മടുപ്പുളവാക്കുന്ന വേനൽച്ചൂടിനു ശേഷം ഉന്മേഷദായകമായ ഒരു മൺസൂൺ (Monsoon) ഇടവേള ആരാണ് ഇഷ്ടപ്പെടാത്തത്? മൺസൂൺ മഴയെത്തിയതോടെ മനസ്സിനും കണ്ണിനും കുളിർമേയകുന്ന പച്ചപ്പും മഴയും ചാറ്റൽമഴയും പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധവുമാണ് എങ്ങും. വേനലിൽ വാടിയ നമുക്ക് ഇതാണ് ഒരിടവേളയ്ക്കുള്ള ശരിയായ സമയം. കേരളത്തിൽ നിന്ന് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ് മൺസൂൺ. വർഷക്കാലം ശക്തിപ്രാപിക്കുന്നതോടെ ഈ സീസണിൽ മാത്രം പ്രത്യേക വശ്യത വരിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ഒട്ടേറെ വിനോദ, വിശ്രമ കേന്ദ്രങ്ങളും സജീവമായി കൊണ്ടിരിക്കുകയാണ്.
മികച്ച ഒരു ടൂറിസം സീസൺ ആണെങ്കിലും ഇത് നീണ്ട ഒരു അവധിക്കാലമല്ല. അതിനാൽ ലഭ്യമായ ദിവസങ്ങളിൽ ശരിയായ പ്ലാനിങുണ്ടെങ്കിൽ മികച്ച മൺസൂൺ കേന്ദ്രങ്ങളിൽ നമുക്ക് മഴക്കാലം ആസ്വദിക്കാം. ഇതിനായി Trip Updates തയാറാക്കിയ ദക്ഷിണേന്ത്യയിലെ മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളുടെ പട്ടികയിതാ. മഴയില്‍ വന്യമായ സൗന്ദര്യം കൈവരിക്കുന്ന വെള്ളച്ചാട്ടങ്ങളും സാഹസികമായ മലയോര പാതകളിലെ ഡ്രൈവിങ്, തേയില, കാപ്പിത്തോട്ടങ്ങളിലെ റിസോർട്ടുകൾ അങ്ങനെ ആകർഷകമായ ഒട്ടേറെയുണ്ട്. നിങ്ങളുടെ ഇഷ്ടങ്ങളും അഭിരുചികളും സൗകര്യങ്ങളും കണക്കിലെടുത്ത് ഏതു ഡെസ്റ്റിനേഷൻ വേണമെങ്കിലും തെരഞ്ഞെടുക്കാം. എവിടേക്കായാലും ഒരു അവിസ്മരണീയ അനുഭവം നിങ്ങൾക്ക് ലഭിക്കും.
മൂന്നാർ
ഏതു സീസണിലും സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൂന്നാർ. മൺസൂണിൽ മൂന്നാർ അണിഞ്ഞൊരുങ്ങി സുന്ദരിയാകും. വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും താഴ്വരയുടെ വെള്ളിയരഞ്ഞാണം പോലെ സജീവമാകും. പച്ചപ്പിനും തിളക്കമേറും. നൂൽമഴയും മഞ്ഞും സ്വച്ഛമായ അന്തരീക്ഷവുമെല്ലാം ചേർന്ന് ഒരു സ്വർഗീയ സ്ഥലമായി മാറും മൂന്നാർ. കുന്നുകളും തോട്ടങ്ങളും കാടുമെല്ലാം പച്ചപ്പ് വിരിച്ചു നിൽക്കുന്ന ഈ മേഖലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയുമാണ് പ്രധാന ആകർഷണം. പച്ച പുതച്ച കുന്നുകൾക്കു മുകളിലെ മേഘവിതാനങ്ങളും വല്ലാത്ത അനുഭൂതി നൽകുന്ന കാഴ്ചയാണ്. ശനി, ഞായർ ദിവസങ്ങളിൽ തിരക്കേറും. സ്വസ്ഥമായി മൂന്നാറിന്റെ ആസ്വദിക്കാൻ മറ്റു ദിവസങ്ങൾ തെരഞ്ഞെടുക്കുന്നതാകും നല്ലത്.
