കൊച്ചിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിലേക്ക് IRCTCയുടെ കിടിലന്‍ ടൂർ പാക്കേജ്

irctc trip updates kerala

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ അസമിലേയും മേഘാലയയിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) കൊച്ചിയില്‍ നിന്നൊരു കിടിലന്‍ വിമാന യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നു. മാര്‍ച്ച് 11ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ബുക്കിങ് പുരോഗമിക്കുന്നു. ആറ് രാത്രികളും ഏഴ് പകലുകളും നീളുന്ന യാത്രകഴിഞ്ഞ് മാര്‍ച്ച് 17ന് തിരിച്ചെത്താം. 29 പേര്‍ക്കു മാത്രമാണ് അവസരം.

ഗുവാഹത്തി, ഷില്ലോങ്, കാസിരംഗ എന്നിവിടങ്ങളാണ് പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍. ഗുവാഹത്തിയില്‍ ബ്രഹ്‌മപുത്ര നദിയും പ്രശസ്തമായ കമാഖ്യ ക്ഷേത്രവുമെല്ലാം പട്ടികയിലുണ്ട്. അസമിലെ നാഗാവ് ജില്ലയിലെ ഗോലഘട്ടിലുള്ള കാസിരംഗ നാഷനല്‍ പാര്‍ക്ക് ലോക പൈതൃക ഇടങ്ങളിലൊന്നാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഇടമാണ് മേഘങ്ങളുടെ നാടെന്ന് അറിയപ്പെടുന്ന മേഘാലയ. തലസ്ഥാനമായ ഷില്ലോങ്, ചിറാപുഞ്ചി തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

കൊച്ചിയില്‍ നിന്ന് ഗുവാഹത്തിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, പ്രഭാത ഭക്ഷണം, ഡിന്നര്‍, ഹോട്ടല്‍ താമസം, യാത്രാ വാഹനം, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷൂറന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. കുട്ടികള്‍ക്ക് 32,750 രൂപ മുതലും മുതിര്‍ന്നവര്‍ക്ക് 51,250 രൂപ മുതലുമാണ് പാക്കേജ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 8287932082

Legal permission needed