ഈ സ്ഥലങ്ങള്‍ കിടുവാണ്, കുറഞ്ഞ ചെലവില്‍ കറങ്ങാന്‍ ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇതാ

trip updates

ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങി കാണാൻ ആഗ്രഹിക്കാത്ത വിനോദ സഞ്ചാരികളുണ്ടോ? ഭാഷ കൊണ്ടും വേഷം കൊണ്ടും സംസ്കാരം കൊണ്ട് വൈവിധ്യമാർന്ന നമ്മുടെ സംസ്ഥാനങ്ങൾ ഓരോ രാജ്യങ്ങളെ പോലെയാണ്. ഇത് അനുഭവിച്ചറിയുക തന്നെ വേണം. ഇതിനായി വലിയ പണമൊന്നും മുടക്കേണ്ടതില്ല എങ്കിലോ? എന്നാൽ പിന്നെ ഒരു യാത്ര പ്ലാൻ ചെയ്യാമല്ലെ. അതെ, യാത്രാ പ്രിയർക്ക്, അതും ബജറ്റ് യാത്ര മനസ്സിലുള്ളവർക്ക് തീർച്ചയായും പ്ലാൻ ചെയ്യാവുന്ന, കുറഞ്ഞ ചെലവിൽ ചുറ്റിക്കറങ്ങാവുന്ന ഇന്ത്യയിലെ ഏതാനും മനോഹര വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം. ഇവയിൽ മഞ്ഞും മലയും മരുഭൂമിയും നഗരവും തുടങ്ങി തിരഞ്ഞെടുക്കാവുന്ന ഇഷ്ട ഇടങ്ങളുമുണ്ട്.

പുഷ്‌കര്‍

രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് അജ്മേർ ജില്ലയിലെ പുഷ്കർ. ഇന്ത്യയ്കകത്ത് കുറഞ്ഞ ചെലവിൽ ചുറ്റിക്കറങ്ങുന്നവർക്ക് മികച്ച ഒരിടം.  ഇവിടെ നടക്കുന്ന പുഷ്കർ ഒട്ടക മേള ഏറെ പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേള ആയാണ് ഇതറിയപ്പെടുന്നത്. രാജസ്ഥാനി പൈതൃകത്തിന്റെ വലിയ ആഘോഷം കൂടിയാണിത്. ഒട്ടക പന്തയം, ഒട്ടക ചന്ത. സംഗീത, നൃത്ത, കലാ പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാൾ സമ്പന്നമാണീ ഉത്സവം. തെരുവു ചന്തകളാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന്. ഹൈന്ദവ, സിഖ് വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് ധാരാളം കേന്ദ്രങ്ങളുള്ള ഈ പട്ടണം.  അജ്മേർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്ററാണ് ദൂരം. അജ്മീർ ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്ററും.

മക്ലോയ്ഡ് ഗഞ്ച്

ഹിമാചൽ പ്രദേശിലെ തിബറ്റൻ ബുദ്ധിസ്റ്റുകളുടെ കേന്ദ്രമായ ധർമശാലയ്ക്കടുത്ത കൊച്ചു പട്ടണമായ മക്ലോയ്ഡ് ഗഞ്ച് സോളോ ട്രിപ്പ് പ്രേമികൾക്ക് ഏറ്റവും മികച്ചൊരിടമാണ്. തിബറ്റൻ പ്രവാസി സർക്കാരിന്റെ ആസ്ഥാനവും ഇവിടെയാണ്. തിബറ്റൻ വംശജരും ഇവിടെ ഒത്തിരിയുണ്ട്. കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാനും താസിക്കാൻ ഹോസ്റ്റലുകളും ഹോംസ്റ്റേകളുമടക്കം നിരവധി ഒപ്ഷനുകളുണ്ട്. ലിറ്റിൽ ലഹാസ എന്ന വിളിപ്പേരുള്ള, ഹിമാലയൻ മലനിരകളോട് ചേർന്നുള്ള കൊച്ചു പട്ടണമാണ്. പഞ്ചാബിലെ പത്താൻകോട്ട് റെയിൽവേ സ്റ്റഷനാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ. 90 കിലോമീറ്റർ ദൂരമുണ്ട്. കൻഗ്ര ഗഗ്ഗൽ എയർപോർട്ടിൽ നിന്ന് 12 കിലോമീറ്ററും. പത്താൻകോട്ട് നിന്ന് ഹിമാചൽപ്രദേശിലെ മണ്ഡിലിയേക്കുള്ള ദേശീയ പാത 154 വഴിയും ഇവിടെ എത്താം. പ്രധാന നഗരങ്ങളിൽ നിന്നെല്ലാം മക്ലോയ്ഡ് ഗഞ്ചിലേക്ക് ബസ് സർവീസ് ഉണ്ട്.

