Emirates വിമാനങ്ങളില്‍ ഓണ സദ്യ ഉണ്ണാം, വാഴയിലയിൽ തന്നെ

കൊച്ചി. ഓണം ഉത്സവ സീസണില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ദുബയിലക്ക് സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്സ് (Emirates) വിമാനങ്ങളിലും യാത്രക്കാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ണാം. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 14ഉം തിരുവനന്തപുരത്ത് ഏഴും വിമാനങ്ങളാണ് ദുബയിലേക്ക് പറക്കുന്നത്. ഇവയിലെല്ലാം ഓഗസ്റ്റ് 31 വരെ എല്ലാ ക്ലാസിലും ഓണ സദ്യ ലഭിക്കും. ആകാശത്താണെങ്കിലും വാഴ ഇലയില്‍ തന്നെയായിരിക്കും സദ്യ വിളമ്പുകയെന്നും എമിറേറ്റ്‌സ് പറയുന്നു.

ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കൊണ്ടാട്ടം മുളക്, കാളന്‍, പച്ചടി, പുളിയിഞ്ചി തുടങ്ങി എല്ലാ തനത് വിഭവങ്ങളും സദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പപ്പടവും മാങ്ങാ അച്ചാറും കൂടെ ലഭിക്കും.

ആകാശ യാത്രയിലെ ഓണസദ്യ വെറൈറ്റി ആക്കണമെന്നുള്ളവര്‍ക്കായി പ്രത്യേക നോണ്‍വെജ് വിഭവങ്ങളും എമിറേറ്റ്‌സ് നല്‍കുന്നുണ്ട്. മെയിന്‍ കോഴ്‌സായി വെജ്, നോണ്‍വെജ് ഓപ്ഷനുകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സദ്യയ്‌ക്കൊപ്പം ഒഴിച്ചുകൂടാനാകത്ത പാലടപ്രഥമന്‍ അല്ലെങ്കിലും പരിപ്പു പായസവും ആകാം.

ഇതോടൊപ്പം ഇലവീഴാ പൂഞ്ചിറ, ഹൃദ്യം, ബ്രോ ഡാഡി തുടങ്ങി 18 മലയാള സിനിമകളും യാത്രയില്‍ ആസ്വദിക്കാം. എമിറേറ്റ്‌സിന്റെ ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഐസില്‍ 2000ലേറെ സിനിമകളും 650 ടിവി ഷോകളും, 4000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മ്യൂസിക്, പോഡ്കാസ്റ്റ്, ഓഡിയോ ബുക്കുകളും 40 ഭാഷകളില്‍ ലഭ്യമാണ്.

Legal permission needed