OOTYയിൽ അധികമാരും എത്താത്ത അഞ്ച് വിനോദ കേന്ദ്രങ്ങളെ അറിയാം

ooty tripupdates.in

✍️ സുജിത്ത് ശർമ്മ എസ്

നിങ്ങൾ OOTYയിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ? അതെ, ദി ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്. പശ്ചിമഘട്ട മല നിരകളിൽ സ്ഥിതി ചെയ്യുന്ന, നീലഗിരി ജില്ലയിലെ ഊട്ടി അഥവാ ഉദഗമണ്ഡലം എന്നും നമ്മുടെ ഇഷ്ട വിനോദ കേന്ദ്രമാണ്. ആരേയും മോഹിപ്പിക്കുന്ന പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം, മലയോരം പച്ച പുതച്ച് പരന്നങ്ങനെ കിടക്കുകയാണ്. ഒപ്പം മലനിരകളെ തൊട്ടു തലോടിയെത്തുന്ന കോടമഞ്ഞും തെല്ലൊന്നുമല്ല മനസ്സിനെ തൊട്ടുണർത്തുന്നത്. ഭൂപ്രകൃതി കൊണ്ട് മൂന്നാറിനു തുല്യം. എണ്ണിയാൽ തീരാത്തത്ര കാഴ്ചകൾ. പല തവണ പോയി വന്നാലും ഇനിയും എന്തൊക്കെയോ ബാക്കി എന്ന തോന്നൽ നൽകി വീണ്ടും നമ്മെ ആകർഷിക്കുന്ന അപൂർവ്വം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഊട്ടി.

പ്ലാനിങിൽ തുടങ്ങാം

ചെറിയ അവധികളിൽ യാത്ര ചെയ്യുക, അത് നന്നായി ആസ്വദിക്കുവാൻ സാധിക്കുക, പോകുന്ന സ്ഥലം മാക്സിമം കവർ ചെയ്യുക. ശരിയാ പ്ലാനിങ് ഉണ്ടെങ്കിലെ ഇതൊക്കെ നടക്കൂ. ഞങ്ങളുടെ പ്ലാൻ എ പാളിയപ്പോഴാണ് പ്ലാൻ ബി ആയിരുന്ന ഊട്ടിയിലെത്തിയത്. ഇവിടെ തിരക്കുള്ളതും സ്ഥിരം സന്ദർശന ഇടങ്ങളുമായ ബോട്ടാനിക്കൽ ഗാർഡൻ, ഊട്ടി തടാകം തുടങ്ങിയവ എല്ലാം തന്നെ മുൻഗണനാ ലിസ്റ്റിൽ ഏറ്റവും ഒടുവിലേക്ക് മാറ്റി. എന്നിട്ട് മറ്റു ഡെസ്റ്റിനേഷനുകൾ എക്സ്പ്ലോർ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ ഊട്ടി പരിസരത്തെ ഒട്ടേറെ ഇടങ്ങൾ കണ്ടെത്തുകയും സന്ദർശിക്കുകയും ചെയ്തു. ഇവയിൽ അഞ്ചിടങ്ങളെ പരിചയപ്പെടുത്താം.

1. എമറാൾഡ് തടാകം

ഊട്ടിയിൽ നിന്നും 25 കിലോമീറ്റർ മാറി നീലഗിരി ജില്ലയുടെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടും താടാകവുമാണിത്. മനോഹരമായ തേയിലത്തോട്ടങ്ങളാലും, മലനിരകളിലെ അനന്തമായ പച്ചപ്പിനാലും ചുറ്റപ്പെട്ടു കിടക്കുന്ന വളരെ ശാന്തത മുറ്റി നിൽക്കുന്ന ഇടമാണ് എമറാൾഡ് തടാകവും അണക്കെട്ടും. ഇവിടെ നിങ്ങൾക്ക് മനോഹരമായ കാഴ്ചകളുമായി ഒരു മികച്ച ദിവസം ചെലവഴിക്കാം. ഊട്ടിയിൽ മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്.

