ചെന്നൈ. തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് SRI LANKAയിലെ ജാഫ്നയിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് തിങ്കളാഴ്ച (മേയ് 13) പുനരാരംഭിക്കും. ശ്രീലങ്കയിലെ പ്രശസ്ത തുറമുഖമായ കാങ്കേശന്തുറൈ (Kankesanthurai KKS Port) എന്ന കെകെഎസ് പോര്‍ട്ടിലേക്കാണ് സര്‍വീസ്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 29 മുതല്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ സര്‍വീസ് ആരംഭിച്ചിരുന്നെങ്കില്‍ മണ്‍സൂണ്‍ കാലാവസ്ഥ ചൂണ്ടിക്കാട്ടി ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ആറു മാസമായി സര്‍വീസ് പുനരാരംഭിച്ചതുമില്ല. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ യാത്രാ കപ്പല്‍ സര്‍വീസ് 40 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
ചെന്നൈ ആസ്ഥാനമായി പുതുതായി ആരംഭിച്ച കമ്പനിയായ ഇന്‍ഡ്ശ്രീ ഫെറി സര്‍വീസസ് ലിമിറ്റഡ് ആണ് ഈ കപ്പല്‍ യാത്ര കൈകാര്യം ചെയ്യുന്നത്. ഇവരുടെ വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. മുതിര്‍ന്നവര്‍ക്ക് 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. 2 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 2994 രൂപയും രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 496 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ എട്ടു മണിക്ക് നാഗപട്ടണത്തു നിന്ന് പുറപ്പെടും. 12 മണിയോടെ കെകെഎസ് പോര്‍ട്ടിലെത്തും. ബ്രേക്ക്ഫസ്റ്റ് ഇന്ത്യയില്‍ നിന്ന് കഴിച്ച് കപ്പലില്‍ കയറിയാല്‍ ലഞ്ചിന് അയല്‍രാജ്യമായി ശ്രീലങ്കയിലെത്താം. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തരിച്ചുള്ള സര്‍വീസ് കെകെഎസ് പോര്‍ട്ടില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് എത്തിച്ചേരും. 4,613 രൂപയാണ് ടിക്കറ്റ് നിരക്ക്. ചരിത്രപ്രാധാന്യമുള്ള പാക്ക് കടലിടുക്കിലൂടെ നാലു മണിക്കൂര്‍ കപ്പല്‍ യാത്ര തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും.
ഇന്‍ഡ്ശ്രീ ഫെറിയുടെ ശിവഗംഗൈ എന്ന കപ്പലിലാണ് യാത്ര. 158 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലാണിത്. അപ്പര്‍ ഡെക്കില്‍ 25 സീറ്റുകളും ലോവര്‍ ഡെക്കില്‍ 133 സീറ്റുകളുമാണുള്ളത്. കുറഞ്ഞ ചെലവില്‍ ഒരു വിദേശ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ സാധ്യമാകുന്ന മികച്ച ഒരു യാത്രയായിരിക്കുമിത്. ടൂറിസ്റ്റുകള്‍ക്കാണെങ്കില്‍ ശ്രീലങ്കയില്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ധാരാളം ഇടങ്ങളുമുണ്ട്.
ലഗേജും ടിക്കറ്റ് റീഫണ്ടും ഇങ്ങനെ
മുതിർന്ന യാത്രക്കാർക്ക് ഒരു ടിക്കറ്റിൽ 60 കിലോഗ്രാം വരെ ലഗേജ് കരുതാം. ഒരു ബാഗിന് 20 കിലോയിൽ അധികം ഭാരം അനുവദിക്കില്ല. ഇങ്ങനെ മൂന്ന് ബാഗേജുകൾ വരെ കൊണ്ടു പോകാം. കൂടാതെ 15 കിലോ വരെ അധിക ലഗേജും അനുവദിക്കും. അധിക ലഗേജിന് 10 കിലോ വരെ ഓരോ കിലോയ്ക്കും 100 രൂപയും നികുതിയും, അടുത്ത അഞ്ച് കിലോയ്ക്ക് 500 രൂപയും നികുതിയും വീതമാണ് നിരക്ക് ഈടാക്കുക. കുട്ടികളുടെ ടിക്കറ്റിൽ 30 കിലോഗ്രാം ബാഗേജാണ് അനുവദിക്കുക. അധിക ലഗേജ് അനുവദിക്കില്ല. ടിക്കറ്റെടുത്ത് ബുക്കിങ് ഉറപ്പിച്ച യാത്രക്കാർക്ക് കപ്പൽ പുറപ്പെടുന്നതിന്റെ 72 മണിക്കൂർ മുമ്പായി ടിക്കറ്റ് കാൻസൽ ചെയ്യുകയാണെങ്കിൽ തുക മുഴുവനായും തിരിച്ചുലഭിക്കും.