ഡാർജിലിങ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഒരു സുഖവാസ കേന്ദ്രമാണ് പശ്ചിമ ബംഗാളിന്റെ വടക്കേ അതിർത്തിയിൽ, ശിവാലിക് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ്. ഊട്ടിക്കു സമാനമായ പലതും ഇവിടെയുമുണ്ട്. ഇതിലൊന്നാണ് വിശാലമായ ചായത്തോട്ടങ്ങളും യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ഡാർജിലിങ് ഹിമാലയൻ ഹെരിറ്റേജ് ട്രെയിൻ സർവീസും. ഡാർജിലിങ് ബ്ലാക്ക് ടീ ലോക പ്രശസ്തമാണ്. സിലിഗുരിയിൽ നിന്നും ഗാങ്ടോക്കിൽ നിന്നും സ്ഥിരം ബസ്. ടാക്സി സർവീസുകൾ ഡാർജിലിങ്ങിലേക്ക് ഉണ്ട്. സിലിഗുരിയിൽ നിന്ന് 80 കിലോമീറ്ററാണ് ദൂരം. സാഹസികത നിറഞ്ഞ പാതയാണ്. അയൽരാജ്യങ്ങളായ നേപ്പാളുമായും ഭൂട്ടാനുമായും അയൽ സംസ്ഥാനമായ സിക്കിമുമായും ചരിത്രവും പങ്കിടുന്നു.

ഋഷികേഷ്

ഉത്തരാഖണ്ഡിൽ ഹിമാലയൻ താഴ്വരയിൽ ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ടൂറിസം, തീർത്ഥാടന കേന്ദ്രമാണ് ഋഷികേഷ്. ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടം എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. കുറഞ്ഞ ചെലവിൽ താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഇടങ്ങൾക്ക് ഇവിടെ ഒട്ടും കുറവില്ല. ഹരിദ്വാറിൽ നിന്ന് 25 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

പുതുച്ചേരി

പോക്കറ്റ് ചോരാതെ യാത്ര ചെയ്യാവുന്ന മികച്ച ഇടങ്ങളിലൊന്നാണ് പോണ്ടിച്ചേരി. ഫ്രഞ്ച് കോളോണിയൽ നിർമിതികളും സുന്ദരവും വിശാലമായ ബീച്ചുകളും സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നു. കുറഞ്ഞ നിരക്കിൽ ഫ്രഞ്ച് വിഭവങ്ങൾ ആസ്വദിക്കാവുന്ന ഇടം കൂടിയാണ്. പാരഡൈസ് ബീച്ച്, ലൈറ്റ് ഹൌസ്, യുദ്ധ സ്മാരകങ്ങൾ തുടങ്ങി ഓട്ടേറയുണ്ട് കാണാൻ. ചെന്നൈയിൽ നിന്ന് ബസ്, ട്രെയിൻ മാർഗം വേഗത്തിൽ ഇവിടെ എത്തിച്ചേരാം.

ഹംപി

ബജറ്റ് വിനോദ സഞ്ചാരികൾക്ക് ആശ്രയിക്കാവുന്ന കർണാടകയിലെ മികച്ചൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഹംപി. ശിൽപ്പങ്ങളും സ്തൂപങ്ങളും കൊട്ടാരങ്ങളും നിറഞ്ഞ, നിരവധി പുരാതന ക്ഷേത്ര ശേഷിപ്പുകളുടെ കാഴ്ചകൾ ഇവിടെ എമ്പാടുമുണ്ട്. കിലോമീറ്ററുകൾ ദൂരത്തിൽ കാഴ്ചകൾ വ്യാപിച്ചു കിടക്കുന്നയിടമാണ്. ചരിത്രത്തിലും പൈതൃകങ്ങളിലും താൽപര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. സൂര്യാസ്തമയ കാഴ്ച ഇതി മനോഹരമാണിവിടെ. ബജറ്റ് താമസത്തിന് ഉതകുന്ന നിരവധി ഹോട്ടലുകളും ഹോസ്റ്റലുകളുമുണ്ടിവിടെ. ഹോസ്പേട്ട് ജങ്ഷൻ ആണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് 13 കിലോമീറ്റർ ദൂരമുണ്ട് ഹംപിയിലേക്ക്. കിഷ്കിന്ദ എന്ന ആനേഗുഡിയും ഹംപിക്കടുത്താണ്. മൈസുരൂവിൽ നിന്ന് ട്രെയിൻ ലഭിക്കും.

ഗോകർണ

കർണാടകയിലെ മറ്റൊരു ബജറ്റ് ടൂറിസ്റ്റ് കേന്ദ്രമാണ് ഗോകർണ. സുന്ദരമായ ബീച്ചുകൾക്ക് പേരുകേട്ടയിടമാണ്. ഗോവയ്ക്കു പകരം ചെലവ് കുറഞ്ഞ ഒപ്ഷനായി തിരഞ്ഞെടുക്കാവുന്ന മികച്ചയിടം. ക്ഷേത്ര നഗരം കൂടിയാണ്. മഹാബലേഷ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രം. മംഗലാപുരത്ത് നിന്ന് 238 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം.

Legal permission needed