ദുബായ്. എട്ട് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആദ്യ ഡ്രൈവറില്ലാ ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ആരംഭിച്ചു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ)യുടെ അൽ ഗർഹൂദ് മറൈൻ മെയിന്റനൻസ് സെന്ററിൽ പ്രാദേശികമായി നിർമിച്ചതാണിത്. അബ്ര എന്ന കടത്തുവഞ്ചിയുടെ പൈതൃക രൂപത്തിൽ തന്നെയാണ് ഈ വഞ്ചി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കായിരുന്നു പ്രാരംഭ യാത്ര.
2030ഓടെ ദുബായിലെ യാത്രാ സംവിധാനങ്ങളുടെ 25 ശതമാനവും സെൽഫ് ഡ്രൈവിംഗിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന ആർ ടി എയുടെ ശ്രമങ്ങളുടെ ഭാഗാമായാണ് ഈ ഡ്രവറില്ലാ വഞ്ചിയെന്നും ആർ ടി എ ചെയർമാൻ മതർ അൽ തായർ പറഞ്ഞു. പൊതുഗതാഗത മാർഗങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇതു സഹായകമാകും.
സീറോ കാർബൺ എമിഷൻ, 30 ശതമാനം കുറഞ്ഞ പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകൾ, ഡീസൽ പവർ മോഡലുകളെ അപേക്ഷിച്ച് ശബ്ദം കുറവ് എന്നിവയും പുതിയ ഇലക്ട്രിക് അബ്രയുടെ സവിശേഷതകളാണ്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. ഏഴ് നോട്ട് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് മണിക്കൂർ പ്രവർത്തന സമയം ഉറപ്പാക്കുന്ന നാല് ലിഥിയം ബാറ്ററികളും സ്വയം നിയന്ത്രണ സംവിധാനവുമുണ്ട്. ഫൈബർഗ്ലാസ് ഉപയോഗിച്ചു ഭാരം കുറച്ചു.
എമിറേറ്റിലെ സുഗമമായ സഞ്ചാരത്തിന് സമുദ്രഗതാഗത മാർഗങ്ങൾ വികസിപ്പിക്കുന്നതിന് ആർ ടി എ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ബർ ദുബൈ, ദേര ഓൾഡ് സൂക്ക്, ഓൾഡ് സൂക്ക്, അൽ സബ്ഖ എന്നീ നാല് അബ്ര സ്റ്റേഷനുകൾ വികസിപ്പിക്കും. ദുബൈയില്‍ 2022ൽ ഏകദേശം 1 .6 കോടി യാത്രക്കാരാണ് സമുദ്ര ഗതാഗതം ഉപയോഗിച്ചത്.