ദുബയ്. വര്‍ണാഭമായ വെളിച്ച വിതാനങ്ങള്‍ക്കൊണ്ട് സൃഷ്ടിച്ച കലാരൂപങ്ങളുമായി ദുബയ് എക്‌സോ സിറ്റിയില്‍ Dhai Dubai Light Art Festival ന് തുടക്കമായി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചാ വിരുന്നാണ് ഒരുക്കിയിട്ടുള്ളത്. യുഎഇയുടെ കഥയും സംസ്‌കാരവും പറയുന്ന ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിരിക്കുന്നത് ഏഴ് കലാകാരന്മാരുടെ നേതൃത്വത്തിലാണ്. ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവലില്‍ ഈ കാഴ്ചകള്‍ക്കു പുറമെ ശില്‍പ്പശാലകളും ഇന്ററാക്ടീവ് എക്‌സ്പീരിയന്‍സും പ്രഭാഷണങ്ങളും ഉണ്ട്.
യുഎഇയിലെ സാമൂഹിക മാറ്റത്തിന്റെ ചടുലത ദൃശ്യവല്‍ക്കരിച്ച റീം അല്‍ ഗൈസിന്റെ ഇന്‍സ്റ്റലേഷന്‍ ഏറെ ആകര്‍ഷകമാണ്. വിവിധ കമാനങ്ങളായാണ് ഇതൊരുക്കിയിരിക്കുന്നത്. കാറ്റുനിറച്ച സുതാര്യ ബാഗുകള്‍ കൊണ്ട് നിര്‍മ്മിച്ച വലിയ ടണല്‍ മറ്റൊരു ആകര്‍ഷണമാണ്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന സോളാര്‍ കനോപിയാണ് മറ്റൊരു വേറിട്ട കാഴ്ച. ഒരു സൈക്കിള്‍ പെഡലുമായി ബന്ധിപ്പ കുട പോലുള്ള വെളിച്ച വിതാനമാണിത്. പെഡല്‍ ചവിട്ടിയാല്‍ മുകളിലെ കുട രൂപത്തില്‍ വിവിധ നിറത്തിലുള്ള വെളിച്ചം തെളിയും. വെളിച്ചം കൊണ്ടുള്ള കാലിഗ്രഫിയാണ് പ്രശസ്ത ഇമാറാത്തി കാലിഗ്രഫറായ മത്താര്‍ ബിന്‍ ലാഹിജ് ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള വകകള്‍ ഈ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവലിലുണ്ട്. ഫെബ്രുവരി നാലുവരെ തുടരും. കുടുംബമൊന്നിച്ച് സൗജന്യമായി കണാവുന്ന മികച്ചൊരു ആകര്‍ഷണമാണ് ഈ ഫെസ്റ്റിവല്‍.