ഷെങ്കന്‍ വിസ തള്ളപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്; സഞ്ചാരികള്‍ക്ക് നഷ്ടം 87 കോടി

അതിര്‍ത്തി നിയന്ത്രണങ്ങളില്ലാത്ത, പൊതു വിസ നയം പിന്തുടരുന്ന യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന ഒറ്റ വിസയാണ് ഷെങ്കന്‍ വിസ (Schengen Visa). വിനോദ യാത്ര, ബിസിനസ്, കലാ കായിക പരിപാടികള്‍, കുടുംബ സന്ദര്‍ശനം തുടങ്ങി അനവധി ആവശ്യങ്ങള്‍ക്കായി ഈ വിസ ഉപയോഗപ്പെടുത്തുന്നവരില്‍ മുന്നിലാണ് ഇന്ത്യക്കാര്‍. കോവിഡ് മഹാമാരിക്കു ശേഷം 2022ല്‍ ആഗോള ട്രാവല്‍ വ്യവസായ രംഗത്തുള്ളണ്ടായ തിരിച്ചുവരവില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായാണ് കണക്കുകള്‍. 415 ശതമാനമാണ് വര്‍ധന. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ ഷെങ്കന്‍ വിസ നിരസിക്കലിന്റെ നിരക്കും കുറഞ്ഞിട്ടുണ്ട്.

എങ്കിലും ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അപേക്ഷ നിരസിക്കപെടുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഷെങ്കന്‍ വിസ അപേക്ഷ തള്ളലിലൂടെ മാത്രം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നഷ്ടമായത് 87 കോടി രൂപയാണ്. 2022ല്‍ ഇന്ത്യയില്‍ നിന്ന് ആകെ 6,71,928 അപേക്ഷകള്‍ ലഭിച്ചപ്പോള്‍ ഇവയില്‍ 18 ശതമാനവും (1,21,188) നിരസിക്കപ്പെട്ടു. മുന്‍വര്‍ഷത്തെ 23.3 ശതമാനത്തെ അപേക്ഷിച്ച് ഈ നിരക്ക് കുറവാണെങ്കിലും ആഗോള തലത്തില്‍ ഷെങ്കന്‍ വിസ നിരസിക്കലിന്റെ ശരാശരിയായ 17.9 ശതമാനത്തിനു മുകളിലാണിത്.

ഈ വിസ അപേക്ഷ നിരസിക്കലിലൂടെ ഇന്ത്യക്കാര്‍ക്ക് യാത്ര റദ്ദാക്കേണ്ടി വരുന്നു. തന്മൂലം വലിയ ധനനഷ്ടവും ഉണ്ടാകുന്നു. ഇന്ത്യക്കാര്‍ ശരാശരി 480 കോടി രൂപയാണ് വീസ അപേക്ഷകള്‍ക്കായി കഴിഞ്ഞ വര്‍ഷം മുടക്കിയത്. 12 വയസ്സിനു മുകളില്‍ പ്രായമുള്ള സാധാരണ ഇന്ത്യക്കാരന് അപേക്ഷ ഫീസ് 7200 രൂപയോളം വരും (80 യൂറോ). 12 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പ്രത്യേക വിഭാഗങ്ങള്‍ക്കും ഫീസില്‍ മാറ്റമുണ്ടാകും. എങ്കിലും വിസ അപേക്ഷ തള്ളുന്നതിലൂടെ ഇന്ത്യക്കാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം തന്നെ ഉണ്ടാകുന്നു.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അള്‍ജീരിയയാണ്. 45.8 അള്‍ജീരിയന്‍ അപേക്ഷകളും ഷെങ്കന്‍ അധികൃതര്‍ നിരസിച്ചു. മൂന്നാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍ നിന്നുള്ള 1,20,876 അപേക്ഷളും തള്ളിപ്പോയി. മൊറോക്കോ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ അപേക്ഷകളും തള്ളപ്പെട്ടു.

പാസ്‌പോര്‍ട്ടില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ഭൂപ്രദേശമാണ് യുറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ മേഖല. ഷെങ്കന്‍ കരാറില്‍ ഒപ്പിട്ട 27 രാജ്യങ്ങളുടെ കോണ്‍സുലേറ്റ് വഴിയാണ് ഈ വീസ ലഭിക്കുക. പോകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ കോണ്‍സുലേറ്റ് വഴി അപേക്ഷിക്കണം. കര്‍ശനമായ മാനദണ്ഡങ്ങളും വിശദമായ രേഖാ പരിശോധനകളും ഉള്‍പ്പെടുന്ന നീണ്ട പ്രക്രിയയാണിത്. വീസ് എളുപ്പത്തില്‍ കിട്ടുകയില്ല. രേഖകള്‍ എല്ലാം ശരിയായാലും മറ്റെല്ലാ മാനദണ്ഡങ്ങള്‍ പാലിച്ചാലും യാത്രയുടെ ഉദ്ദേശ്യത്തെ കുറിച്ച് സംശയമുണ്ടായാല്‍ അപേക്ഷ നിരസിക്കപ്പെടും.

Legal permission needed