കോയമ്പത്തൂർ: മേട്ടുപ്പാളയം ടൗൺ കേന്ദ്രീകരിച്ച് ഈ മാസം 16 (തിങ്കൾ) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.
നീലഗിരിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മേട്ടുപ്പാളയം ടൗൺ വഴി പോകുന്നതിന് പകരം ശിരുമുഖ റോഡ് വഴി മാത്രം യാത്ര ചെയ്യണം. തിരിച്ച് നീലഗിരിയിൽനിന്ന് കോത്തഗിരി റോഡിലൂടെ വരുന്ന വണ്ടികൾ രാമസ്വാമിനഗറിലൂടെ ശിരുമുഖ റോഡിലേക്ക് കയറി കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ ഭാഗങ്ങളിലേക്ക് പോകാം. നീലഗിരിയിൽ നിന്ന് കൂനൂർ വഴി വരുന്ന വണ്ടികൾ ആലാംകൊമ്പ്-തെൻതിരുപ്പതി കവലയിൽനിന്ന് ശിരുമുഖ റോഡിലേക്ക് പ്രവേശിക്കണം. മേട്ടുപ്പാളയം-ശിരുമുഖ റൂട്ടിൽ വൺവേ ആയിരിക്കും. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.