഇതൊക്കെ തരണം ചെയ്യുന്നവർക്ക് മാത്രമേ മുകളിലെത്താൻ സാധിക്കൂ. അങ്ങനെ ഞാൻ നീണ്ട അഞ്ചര മണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം 5756 മീറ്റർ ഉയരത്തിൽ ഉള്ള സ്റ്റെല്ല പോയിന്റിൽ എത്തി. യാത്രികരിൽ കുറെ ആളുകൾ അവിടെ ഇരിക്കുന്നുണ്ട്. ചിലരൊക്കെ തലയൊക്കെ പൊത്തിപ്പിടിച്ചു കരയുന്നു. ഇവിടെ വരെ എത്തിയിട്ട് മുന്നോട്ടുപോകാൻ വയ്യാതെ തിരിച്ചു പോകുന്നവരും ഉണ്ട്. ഞാൻ എന്തായാലും ഫുൾ പവറിൽ ആണ്. കാരണം എനിക്ക് ഇത്രയും ദിവസത്തെ എൻ്റെ കഷ്ടപ്പാടിന് ഫലം വേണം. ഇഴഞ്ഞാണെങ്കിലും ഞാൻ കിളിമഞ്ചാരോ കീഴടക്കിയിട്ടേ വരൂ എന്ന് സൗദിയിൽ നിന്നും പോരുമ്പോൾ വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞിരുന്നു.

സ്റ്റെല്ല പോയിന്റിൽ നിന്നാൽ നമുക്ക് ഉഹ്‌റു പീക്കിന്റെ ഫലകം കാണാം. സ്റ്റെല്ല പോയിന്റിൽ നിന്നും ഉഹ്‌റു പീക്കിലേയ്ക്ക് വെറും 139 മീറ്റർ ഉയരമേ ഉള്ളു. പക്ഷേ ഒരു ഒന്നരമണിക്കൂർ കൂടി നടന്നാലേ എനിക്കവിടെ എത്താൻ കഴിയു. ഇത്രയും ഉയരത്തിൽ ആയതിനാൽ നടക്കുമ്പോൾ നന്നായിട്ടു ക്ഷീണിക്കും. ഞാൻ വീണ്ടും എൻ്റെ സ്വപ്നത്തിലേക്ക് സ്വപ്നത്തിലെന്നോണം നടക്കാൻ തുടങ്ങി. ദൂരെ കിളിമഞ്ചാരോയിലെ പ്രസിദ്ധമായ മഞ്ഞുപാളികൾ കാണാം. ഒരുപാട് വർഷങ്ങൾക്കു മുൻപ് കിളിമഞ്ചാരോ ഐസ് തൊപ്പി വച്ച പർവ്വതം ആയിരുന്നു. കിളിമഞ്ചാരോയുടെ മുകൾഭാഗം. ബേസ് ക്യാമ്പ് മുതൽ നല്ല ഐസ് പാളികൾ ആയിരുന്നു. നമ്മളൊക്കെ കേൾക്കുന്ന ആഗോള താപനത്തിന്റെ അപകടകരമായ വർധന കാരണം കിളിമഞ്ചാരോയിലെ ഐസ് ഉരുകി തീർന്നു കൊണ്ടിരിക്കുകയാണ്ന്. 2030 ആകുമ്പോൾ കിളിമഞ്ചാരോയിൽ ഐസ് മല കാണില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

അങ്ങനെ ടാൻസാനിയൻ സമയം പത്തേമുക്കാലിന് ഞാൻ കിളിമഞ്ചാരോ കൊടുമുടിയുടെ നെറുകയിൽ എത്തി!!! ഉഹ്‌റു പീക്കിലെ ഫലകത്തിൽ ഞാൻ ഉമ്മവച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ. ആഫ്രിക്കയുടെ നെറുകയിൽ നിന്നുകൊണ്ട് ഞാൻ 360 ഡിഗ്രി കാഴ്ചകൾ മതിവരുവോളം ആസ്വദിച്ചു. ഇസയും ആൽഫ്രഡും എന്നെ കെട്ടിപ്പിടിക്കുന്നു. അവർക്കും ഭയങ്കര സന്തോഷമാണ്. അവരുടെ ഒരു കക്ഷി കൊടുമുടി കീഴടക്കി എന്നു പറയുമ്പോൾ അവർക്ക് അത് അടുത്ത ബിസിനസ് കിട്ടാനുള്ള വഴി ആണ്.

നാളുകളായി ഫോട്ടോയിലും വീഡിയോയിലും മാത്രം കണ്ട കിളിമഞ്ചാരോ ഫലകം എൻ്റെ മുന്നിൽ അങ്ങനെ നിൽക്കുന്നു. അതിന്റെ മുന്നിൽ ഇന്ത്യൻ പതാകയും സൗദി പതാകയും വച്ച് ഞാൻ ഫോട്ടോ എടുത്തു. കൂടെ മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ഒരു ഫ്ലാഗും ഞാൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇനി അധികം അവിടെ നിൽക്കാൻ പറ്റില്ല. ഓക്സിജൻ ലെവൽ 46 ശതമാനം ആണ്. എത്രയും വേഗം തിരിച്ചിറങ്ങണം. അല്ലെങ്കിൽ അപകടം ആണ്. ഇരുപതു മിനിറ്റോളം ഞാൻ അവിടെ ചിലവഴിച്ചു. അതിനു ശേഷം തിരിച്ചിറങ്ങാൻ തുടങ്ങി. നേരെ ബേസ് ക്യാംപിലേയ്ക്കും അവിടുന്ന് 3900 മീറ്റർ ഉയരത്തിൽ ഉള്ള ഹൈ ക്യാമ്പ് അഥവാ മാവെക്ക ക്യാംപിലേയ്ക്കും. പരമാവധി ഇറങ്ങാൻ പറ്റുന്ന അത്രയും ഇറങ്ങണം.

ഇറക്കം അത്ര സിമ്പിൾ അല്ല. തിരിച്ചിറങ്ങുന്നവഴി ഞാൻ നന്നായിട്ടു ക്ഷീണിച്ചു. കഫം ഇല്ലാത്ത ചുമയും കൂടെ കൂടി. അങ്ങനെ അഞ്ചുമണിക്കൂർ നേരത്തെ തിരിച്ചുള്ള നടത്തം. വൈകിട്ട് ആറുമണിയോടെ മാവെക്ക ക്യാമ്പിൽ എത്തി. രാവിലെ മൂന്നുമണിക്ക് തുടങ്ങിയതാണ് ഇന്നത്തെ യാത്ര. ഇപ്പോൾ സമയം ആറുമണി. നീണ്ട പതിനഞ്ചുമണിക്കൂർ നടത്തം. ഇനി നന്നായി ഒന്നുറങ്ങണം. മാവെക്ക ക്യാമ്പ് ഉള്ളത് മൂർലാൻഡിൽ ആണ്. അതുകൊണ്ട് നന്നായിട്ടു ഓക്സിജൻ കിട്ടുന്നുണ്ട്. നാളെ കിളിമഞ്ചാരോ കൊടുമുടിയിലെ അവസാന ദിവസം ആണ്. സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ ഞാനെന്റെ കൂടാരത്തിലേക്ക് കയറി. (അവസാനിക്കുന്നില്ല)

Legal permission needed