2. അവലഞ്ച് തടാകം

എമറാൾഡിൽ നിന്നും സംരക്ഷിത വന മേഖലയിലൂടെ വനം വകുപ്പിന്റെ അനുമതിയോടെ ആറ് കിലോമീറ്റർ മുകളിലേക്ക് സഞ്ചരിച്ചു വേണം അവലഞ്ചിൽ എത്തി ചേരുവാൻ. നീലഗിരി ജില്ലയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് ഇവിടം. മഗ്നോളിയ, ഓർക്കിഡുകൾ തുടങ്ങിയ വിവിധയിനം പൂക്കൾ സമൃദ്ധമാണിവിടെ. തടാകത്തിന് ചുറ്റുമുള്ള വളഞ്ഞുപുളഞ്ഞ പാതകളിലൂടെ നടന്ന് സഞ്ചാരികൾക്ക് തടാകക്കാഴ്ച ആസ്വദിക്കാം. വിനോദ സഞ്ചാരികൾക്ക് ചെറിയ തോതിൽ മത്സ്യബന്ധനവും ആകാം. തടാകത്തിന് സമീപം ഒരു ട്രൗട്ട് ഹാച്ചറി ഉണ്ട്. ഇവിടെ നിന്ന് സന്ദർശകർക്ക് മത്സ്യബന്ധന വടികളും ആവശ്യമായ മറ്റ് ഉപകരണങ്ങളും ലഭിക്കും. ടെന്റുകൾ കെട്ടി തടാകത്തിന് സമീപം ക്യാമ്പ് സൈറ്റായും ഉപയോഗിക്കുന്നു. തടാകത്തിന് കുറുകെയുള്ള റാഫ്റ്റിങാണ് ഇവിടുത്തെ മറ്റൊരു വിനോദം. സമീപത്തെ അപ്പർ ഭവാനി മലയോര മേഖല ട്രെക്കിങിന് പ്രശസ്തമാണ്.

3. അവലഞ്ച് ജംഗിൾ സഫാരി

അവലഞ്ച് തടാക കാഴ്ചകൾ കണ്ട് ആസ്വദിച്ചതിനു ശേഷം ടിക്കറ്റ് ബുക്ക്‌ ചെയ്‌താൽ വനം വകുപ്പിന്റെ അനുമതിയോടെ ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഉൾവനത്തിലൂടെയുള്ള ജംഗിൾ സഫാരിയും നടത്താം. ഫോറസ്റ്റ് വാഹനത്തിലായിരിക്കും ഈ യാത്ര.

4. കുന്ദ വെള്ളച്ചാട്ടം

അവലഞ്ചിൽ നിന്നും 12 കിലോമീറ്ററോളം അകലെയാണ് കുന്ദ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് സദർശിക്കാൻ പറ്റിയ അതി മനോഹരമായ ഇടമാണിത്. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഈ വെള്ളച്ചാട്ടം മാഞ്ഞൂരിലേക്കുള്ള വഴിയിലാണ്. കുന്ദ അണക്കെട്ടും കാണാം.

5. കിന്നകൊറൈ വ്യൂ പോയിന്റ്

ഊട്ടി ഹിൽ സ്റ്റേഷന് സമീപമുള്ള കുന്ദയിലാണ് കിന്നകൊറൈ വ്യൂ പോയിന്റ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് കിന്നകൊറൈ. ഈ ഗ്രാമത്തിന് ചുറ്റും തേയിലത്തോട്ടങ്ങളും കാടുകളും മൂടൽമഞ്ഞ് പുതച്ച കുന്നുകളുമാണ്. മാഞ്ഞൂരിൽ നിന്നുള്ള റോഡ് ഇവിടെ അവസാനിക്കുന്നു. പിന്നീട് റോഡില്ല. കിന്നകൊറൈയിലേക്കുള്ള റോഡ് വളരെ മനോഹരമായ വനപാതയാണ്. ഗ്രാമത്തിൽ അധികം വികസനമെത്തിയിട്ടില്ല. മെയിൻ റോഡിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് വ്യൂ പോയിന്റ്. അവിടേക്കുള്ള യാത്ര എസ്റ്റേറ്റ് വഴികളിലൂടെയുള്ള ചെറിയൊരു ട്രെക്കിങാണ്.

