കുടുംബ സമേതം ക്രിസ്മസ് അവധിക്കാലവും പുതുവത്സരവും ആഘോഷിക്കാന്‍ കേരളത്തിലുടനീളം വൈവിധ്യമാര്‍ന്ന വിവിധ ഫെസ്റ്റിവലുകള്‍ നടന്നുവരികയാണിപ്പോള്‍. ഇവയില്‍ വിദേശത്തു നിന്നു വരെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവ മേളകൾ തൊട്ട് പ്രാദേശികമായി സംഘടിപ്പിക്കുന്നവും ഉണ്ട്. ഇവയില്‍ ഏതാനും മേളകളെ കുറിച്ച് അറിയാം.
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്
ഡിസംബർ 31ന് സമാപിക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിൽ സന്ദർശകരുടെ തിരക്കാണ്. പള്ളിക്കര ബീച്ച് പാർക്കാണ് മുഖ്യവേദി. സാഹസിക കായിക വിനോദങ്ങൾ, ജെറ്റ് സ്കീയിങ്, ബനാന റൈഡുകൾ, സ്പീഡ് ബോട്ട്, ബമ്പർ റൈഡ്, കാറ്റമരൻ റൈഡ് എന്നിവയ്ക്കൊപ്പം വിവിധ പ്രദർശനങ്ങൾ, റോക്ക് സൈക്ലിങ്, സ്കൈ റൈഡ് തുടങ്ങിവയവും ഉണ്ട്. ദിവസവും വിവിധ സംഗീത ബാൻഡുകളുടെ പ്രകടനവും നൃത്ത പരിപാടികളും നടന്നുവരുന്നു. ഡിസംബർ 31ന് രാത്രി നടക്കുന്ന വെടിക്കെട്ടും ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂ ഇയർ നൈറ്റും ഫെസ്റ്റിന്റെ സമാപനം ഗംഭീരമാക്കും.
ബേപ്പൂർ വാട്ടർ ഫെസ്റ്റ്
ഡിസംബർ 29 വരെയാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റും അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും നടക്കുന്നത്. സാഹസിക ജലകായിക ഇനങ്ങളുടെ പ്രദർശനം, വിദേശികൾ വരെ പങ്കെടുക്കുന്ന കൈറ്റ് ഫെസ്റ്റിവൽ എന്നിവയാണ് ഈ മേളയുടെ പ്രധാന ആകർഷണങ്ങൾ. കൂടാതെ പ്രമുഖ ബാൻഡുകളുടെ സംഗീത പരിപാടികളും ഭക്ഷ്യ-വിപണന മേളയും നടക്കുന്നുണ്ട്. ടൂറിസം കാർണിവൽ, വൂഡ് ഫെസ്റ്റിവൽ, ഫൂഡ് ആന്റ് ഫ്ലീ മാർക്കറ്റ് എന്ന എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ നീളും.
കൊച്ചിന്‍ ഫ്‌ളവര്‍ഷോ
കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളവര്‍ഷോ ആണിത്. 40ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ കൊച്ചി മറൈന്‍ഡ്രൈവിലാണ് ജനുവരി ഒന്നു വരെ ഈ പുഷ്പമേള. 38000 ചതുരശ്ര അടിയിലാണ് വൈവിധ്യമാര്‍ന്ന പുഷ്പാലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 75 അടി ഉയരമുള്ള കൂറ്റന്‍ ക്രിസ്മസ് ട്രീയും 5000 ചതുരശ്രഅടിയില്‍ തയാറാക്കിയ പുഷ്പാലങ്കാരവും വെബിറ്റബിള്‍ കാര്‍വിങുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാത്രി 9 വരെയാണ് പ്രദര്‍ശനം.
വയനാട് ഫ്‌ളവര്‍ഷോ
വയനാട് അഗ്രിഹോട്ടി കള്‍ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബൈപ്പാസിലെ നഗരിയിലാണ് ഈ പുഷ്‌പോത്സവം. ജനുവരി 10 വരെ ഉണ്ട്. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം, 16 ഇം ബോഗന്‍വില്ല, ലിലിയം, ബോള്‍സം തുടങ്ങി വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടേയും സസ്യങ്ങളുടേയും പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. മനോഹര ജലധാരയും അമ്യൂസ്‌മെന്റ് പാര്‍ക്കുമുണ്ട്. കുട്ടികള്‍ക്കായുള്ള വിവിധ ഇനം റൈഡുകള്‍, യന്ത്ര ഊഞ്ഞാല്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. എല്ലാ ദിവസവും വൈകീട്ട് ഏഴു മുതല്‍ കലാപരിപാടികളുണ്ട്. വയനാട് ഫ്‌ളവര്‍ഷോയുടെ ഭാഗമായി കല്‍പ്പറ്റ നഗരം ചുറ്റുന്ന പ്രത്യേക കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. മൈസൂരുവില്‍ നിന്നെത്തിച്ച രണ്ട് കുതിരകളെ ഉപയോഗിച്ചാണിത്. ആറു പേരടങ്ങുന്ന സംഘത്തിന് 600 രൂപയാണ് നിരക്ക്. മേളയോടനുബന്ധിച്ച് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് കാര്‍വിങ്, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, മൈലാഞ്ചി അണിയിക്കല്‍, കട്ട്ഫ്‌ളവര്‍, മിസ് ഫ്‌ളവര്‍ഷോ, പുഞ്ചിരി മത്സരം തുടങ്ങി വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശനം നിരക്ക്. രാത്രി 10 വരെയാണ് പ്രദര്‍ശനം.
രാജാക്കാട് ഫെസ്റ്റ്
ഇടുക്കിയിലെ രാജാക്കാട് ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് ഡിസംബര്‍ 31 വരെയാണ് രാജാക്കാട് ഫെസ്റ്റ് നടന്നുവരുന്നത്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫെസ്റ്റ് നടക്കുന്നത്. സാംസ്‌കാരിക പരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗാനമേളകള്‍, ശാസ്ത്ര പ്രദര്‍ശനം, ഹെലികോപ്റ്റര്‍ സവാരി എന്നിവയാണ് പ്രത്യേക ഇനങ്ങള്‍. രാജാക്കാട് മര്‍ച്ചന്റ് അസോസിയേഷന്റെ വ്യാപാരേത്സവും നടക്കുന്നു. സമീപ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കള്ളിമാലി, കനകക്കുന്ന് വ്യൂ പോയിന്റുകൾ, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, പൊന്മുടി ടൂറിസംകേന്ദ്രം എന്നിവ സന്ദർശിക്കാനുള്ള അവസരവുമുണ്ട്.
പാലക്കാട് ഫെസ്റ്റ്
പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിനു എതിർവശത്തെ വിശാലമായ മൈതാനത്താണ് ഒന്ന മാസം നീളുന്ന പാലക്കാട് ഫെസ്റ്റ് നടക്കുന്നത്. ടൈറ്റാനിക് കപ്പൽ മാതൃകയിലാണ് ഈ മേളയുടെ നഗരി ഒരുക്കിയിരിക്കുന്നത്. ഫ്രിസ്ബി റൈഡ്, ഗോസ്റ്റ് ഹൗസ്, സ്നോ വേൾഡ്, മരണക്കിണർ തുടങ്ങി നിരവധി വിനോദ ഇനങ്ങളുണ്ട്. അലങ്കാര വസ്തുക്കളുടെ പ്രദർശന, വിപണന മേളയും നടക്കുന്നു.