ദുബായ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ യാത്രാ രേഖയായി യുഎഇ പാസ്‌പോര്‍ട്ട്. ഏറ്റവും പുതിയ നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സിലാണ് കഴിഞ്ഞ തവണ 35ാം സ്ഥാനത്തായിരുന്ന യുഎഇ പാസ്‌പോര്‍ട്ട് ഇത്തവണ ഒന്നാമതെത്തിയത്. യുഎഇ പാസ്‌പോര്‍ട്ട് വഴി ലഭിക്കുന്ന കൂടുതല്‍ യാത്രാ സ്വാതന്ത്ര്യവും രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവും മികച്ച നികുതി സംവിധാനവുമാണ് ഈ സ്ഥാനം നേടിക്കൊടുത്തത്. രാജ്യാന്തര കണ്‍സല്‍ട്ടന്‍സിയായ നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് സൂചികയില്‍ 199 രാജ്യങ്ങളുണ്ട്.
പ്രധാനമായ അഞ്ചു മാനദണ്ഡങ്ങളാണ് യുഎഇ പാസ്‌പോര്‍ട്ടിനെ ഏറ്റവും കരുത്തുറ്റതാക്കിയത്. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ലോകത്തെ 181 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെയോ വീസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ വഴിയോ യാത്ര ചെയ്യാം. യുഎഇ പൗരന്മാര്‍ക്ക് നികുതിയില്ലെന്നതും നേട്ടത്തിന് കാരണമായി. ലോക സന്തോഷ സൂചിക, മാനവ വികസന സൂചിക എന്നിവ പ്രകാരം രാജ്യത്തെ പാരന്മാര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളേയും വിലയിരുത്തിയാണ് ഈ റാങ്ക്. കൂടാതെ യുഎഇ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇരട്ട പൗരത്വവും വ്യക്തി സ്വാതന്ത്ര്യം വിലയിരുത്തിയാണ് റാങ്കിങ്. യുഎഇ പാസ്‌പോര്‍ട്ടിന് 110.5 പോയിന്റുകളാണ് ആകെ ലഭിച്ചത്.
കരുത്തുറ്റ പാസ്‌പോര്‍ട്ടില്‍ രണ്ടാം സ്ഥാനം ലക്‌സംബര്‍ഗിനാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോര്‍ചുഗല്‍, ജര്‍മനി, ചെക്ക് റിപബ്ലിക്ക്, ന്യൂ സീലന്‍ഡ്, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നിവയാണ് യഥാക്രമം ആദ്യ 10 റാങ്കിലുള്‍പ്പെട്ട മറ്റു രാജ്യങ്ങള്‍.
ഈ വർഷത്തെ പട്ടികയിൽ ഇന്ത്യൻ പാസ്പോർട്ടിന് ലഭിച്ച റാങ്ക് 159 ആണ്. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ലോകത്തെ 71 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെയോ വീസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ വഴിയോ യാത്ര ചെയ്യാം.