മേയ് 7 മുതല്‍ ഊട്ടിയിൽ വാഹനങ്ങൾക്ക് ePass നിര്‍ബന്ധം; ഓണ്‍ലൈനായി ഇങ്ങനെ അപേക്ഷിക്കാം

ooty epass trip updates

ചെന്നൈ. അവധിക്കാല സീസണില്‍ വിനോദസഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചതോടെ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ePass നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി ഇ-പാസ് എടുത്ത വാഹനങ്ങള്‍ക്കു മാത്രമെ മേയ് 7 മുതല്‍ ജൂണ്‍ 30 വരെ നീലഗിരി, കൊടൈക്കനാല്‍ ജില്ലകളിലേക്ക് പ്രവേശനം അനുവദിക്കൂ. ഇ-പാസ് എടുത്ത നിശ്ചിത എണ്ണം വാഹനങ്ങളെ മാത്രമെ ഓരോ ദിവസവും കടത്തി വിടൂ. സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളില്ല, വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

തമിഴ്നാട് സർക്കാരിന്റെ ടിഎൻ ഇപാസ് വെബ്‌സൈറ്റ് മുഖേനയാണ് (Ooty ePass registration) അപേക്ഷിക്കേണ്ടത്. epass.tnega.org എന്ന വെബ്സൈറ്റിൽ ലിങ്ക് ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷിക്കുന്നയാള്‍ സാധുതയുള്ള തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം. ആധാര്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നായാല്‍ മതി. കൂടാതെ വാഹനത്തിന്റെ വിവരങ്ങള്‍, സന്ദര്‍ശന തീയതി, തങ്ങുന്ന ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കണം.

വേനലവധിക്കാലത്ത് ദിനംപ്രതി ഇരുപതിനായിരത്തോളം വാഹനങ്ങളാണ് നീലഗിരിയിലെത്തുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായ നീലഗിരിയില്‍ വാഹനങ്ങളുടെ ഈ ആധിക്യം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാഹനങ്ങളുടെ പോക്കുവരവുകള്‍ വന്യജീവികളുടെ സൈരവിഹാരത്തിനും തടസ്സമാകുന്നുണ്ട്. റോഡുകള്‍ കടന്നു പോകുന്നത് ആനത്താരകളിലൂടെയാണ്. മാത്രവുമല്ല വാഹനങ്ങളുടെ പെരുപ്പം പലപ്പോഴും വനത്തിനുള്ളിലെ റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാഹനങ്ങളുടെ എണ്ണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

Legal permission needed