✍🏻 വിമൽ കോട്ടയ്ക്കൽ
പീറ്ററിൻ്റെ ടുക്ടുക് ഓടിക്കിതച്ച് വന്നു നിന്നത് ഒരു ഒഴിഞ്ഞ പറമ്പിന് മുന്നിലാണ്. മതിൽക്കെട്ടിന് മുന്നിൽ ബോർഡു വെച്ചിരിക്കുന്നു, കില്ലിങ് ഫീൽഡ്! ടിക്കറ്റെടുത്ത് അതിനുള്ളിലേക്ക് കടന്നു. ഘനമുള്ള നിശബ്ദത. എങ്കിലും കണ്ണടച്ച് ചരിത്രത്തിലേക്ക് കാതോർത്താൽ കേൾക്കാം, നിലവിളികൾ, ജീവൻ വേറിടുമ്പോഴത്തെ പിടച്ചിലുകൾ, പിഞ്ചു കുഞ്ഞുങ്ങളുടെ അലമുറകൾ… എല്ലാം. ആഞ്ഞു ശ്വാസം വലിച്ചാൽ കിട്ടും പച്ച മാംസത്തിൻ്റെ, ചോരയുടെ മണം. അതെ, ഒരു ഭരണാധികാരി സ്വന്തം ജനതയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു കുഴിച്ചുമൂടിയ പറമ്പിലൂടെയാണ് നടക്കുന്നത്. നമ്മുടെ കാൽക്കീഴിൽ ഒരുപാട് ജീവൻ മണ്ണോടു ചേർന്നിട്ടുണ്ട്. 1975 മുതൽ 79 വരെ കംബോഡിയ ഭരിച്ച ഏകാധിപതിയായ കമ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ടായിരുന്നു ആ നരാധമൻ. അയാളുടെ ലക്ഷ്യമെന്തായിരുന്നു എന്നറിയണ്ടേ? വർഗ്ഗ രഹിതവും സമത്വസുന്ദരവുമായ ഒരു രാഷ്ട്രം! അതുണ്ടാവാൻ എന്തു വേണം? അതിനെതിരാണെന്ന് സംശയിക്കുന്നവരെല്ലാം ഇല്ലാതാവണം. വളരെ എളുപ്പമായിരുന്നു പോൾപോട്ടിന് പരിഹാരം. അയാൾ ചെയ്തു കൂട്ടിയ പൈശാചികതകൾ സാക്ഷാൽ ഹിറ്റ്ലറെ പോലും നാണിപ്പിച്ചു.
അത് വിശദമായെഴുതാൻ ഒരു പുസ്തകം തന്നെ വേണ്ടി വരും. ചുരുക്കിപ്പറയാം: പണ്ഡിതരേയും പ്രൊഫഷണലുകളേയും കൊണ്ട് നാടിന് ഗുണമില്ല. അതു കൊണ്ട് ഡോക്ടർ, എൻജിനിയർ, ശാസ്ത്രജ്ഞർ എന്നിവരെയൊക്കെ നാട്ടിൻ പുറങ്ങളിലേക്ക് കുഷിപ്പണിക്കും മറ്റുമായി പറഞ്ഞയച്ചു. അതിനായി നഗരങ്ങളിലുള്ളവരെ മുഴുവൻ ഒഴിപ്പിച്ച് ഗ്രാമങ്ങളിലെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുപോയി. എതിർത്തവരെ കൊന്നു. കൊച്ചു കുട്ടികളെ സ്കൂളുകളിൽ നിന്ന് പുറത്തിറക്കി ആയുധാഭ്യാസം മാത്രം പഠിപ്പിച്ചു. ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്യുന്ന പ്രണയികളെ പിടിച്ച് ജയിലിട്ടു. ബുദ്ധ, ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങൾ അറവുശാലകളാക്കി. പുരോഹിതരെക്കൊണ്ടു തന്നെ അവിടെ കശാപ്പും നടത്തിച്ചു. 