ശ്രീനഗർ. (Kashmir) അതിമനോഹര പര്‍വ്വത നിരകള്‍, മഞ്ഞു പുതച്ചു കിടക്കുന്ന താഴ്‌വരകള്‍, വിശാലമായ പച്ചവിരിച്ച പാടങ്ങള്‍, ആപ്പിള്‍ തോട്ടങ്ങള്‍, കുങ്കുമപ്പാടങ്ങള്‍… എല്ലാ വശങ്ങളിൽ നിന്നും ഈ മനോഹര കാഴ്ചകള്‍ കണ്ടൊരു ട്രെയിന്‍ യാത്രയെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, സ്വിറ്റ്‌സര്‍ലന്‍ഡില്‍ അല്ല, നമ്മുടെ സ്വന്തം കശ്മീരില്‍. അതെ, ഈ യാത്ര ഇനി കശ്മീരില്‍ സാധ്യമാണ്. പുതിയ Glass-Top Train എത്തിക്കഴിഞ്ഞു. കൂടുതല്‍ വിശേഷങ്ങള്‍ പറയാം.
കശ്മീരിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ മികച്ച യാത്രാനുഭവം നല്‍കാന്‍ കൂടുതല്‍ സൗകര്യങ്ങളാണ് കശ്മീരില്‍ പുതുതായി വരുന്നത്. ഇവയിലൊന്നാണ് ഈയിടെ ഉദ്ഘാടനം ചെയ്ത വിസ്റ്റാഡോം കോച്ചുകളുള്ള പ്രത്യേക എസി ട്രെയിന്‍. ചുറ്റും ചില്ലുജാലകങ്ങളും 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളുമുള്ള ഈ പ്രത്യേക ട്രെയിന്‍ യാത്രയില്‍ കശ്മീരിന്റെ പ്രകൃതി സൗന്ദര്യം തെളിഞ്ഞുകാണുകയും ആസ്വദിച്ചു യാത്ര ചെയ്യുകയും ചെയ്യാം. ദക്ഷിണ കശ്മീരിലെ ബനിഹാലില്‍ നിന്ന് മധ്യ കശ്മീരിലെ ബുദ്ഗാം വരെ 90 കിലോമീറ്റര്‍ ദൂരമാണ് ഈ ടൂറിസ്റ്റ് ട്രെയിനിന്റെ യാത്ര.
ബുദ്ഗാമില്‍ നിന്ന് ബനിഹാല്‍ വരെ ഒരു ദിശയില്‍ യാത്ര ചെയ്യുന്നതിന് 940 രൂപയാണ് ടിക്കറ്റ് നിരക്ക്. റൗണ്ട് ട്രിപ്പാണെങ്കില്‍ 1880 രൂപയാണ് നിരക്ക്. ബുദ്ഗാമില്‍ നിന്ന് രാവിലെ 9.10ന് യാത്ര ആരംഭിക്കും. ശ്രീനഗര്‍, അവന്തിപോറ, അനന്ത്‌നാഗ്, ഖാസിഗുണ്ഡ് എന്നീ സ്റ്റോപ്പുകള്‍ കടന്ന് 11.05ന് ബനിഹാലില്‍ എത്തിച്ചേരും. തിരിച്ച്, ബനിഹാലില്‍ നിന്ന് വൈകീട്ട് 4.50ന് പുറപ്പെട്ട് 6.35ന് ബുദ്ഗാമില്‍ എത്തിച്ചേരും. വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്താണ് സമയക്രമവും സ്റ്റോപ്പുകളും നിശ്ചയിച്ചിട്ടുള്ളത്.
സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമാകുമിത്. വശങ്ങളില്‍ വിശാലമായ ചില്ലുജാലകങ്ങളും മുകളില്‍ ഗ്ലാസ് സീലിങ്ങുമാണ് മികച്ച കാഴ്ചയൊരുക്കുന്നത്. കറങ്ങുന്ന സീറ്റിലിരുന്ന് ഏതു വശത്തേക്കും അനായാസം നോക്കാം. കശ്മീരിലെ കടുത്ത കാലാവസ്ഥയിലും മുടക്കമില്ലാതെ സര്‍വീസ് നടത്താവുന്ന രീതിയിലാണ് ഇന്ത്യന്‍ റെയില്‍വേസ് ഈ ട്രെയിന്‍ ഒരുക്കിയിരിക്കുന്നത്. വലിയ ഗ്ലാസ് വിന്‍ഡോകള്‍ക്കും റൊട്ടേറ്റിങ് ചെയറുകള്‍ക്കും പുറമെ ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകള്‍, എല്‍ഇഡി ഡിസ്‌പ്ലേ, ജിപിഎസ്, ലഗേറ് റാക്ക് തുടങ്ങിവയും പുര്‍ണമായും ശീതീകരിച്ച വിസ്റ്റാഡോം കോച്ചിലുണ്ട്.
ട്രെയിന്‍ സര്‍വീസ് വളരെ പരിമിതമായ കശ്മീര്‍ താഴ്‌വരയില്‍ വിസ്റ്റാഡോം കോച്ചുകളുമായുള്ള ഈ ട്രെയിന്‍ സര്‍വീസ് ടൂറിസം രംഗത്ത് വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 1.9 കോടി വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ മാത്രം 1.7 കോടി ടൂറിസ്റ്റുകള്‍ എത്തിക്കഴിഞ്ഞു. 2023ല്‍ 2.25 കോടി ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്.
Summary: For the first time in Kashmir, a glass-top train with Vistadome coach will run from Banihal to Budgam, offering tourists a panoramic viewing experience of the dramatic landscape enroute.