ഇതു കൂടാതെ കിന്നകൊറൈ അട്ടപ്പാടി വ്യൂ, റോസ് ഗാർഡൻ, ബോട്ട് ഹൌസ്, ടോയ് ട്രെയ്ൻ യാത്ര, ലാംബ്സ് റോക്ക്, ഡോൾഫിൻ നോസ്, കൊത്തഗിരി, കൊടനാട്, മേട്ടുപ്പാളയം വ്യൂ പോയിന്റ് എന്നിവിടങ്ങളും സന്ദർശിച്ചു.

ഊട്ടി യാത്ര ചെയ്യുന്നവർ അറിയാൻ

വേനലവധിക്കാലം ആയതിനാൽ വളരെ തിരക്കേറിയ സീസൺ ആണിപ്പോൾ. ഊട്ടി യാത്ര പ്ലാൻ ചെയ്യുന്നവർ തീർച്ചയായും റൂം ബുക്ക് ചെയ്തു മാത്രം പോകുക. ഞങ്ങളുടെ ആദ്യ പ്ലാൻ പാളിയപ്പോഴാണ് പ്ലാൻ ബി ആയ ഊട്ടിയിലേക്ക് തിരിച്ചത്. ഇവിടെ എത്തിയ ശേഷമാണ് റൂം അന്വേഷിച്ചത്. എന്നാൽ ഊട്ടിയിലെ ഓരോ മുക്കും മൂലയും തപ്പി നടന്നിട്ടും ഓൺലൈൻ നോക്കിയിട്ടും ഒരു റൂം പോലും കിട്ടിയില്ല. കുട്ടികൾ ഉൾപ്പെടെ ഫാമിലി ആയി വന്ന പല ആളുകളും ട്രിപ്പ്‌ ഡ്രോപ്പ് ചെയ്തു വിഷമിച്ചു പോകുന്ന കാഴ്ചകകളും കണ്ടു. റൂം കിട്ടാതെ ഞങ്ങൾ ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ വണ്ടി പാർക്കു ചെയ്ത് കൊടും തണുപ്പിൽ കിടന്നുറങ്ങി നേരം എങ്ങനൊക്കെയോ വെളുപ്പിക്കുകയായിരുന്നു.

മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ടോയ് ട്രെയിൻ യാത്ര നടക്കില്ല. തലേ ദിവസം രാത്രി മുതൽ കൌണ്ടറിൽ ടിക്കറ്റ് കിട്ടാൻ തണുപ്പത്ത് നിന്നും ഉറങ്ങിയും നേരം വെറുപ്പിക്കുന്ന ആളുകളെയും അവിടെ റെയിൽവേ സ്റ്റേഷനിൽ കണ്ടു. അതുകൊണ്ട് ടോയ് ട്രെയിൻ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് ബുക്ക്‌ ചെയ്ത് മാത്രം പോവുക.

ഡ്രൈവ് ചെയ്യുന്നവർ ഉറക്കത്തിനും വിശ്രമത്തിനും താണ്ടാനുള്ള ദൂരം മനസ്സിൽ കണ്ടും യാത്ര ആസൂത്രണം ചെയ്യുക. മാപ്പിന്റെ സഹായം തേടാവുന്നതാണ്. ആവശ്യത്തിന് ബഫർ സമയം കൂടി കണക്കാക്കുന്നത് നന്നാകും.

Legal permission needed