1975ൽ നോം പെന്നിൽ സ്ഥാപിച്ച ഹയർ സെക്കൻഡറി സ്കൂൾ 76ൽ തടവറയാക്കി. കുട്ടികൾ സ്പോർട്സിനുപയോഗിച്ചിരുന്ന ഉപകരണങ്ങൾ കൊലമരങ്ങളാക്കി. സംശയം തോന്നുന്നവരെയെല്ലാം കുടുംബസമേതം ഈ കില്ലിങ് ഫീൽഡിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചുകൊന്നു. ഇത്തരക്കാരെ പാർപ്പിക്കാൻ രാജ്യത്ത് 280ഓളം ജയിലുകൾ തുടങ്ങി. ചോദ്യം ചെയ്യുന്നുവെന്ന് സംശയിക്കുന്നവരെ മുഴുവൻ ജയിലിലിട്ട് പീഡിപ്പിച്ചു. പുരുഷൻമാരുടേയും സ്ത്രീകളുടേയും മുലക്കണ്ണുകൾ, നഖങ്ങൾ, പല്ലുകൾ, മറ്റ് അവയവങ്ങൾ എന്നിവ ജീവനോടെ പറിച്ചെടുത്തു. എല്ലാത്തരം ആഘോഷങ്ങളും ഉത്സവങ്ങളും കലകളും നിരോധിച്ചു. പാർട്ടിയുടെ ദേശീയ ദിനാഘോഷത്തിന് മാത്രം അനുമതി കൊടുത്തു. പലയിടങ്ങളിലെ ജയിലുകളിൽ പീഡിപ്പിച്ചു കൊന്നവർക്കായി കില്ലിങ് ഫീൽഡിൽ കുഴിമാടങ്ങളൊരുക്കി.
Also Read കമ്പൂച്ചിയ എന്ന കംബോഡിയയിലൂടെ
കൊന്നു തള്ളിയത് 20 ലക്ഷത്തോളം പേരെ. ഈ മേഖലയിൽ നിന്ന് മാത്രം ഇരുപതിനായിരത്തോളം കുഴിമാടങ്ങൾ പിന്നീട് കണ്ടെടുത്തു. കംബോഡിയയിലെ ഗവേഷകനായിരുന്ന ക്രെയ്ക്ക് ഏറ്റ്സൺ 13,86,734 പേരുടെ മൃതാവശിഷ്ടങ്ങൾ ലഭിച്ചതായി പറയുന്നുണ്ട്. വിവിധ ഏജൻസികൾ ഇതിലേറെ ഉയർന്ന കണക്കുകൾ പുറത്തു കൊണ്ടുവന്നു. അതിലേറേപേർ പട്ടിണി കൊണ്ടും മരിച്ചിരുന്നു. ലോകം ഞെട്ടിവിറച്ച വാർത്തയായിരുന്നു അതെല്ലാം. മിക്ക മൃതദേഹങ്ങൾക്കും തലയുണ്ടായിരുന്നില്ല. പല അവയവങ്ങൾക്കും മാരകമായ പരിക്കുണ്ടായിരുന്നു. ഈ അവശിഷ്ടങ്ങളിൽ പലതും ഇന്ന് നോം പെന്നിലെ ജെനോസൈഡ് മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കില്ലിങ്ഗ്രൗണ്ടിന് നടുവിലായി കുഴിമാടങ്ങളിൽ നിന്ന് ലഭിച്ചതലയോട്ടികൾ പ്രദർശിപ്പിക്കാൻ വലിയൊരു സ്മാരകം തന്നെ കംബോഡിയൻ സർക്കാർ നിർമിച്ചു.
‘കൊല’ മരവും കുഞ്ഞു നിലവിളികളും
അകം വിങ്ങുന്ന കാഴ്ച്ചകൾ കണ്ട് നടക്കുമ്പോഴാണ് ആ മരം ശ്രദ്ധയിൽ പെട്ടത്. നമ്മുടെ അരളിയോട് സാമ്യമുള്ള ഒരു മരം. അതിന് താഴെ ചെറിയ കുറിപ്പുണ്ട്, കില്ലിങ്ട്രീ. ഇതാണത്, പിഞ്ചു കുഞ്ഞുങ്ങളെ കാലിൽ തൂക്കി അടിച്ച് തല ചിതറിച്ച മരം. ഒരോരുത്തരെയായി അടിച്ചു കൊന്ന ശേഷം തൊട്ടപ്പുറത്തെ കുഴിയിലേക്കിടും. അവരുടെ അമ്മമാരേയും അതിൽ കൊന്നിടും. എന്നിട്ട് മണ്ണിട്ട് മൂടും. ഒരു മനുഷ്യന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നോർത്ത് തരിച്ചിരുന്നു പോയി.
