ഫുജൈറ. ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ 39 നഗരങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതോടെ ഫുജൈറ രാജ്യാന്തര വിമാനത്താവളം (Fujairah International Airport) വീണ്ടും സജീവമാകുന്നു. ബുധനാഴ്ച സലാം എയർ ഇവിടെ നിന്നുള്ള സർവീസുകൾക്ക് തുടക്കമിട്ടു. തിരുവനന്തപുരം, ലഖ്‌നൗ, ജയ്പൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഫുജൈറയില്‍ നിന്ന് സലാം എയര്‍ സര്‍വീസുണ്ട്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് തിരുവനന്തപുരത്തേക്കുള്ളത്. മസ്‌കത്ത് വഴിയാണ് യാത്ര എന്നതിനാല്‍ 16.35 മണിക്കൂര്‍ വരെ സമയമെടുക്കും. രാവിലെ 9.40ന് ഫുജൈറയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.35ന് മസ്‌കത്തില്‍ ഇറങ്ങും. ഇവിടെ നിന്ന് രാത്രി 10.25ന് പുറപ്പെട്ട് പുലര്‍ച്ചെ 3.45ന് തിരുവനന്തപുരത്ത് ഇറങ്ങും.
രണ്ടാമത്തെ സര്‍വീസ് ആറ് മണിക്കൂര്‍ സമയമെടുക്കും. രാത്രി 8.10ന് ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് 10.05ന് മസ്‌കത്തില്‍ ഇറങ്ങും. ഇവിടെ നിന്ന് 10.25ന് പുറപ്പെട്ട് പുലര്‍ച്ചെ 3.45ന് തിരുവനന്തരപുരത്ത് ഇറങ്ങും. 10000 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. ചില ദിവസങ്ങളില്‍ 22000 രൂപ വരെ ഉയരുന്നുമുണ്ട്.
ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന വിമാനത്താവളമാണ് ഫുജൈറ. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഇവിടങ്ങളില്‍ നിന്ന് ഫുജൈറ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്താനും സലാം എയറിന് പദ്ധതിയുണ്ട്. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ യാത്രാ അവസരങ്ങള്‍ തുറക്കും. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസ് തുടങ്ങാനുള്ള ശ്രമത്തിലാണ് സലാം എയര്‍.
റിയാദ്, മസ്‌കത്ത്, സലാല, കൊളംബോ, കാഠ്മണ്ഡു, ധാക്ക, ചിറ്റഗോങ്, ക്വല ലംപൂര്‍, ഫുകെത്, ബാങ്കോക്, ഷിറാസ്, തെഹ്‌റാന്‍, ത്രബ്‌സോണ്‍, കറാച്ചി, സിയാല്‍കോട്ട് എന്നീ നഗരങ്ങളിലേക്കും ഫുജൈറയില്‍ നിന്ന് സലാം എയര്‍ സര്‍വീസുണ്ട്.
Also Read സലാലയിലേക്ക് സഞ്ചാരികളെ മാടിവിളിച്ച് മഞ്ഞും മഴയും
ഏഴു മാസം മുമ്പാണ് ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ റണ്‍വെ തുറന്നത്. ഇത് വിമാനത്താവള വികസത്തില്‍ പുതിയ നാഴികക്കല്ലായിരുന്നു. ഇതോടൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഒട്ടേറെ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും പാസഞ്ചര്‍ ട്രാഫിക് ഓപറേഷന്‍സിനു വേണ്ടി ഇവിടെ തുറന്നു. മികച്ച വളര്‍ച്ചാ സാധ്യതയുള്ള മേഖലയാണ് ഫുജൈറ. മികച്ച ബീച്ചുകള്‍, പര്‍വ്വത നിരകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പേരുകേട്ട വിപണികള്‍, യുഎഇയിലെ ഏറ്റവും പഴക്കമുള്ള പള്ളിയായ അല്‍ ബിദായ മസ്ജിദ്, ഫുജൈറ ഫോര്‍ട്ട് തുടങ്ങിയ സമ്പന്നമായ സാംസ്‌കാരിക പൈതൃകം എല്ലാം ഫുജൈറയുടെ സവിശേഷതകളാണ്.