കൽപ്പറ്റ. വയനാട്ടിൽ ഏറെ വിനോദ സഞ്ചാരികളെത്തുന്ന കാരാപ്പുഴ ഡാം റിയർവോയറിൽ അപകടക്കെണി പതിയിരിക്കുന്നു. നിറഞ്ഞ് പരന്ന് കിടക്കുന്ന റിസർവോയറിൽ ആഴങ്ങളിലകപ്പെട്ട് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഡാമിലെ നെല്ലാറച്ചാൽ ഭാഗത്ത് മുങ്ങി മരിച്ച യുവാവിന് നീന്തൽ അറിയാമായിരുന്നുവെന്നതും ഈ ജലാശയത്തിലെ അപകടക്കെണി നൽകുന്ന മുന്നറിയിപ്പാണ്.
റിസർവോയറിന്റെ ഓരോ ഭാഗവും നന്നായി അറിയുന്ന, പരിചിതരായ പലരും ഇവിടെ മീൻപിടിക്കാനും മറ്റുമായി ഇറങ്ങാറുണ്ട്. നെല്ലാറച്ചാലിൽ പ്രവർത്തിക്കുന്ന സൊസൈറ്റി അംഗങ്ങൾക്കാണ് ഇവിടെ മീൻപിടിക്കാൻ അനുമതിയുള്ളത്. കാലങ്ങളായി മീൻപിടിക്കാൻ ഇറങ്ങാറുണ്ടെങ്കിലും ഇവർക്കു പോലും ലൈഫ് ജാക്കറ്റോ മറ്റു സുരക്ഷാ മുന്നൊരുക്കങ്ങളോ ഇല്ല. ജലാശയത്തിൽ മുങ്ങിക്കിടക്കുന്ന ആമ്പലുകൾക്കിടയിൽ കുടുങ്ങിപ്പോയതാണ് കഴിഞ്ഞ ദിവസം അപകടത്തിന് കാരണമായത്. നീന്തൽ അറിയാവുന്നവർക്കും ഭീഷണിയാണിത്.
Also Read കാരാപ്പുഴ മുഖം മിനുക്കുന്നു
ഇവിടെ എത്തുന്ന സന്ദർശകരും കുളിക്കാനും നീന്താനും ജലാശയത്തിൽ ഇറങ്ങാറുണ്ട്. സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ അപകടസാധ്യത ഏറെയാണ്. മുട്ടിൽ, മേപ്പാടി, അമ്പലവയൽ പഞ്ചായത്തകളിലായാണ് കാരാപ്പുഴ ഡാം റിസർവോയർ വ്യാപിച്ചു കിടക്കുന്നത്. ജലാശയത്തിലേക്ക് ഇറങ്ങാനോ നീന്താനോ അനുമതിയില്ലെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ പലരും കുളിക്കാനും ആമ്പലുകൾ പറിക്കാനുമായി വെള്ളത്തിലിറങ്ങുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നാണ് കാരാപ്പുഴ ഡാം. കബനി നദിയുടെ കൈവഴിയായ കാരാപ്പുഴ നദിയിലാണ് മണ്ണു കൊണ്ട് നിർമിച്ച ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യങ്ങൾക്കായി 1977ൽ ആരംഭിച്ച അണക്കെട്ട് നിർമ്മാണം 2004ൽ പൂർത്തിയായി.