Vande Bharat Sleeper കോച്ചുകൾ ഇങ്ങനെയിരിക്കും; പുതിയ ഫീച്ചറുകൾ അറിയാം

ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റത്തിന് തുടക്കമിട്ട സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പര്‍ (Vande Bharat Sleeper) പതിപ്പ് 2024 ഫെബ്രുവരിയോടെ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവയുടെ അകത്തള കാഴ്ചകളുമായി കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഏതാനും കോൺസപ്റ്റ് ചിത്രങ്ങള്‍ പുറത്തു വിട്ടു. വലിയ ആവേശത്തോടെയാണ് അവ സ്വീകരിക്കപ്പെട്ടത്. ആ ചിത്രങ്ങൾ കാണാം, വിശേഷങ്ങൾ അറിയാം.

ഒറ്റ നോട്ടത്തില്‍ വേറിട്ട കാഴ്ച. സ്ലീപ്പര്‍ ട്രെയിനുകളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം മാറ്റുന്ന പുതിയ അകത്തള ക്രമീകരണങ്ങളും സീറ്റുകളും. പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ കോണ്‍സപ്റ്റ് ചിത്രങ്ങളാണ് മന്ത്രി പുറത്തു വിട്ടത്. യഥാര്‍ത്ഥ രൂപത്തില്‍ പുറത്തു വരുമ്പോള്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

വന്ദേ ഭാരത് ഒരു ലക്ഷ്വറി ട്രെയിന്‍ അല്ലാത്തതിനാല്‍ ആഡംബരം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും നിലവിലെ എസി സ്ലീപ്പര്‍ കോച്ചുകളെ അപേക്ഷിച്ച് വൃത്തിയും വെളിച്ച ക്രമീകരണങ്ങളും സീറ്റുകളും ശുചിമുറിയുമെല്ലാം വളരെ മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറയാം.

വീതി കുടിയ ബെര്‍ത്തുകള്‍, തെളിച്ചമുള്ള ഇന്റീരിയര്‍, വിശാലമായ ശുചിമുറികള്‍, മിനി പാന്‍ട്രി, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഈ കോച്ചുകള്‍ കൂടുതല്‍ പ്രകൃതി സൗഹൃദമായിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

വന്ദേഭാരത് സ്ലീപ്പറില്‍ 16 കോച്ചുകളുണ്ടാകുമെന്നാണ് ലഭ്യമായ വിവരം. ഒറ്റ എസി വണ്‍ കോച്ചു മാത്രമെ ഉണ്ടാകൂ. ആകെ 857 ബെര്‍ത്തുകളുണ്ടാകും. ഇവയില്‍ 34 ബെര്‍ത്തുകള്‍ ജീവനക്കാര്‍ക്കുള്ളതായിരിക്കും. എല്ലാ കോച്ചുകളിലും ഒരു മിനി പാന്‍ട്രിയും മൂന്ന് ശുചിമുറികളും ഉണ്ടായിരിക്കും. നിലവില്‍ എല്ലാ സ്ലീപ്പര്‍ കോച്ചുകളിലും നാല് ശുചിമുറികളാണുള്ളത്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ നിര്‍മ്മാണം നടന്നു വരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ആണ് ഐസിഎഫിനു വേണ്ടി 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നത്.

Legal permission needed