ട്രാഫിക് നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകളും; ഓരോ ജില്ലയിലും പത്തെണ്ണം വീതം

കൊച്ചി. ഓരോ ജില്ലയിലും പത്തെണ്ണം വീതം സംസ്ഥാനത്തുടനീളം 140 ഡ്രോണ്‍ എഐ ക്യാമറകള്‍ വിന്യസിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എഐ ക്യാമറകള്‍ താങ്ങാന്‍ ശേഷിയുള്ള വലിയ ഡ്രോണുകള്‍ വാങ്ങാന്‍ വിവിധ ഏജന്‍സികളുമായി മോട്ടോര്‍ വാഹന വകുപ്പ് (MVD) ചര്‍ച്ച നടത്തിവരികയാണ്.

പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ മൊബൈല്‍ യൂനിറ്റുകളായാണ് ഡ്രോണ്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുക. ഈ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോകും. ട്രാഫിക് നിരീക്ഷണം നടത്താന്‍ നിര്‍ത്തുന്ന സ്ഥലങ്ങളില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളിലെ വാഹനഗതാഗതം ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തും.

നിലവില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച പ്രദേശങ്ങളെ ഒഴിവാക്കി നിയമലംഘനം നടത്തുന്നവരേയും ക്യാമറ നിരീക്ഷണമില്ലാത്ത റോഡുകളിലെ നിയമലംഘനങ്ങളേയും പിടികൂടാനാണ് ഡ്രോണ്‍ എഐ ക്യാമറകള്‍ അവതരിപ്പിക്കുന്നത്. പ്രധാനമായും എഐ ക്യാമറകളില്ലാത്ത റോഡുകളെ കേന്ദ്രീകരിച്ചായിരിക്കും ഡ്രോണ്‍ എഐ ക്യാമറ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുക.

കേരളത്തിലൂടനീളം വിവിധ റോഡുകളില്‍ 720 എഐ ക്യാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവ പ്രവര്‍ത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാനും കാര്‍ ഓടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാനും ആരംഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം റോഡ് അപകട മരണങ്ങള്‍ 10 ശതമാനം കുറക്കാന്‍ സാധിച്ചതായും കമ്മീഷണര്‍ പറഞ്ഞു. അപകടങ്ങളുണ്ടാക്കാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അപകടമുണ്ടാക്കുന്ന വാഹനങ്ങളുടെ പ്രീമിയം വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു.

Legal permission needed