ഓരോ ദിവസവും മുന്നൂറോളം മൃതദേഹങ്ങൾ ഈ മൈതാനത്ത് ട്രക്കുകളിൽ കൊണ്ടുവന്നു. അവ ചീഞ്ഞുനാറാതിരിക്കാൻ രാസ വസ്തുക്കൾ ചേർക്കുന്ന ഒരു മേഖലയുണ്ട്. പീഡിപ്പിച്ചു കൊല്ലാനുപയോഗിക്കുന്ന ആയുധങ്ങൾ സൂക്ഷിക്കാൻ വേറൊരു അറ. പീഡിപ്പിക്കുമ്പഴത്തെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി കെട്ടിത്തൂക്കിയിരുന്ന മരമുണ്ടവിടെ. ഈ കാഴ്ച്ചകൾ കണ്ട് മുറിഞ്ഞ മനസ്സുമായാണ് മൂന്നു കിലോമീറ്റർ അപ്പുറമുള്ള ജെനോസൈഡ് മ്യൂസിയം കാണാൻ പോയത്. അത് കൂടുതൽ നീറ്റലായി. തടവുകാരെ പാർപ്പിച്ച ഇടുങ്ങിയ ജയിലുകൾ, ജയിലുകളാക്കിയ സ്കൂളുകൾ, പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ, തടവറയിൽ കിടന്നു മരിച്ചവർ, പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾ, അവരുടെ കുഞ്ഞുടുപ്പുകൾ, കൈകാലുകളിലണിയിച്ച വിലങ്ങുകൾ അങ്ങനെയങ്ങനെ… എസ് 21 ജയിലിലായിരുന്നു കുട്ടികളെ പാർപ്പിച്ചിരുന്നത്. ജയിലിൽ നിന്ന് അന്ന് തല പോവാതെ രക്ഷപ്പെട്ട രണ്ടു പേരെ അവിടെ വെച്ചു കണ്ടു. അവർ സ്വന്തം അനുഭവങ്ങൾ പുസ്തകങ്ങളാക്കിയിരിക്കുന്നു. അതിലൊരാളായ ഹുയി വനാക്കിനൊപ്പം ഒരു ഫോട്ടോയും എടുത്തു.
അന്ന് രാത്രി ഉറങ്ങുമ്പോൾപ്പോലും ആ ഇരുണ്ട ജയിലുകൾ മനസ്സിലെത്തി. അതിനുള്ളിൽ കൈകാലുകൾ ചലിപ്പിക്കാനാവാതെ നരകയാതനയനുഭവിച്ചവരുടെ മുഖം തെളിയുന്നു. തലയോട്ടികൾ അട്ടഹസിക്കുന്നു. എന്തായിരുന്നു ഈ ക്രൂരത കൊണ്ട് പോൾ പോട്ടിനുണ്ടായ നേട്ടമെന്ന് ഞാൻ ആലോചിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് വീട്ടുതടങ്കലിലായി. ആരാരും നോക്കാനില്ലാതെ 1998 ഏപ്രിൽ 15ന് തായ്ലൻഡ് അതിർത്തിയായ ചോം എന്ന ഗ്രാമത്തിൽ മരിച്ചു. ഹൃദയസ്തംഭനമാണെന്നും ആത്മഹത്യയാണെന്നു പറയുന്നുണ്ട്. അവിടെ ഒരു തുരുമ്പിച്ച മേൽക്കൂരക്ക് കീഴിൽ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ അന്ത്യവിശ്രമം കൊള്ളുന്നു. ദുഷ്ടനായ ഏകാധിപതിയുടെ അനിവാര്യമായ അന്ത്യം. (തുടരും)
One thought on “CAMBODIA: തലയോട്ടികൾ പറയും, ചോരമണക്കും കഥകൾ”