കോഴിക്കോട്. വനം വകുപ്പിനു കീഴിലുള്ള കക്കയം ഇക്കോ ടൂറിസം കേന്ദ്രം 111 ദിവസങ്ങള്‍ക്കു ശേഷം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. പ്രദേശത്ത് വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ജനുവരി 20നാണ് കക്കയം ഡാം സൈറ്റ് മേഖലയിലെ വനംവകുപ്പിന്റെ വിനോദസഞ്ചാര കേന്ദ്രം അടച്ചത്. വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉരക്കുഴി മേഖലയില്‍ ഗൈഡുമാര്‍ ചേര്‍ന്ന് വെള്ളിയാഴ്ച ശുചീകരണം നടത്തിയിരുന്നു. ശനിയാഴ്ച 181 ആളുകളാണ് സന്ദര്‍ശനത്തിനെത്തിയത്.
പുതിയ പ്രവേശന നിരക്ക് ഇങ്ങനെ
ജില്ലാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ തീരുമാന പ്രകാരം കക്കയം ഡാം സൈറ്റ് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നിരക്ക് 10 രൂപയില്‍ നിന്ന് 30 രൂപയാക്കിയും കൂട്ടി. സഞ്ചാരികള്‍ക്ക് മതിയായ ശുചിമുറി സൗകര്യം, ഇരിപ്പിടം, ഉരക്കുഴി കാണാന്‍ തൂക്കുപാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ പ്രവേശന ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.