ന്യൂദല്‍ഹി. ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് രേഖകളില്ലാതെ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്ന ഉടമ്പടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. രേഖകളില്ലാതെ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ ഇനി നടക്കില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും അവിടുത്തെ ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. ഫ്രീ മൂവ്‌മെന്റ് റെഷിം (Free Movement Regime) എന്ന ഉടമ്പടിയാണ് ഇന്ത്യ അവസാനിപ്പിച്ചത്. ഇതു പ്രകാരം ഇരുരാജ്യങ്ങളിലേയും അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിരതാമസക്കാര്‍ക്ക് അയല്‍ രാജ്യത്തെ അതിര്‍ത്തി കടന്ന് 16 കിലോമീറ്റര്‍ ദൂരം വരെ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഇനി ഈ സഞ്ചാരം നടക്കില്ല. മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 1643 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യ മ്യാന്മറുമായി പങ്കിടുന്നത്.
മ്യാന്‍മറിലെ ആഭ്യന്തര കലാപം മൂലം അവിടെ നിന്നും ജനങ്ങള്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത് പതിവാണ്. ഇതിനു തടയിടണമെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മ്യാന്‍മര്‍ അതിര്‍ത്തി വേലികെട്ടി ഭദ്രമാക്കണമെന്ന് മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയിലെ ഭൂരിപക്ഷ സമൂഹമായ മെയ്‌തേയ് വിഭാഗക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. വേലിക്കു പുറമെ പട്രോളിങ്ങിനായി പ്രത്യേക ട്രാക്കും അതിര്‍ത്തിയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.