വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാം; ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ

cheap flight tickets trip updates

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ചെലവ് ചുരുക്കാനുള്ള വഴികള്‍ അന്വേഷിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് വിമാനത്തിലാണ് യാത്ര എങ്കില്‍. നല്ലൊരു തുക വിമാന ടിക്കറ്റിനു വേണ്ടി മാത്രം നീക്കിവെക്കേണ്ടി വരും. എന്നാല്‍ വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നാല്‍ നമുക്ക് തന്നെ നിരക്ക് ഇളവുകള്‍ ലഭിക്കും, ചെലവും കുറയ്ക്കാം. ഇവിടെ പറയുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അല്‍പ്പം വൈദഗ്ധ്യവും സമയവും വേണമെന്നു മാത്രം. ഇതുവഴി നമുക്ക് ചെലവ് കാര്യമായി തന്നെ കുറയ്ക്കാനാകും. എന്തെല്ലാമാണ് ഈ പൊടിക്കൈകള്‍ എന്നു നോക്കാം.

മുന്‍കൂട്ടി ബുക്ക് ചെയ്യുക: ആര്‍ക്കും ലളിതമായി ചെയ്യാവുന്നതാണ്. യാത്രാ പ്ലാനുകള്‍ തയാറായാല്‍ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ തിരക്കേറിയ റൂട്ടുകളിലും പീക്ക് യാത്രാ സീസണുകളിലും ഉണ്ടാകുന്ന ഉയര്‍ന്ന നിരക്കില്‍ നിന്ന് രക്ഷപ്പെടാം.

യാത്രാ തീയതികളില്‍ കടുംപിടിത്തം പാടില്ല: സൗകര്യപ്രദമായ ദിവസം ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്നവരാണെങ്കില്‍ വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം. ഇതിനായി ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ പോയി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ഏതൊക്കെ തീയതികളിലാണ് ലഭിക്കുക എന്ന് പരിശോധിക്കുക. ഇതില്‍ നിന്നും സൗകര്യപ്പെടുന്ന ദിവസം തിരഞ്ഞെടുക്കാം.

ചെറിയ എയര്‍പോര്‍ട്ടുകള്‍ തിരഞ്ഞെടുക്കുക: തിരക്കേറിയതും പ്രധാനപ്പെട്ടവയുമായ എയര്‍പോര്‍ട്ടുകള്‍ക്കു പകരം ബദല്‍ വിമാനത്താവളങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കുക. പ്രത്യേകിച്ച് ചെറിയ വിമാനത്താവളങ്ങളില്‍ നിന്ന് താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാം. എന്നാല്‍ ഈ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രാ ചെലവ് കൂടി പരിഗണിക്കണം.

ടിക്കറ്റ് നിരക്ക് സെര്‍ച്ച് ചെയ്യുന്നത് വിമാന കമ്പനികള്‍ അറിയരുത്. രഹസ്യമാക്കി വെക്കാന്‍ ചെറിയൊരു പൊടിക്കൈ ഉണ്ട്. ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്ന ബ്രൗസര്‍ പ്രൈവറ്റ് അല്ലെങ്കില്‍ ഇന്‍കോഗ്നിറ്റോ മോഡില്‍ ഉപയോഗിക്കുക. ഇതുവഴി കുക്കീസ് നമ്മുടെ സെര്‍ച്ച് ഹിസ്റ്ററി ട്രാക്ക് ചെയ്യുന്നത് തടയാം. ടിക്കറ്റ് ബുക്കിങ് സൈറ്റുകളും വിമാന കമ്പനികളുടെ വെബ്‌സൈറ്റുകളും കുക്കീസ് ഉപയോഗിച്ച് നമ്മുടെ സെര്‍ച്ചുകള്‍ പരിശോധിക്കുകയും, ഒരേ റൂട്ടില്‍ ആവര്‍ത്തിച്ച് സെര്‍ച്ച് ചെയ്തതായി കണ്ടാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാധ്യത കൂടുതലാണ്. സ്കൈ സ്കാനർ, ഗൂഗ്ൾ ഫ്ളൈറ്റ്സ് തുടങ്ങി ഫ്ളൈറ്റ് ബുക്കിങ് അഗ്രിഗേറ്റർ സൈറ്റുകളിലും ആപ്പുകളിലും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്. ഇവിടെ ബുക്ക്‌ ചെയ്യാനും കഴിയും. ബ്രൗസറിൽ നിന്ന് കുക്കീസ് ഡിലീറ്റ് ചെയ്യാൻ മറക്കരുത്.

ബജറ്റ് എയര്‍ലൈനുകള്‍: കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്‌സ് ആണ് ബജറ്റ് വിമാന കമ്പനികള്‍. മറ്റു വിമാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങള്‍ കുറവായിരിക്കും. ഹ്രസ്വദൂര യാത്രകള്‍ക്കാണ് പ്രധാനമായും ഇവ സഹായകമാകുക.

malaysia trip updates

കണക്ഷന്‍ വിമാനങ്ങള്‍: സമയം ഒരു പ്രശ്‌നമല്ലെങ്കില്‍, കുറച്ചധികം ദൂരവും പുതിയ എയര്‍പോര്‍ട്ടുകളും പരീക്ഷിച്ചറിയണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങള്‍ പിടിക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഡയറക്ട് വിമാനങ്ങളേക്കാള്‍ പലപ്പോഴും വളരെ കുറഞ്ഞ ചെലവില്‍ കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാം. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ലേ ഓവര്‍ സമയമാണ്. കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കാന്‍ തക്ക സമയം യാത്രയില്‍ ലഭ്യമാണ് എന്നുറപ്പാക്കണം.

റിവാഡ് പോയിന്റുകള്‍ ഉപയോഗിക്കുക. പതിവായി വിമാന യാത്ര ചെയ്യുന്നവരാണെങ്കില്‍ ലോയല്‍റ്റി റിവാഡുകളും മൈലുകള്‍ ലഭിക്കും. ഈ റിവാഡ് പോയിന്റുകള്‍ വച്ച് ടിക്കറ്റ് നിരക്കില്‍ ഇളവ് നേടാം. വിമാന കമ്പനികള്‍ക്കു പുറമെ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ബാങ്കുകളും റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നുണ്ട്. ഇവയും ഉപയോഗപ്പെടുത്താം.

തിരക്കേറിയ സമയത്തെ യാത്ര ഒഴിവാക്കാം. തിരക്കുള്ള സമയങ്ങളിലാണ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരിക്കുക. പ്രത്യേകിച്ച് വാരാന്ത്യ ദിവസങ്ങളിലും അവധി ദിനങ്ങളിലും. പീക്ക് സീസണുകളില്‍ യാത്ര ഒഴിവാക്കുന്നതു വഴി വലിയൊരു തുക തന്നെ ടിക്കറ്റ് ഇനത്തില്‍ ലാഭിക്കാം. രാത്രി വൈകിയും, പുലര്‍ച്ചെ നേരത്തേയുമുള്ള വിമാനങ്ങള്‍ക്കും പൊതുവെ നിരക്ക് കുറവായിരിക്കും.

ഉടനടി ബുക്ക് ചെയ്യാന്‍ ഒരുങ്ങിയിരിക്കുക. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. വിമാന ടിക്കറ്റ് നിരക്ക് ഡൈനാമിക് പ്രൈസിങ് രീതിയാണ് പിന്തുടരുന്നത്. വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് ഒരിക്കല്‍ കണ്ടാല്‍ അല്‍പ്പം കഴിഞ്ഞ് അത് വീണ്ടും കാണണമെന്നില്ല. നമ്മുടെ ബജറ്റ് പരിധിക്കുള്ളിലാണെങ്കില്‍ ഉടന്‍ ബുക്ക് ചെയ്യുക.

Legal permission needed