വയനാട്
മൺസൂൺ സീസണിൽ വയനാടിന്റെ സൗന്ദര്യം വിവരണാതീതമാണ്. ചുരം കയറി ഇവിടെ എത്തിയാൽ സന്ദർശിക്കാൻ ഒട്ടേറെ ഇടങ്ങളുണ്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളാണ് വയനാട്ടില്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും അനുയോജ്യം. പച്ച പുതച്ച് പരിലസിക്കുന്ന താഴ്‍വരകളും കുളിരും കോടമഞ്ഞും മഴയും ആസ്വദിക്കാം. പൂക്കോട് തടാകം, ബാണാസുര സാഗർ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, വയനാട് വന്യജീവി സങ്കേതം തുടങ്ങി ഒട്ടേറെ ഇടങ്ങളുണ്ട് കാണാൻ. പ്രവചനങ്ങള്‍ക്ക് അതീതമായ നിരവധി പ്രദേശങ്ങളും ഇവിടെയുണ്ട് എന്നത് സഞ്ചാരികൾ പ്രത്യേകം ഓർക്കുക. മഴക്കാലമായതിനാൽ എല്ലായിടത്തും കരുതല്‍ വേണം. മഴക്കാലമായതിനാൽ ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് എന്നിവിടങ്ങളില്‍ ട്രക്കിങ് നിരോധനം നിലവിലുണ്ട്.
Also Read വയനാട്ടിൽ കാണാനുള്ളതെല്ലാം ഈ പട്ടികയിലുണ്ട്
കൊടൈക്കനാൽ
ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊടൈക്കനാൽ. പശ്ചിമഘട്ടത്തിലെ പഴനി മലനിരകളിൽ സ്ഥിതി ചെയ്യുന്നു. മനോഹരമായ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പച്ചപ്പു നിറഞ്ഞ കുന്നുകളുമെല്ലാം കൊണ്ട് ഒരു കിടിലൻ കാഴ്ച തന്നെ മഴക്കാലത്ത് സഞ്ചാരികൾക്കായി കൊടൈക്കനാൽ ഒരുക്കുന്നു. പാറകളും മരങ്ങളും കൊണ്ടു ചുറ്റപ്പെട്ട മനുഷ്യനിർമിത തടാകമായ കൊടൈ തടാകം, ബെരിജം തടാകം, പഴനി കുന്നുകളുടെ മനോഹര കാഴ്ച എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഊട്ടി
എല്ലാ സീസണിലും ജനപ്രിയമായ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഊട്ടി. നീലഗിരിയിലെ പച്ചപുതച്ച മലനിരകൾ ഏത് സീസണിലും കണ്ണിന് കുളിർമയാണ്. മഴക്കാലത്തെ ചെറിയ ചാറ്റൽമഴയും മൂടൽമഞ്ഞിന്റെ രൂപവും കഥാപുസ്തകത്തിൽ വരച്ചിട്ട ദൃശ്യം പോലെയാണ്. നനുത്ത മഴയോടൊപ്പം തുരങ്കങ്ങളിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള ടോയ് ട്രെയിൻ യാത്ര സന്ദർശകർക്ക് മറക്കാനാവാത്ത ഒരു യാത്രാനുഭവമായിരിക്കും. നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും വനങ്ങളും ഊട്ടിയിലുണ്ട്. മഴക്കാലത്ത് ഇവയ്ക്ക് വന്യസൗന്ദര്യം കൈവരുന്നു.
Also Read ഊട്ടിയിൽ അധികമാരും എത്താത്ത 5 വിനോദ കേന്ദ്രങ്ങൾ
കൂർഗ്
ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നാണ് കൂർഗിന്റെ വിളിപ്പേര്. കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മലനിരകളിലൂടെയുള്ള ട്രെക്കിംഗ്, മടിക്കേരി കോട്ട തുടങ്ങി പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും യഥേഷ്ടം വിഭവങ്ങൾ ഉള്ളത് പോലെ സാഹസിക പ്രേമികൾക്കും ഇവിടെ പലതുമുണ്ട്. ആബി, മല്ലല്ലി, വയനാടിനനുടത്ത ഇരുപ്പ് തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് സന്ദർശകർക്ക് മികവേറിയ പ്രകൃതി കാഴ്ചകളൊരുക്കുന്നു.
അഗുംബെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഗ്രാമമാണ് അഗുംബെ (Agumbe). ‘ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി’ എന്നും അറിയപ്പെടുന്ന ഇവിടം പ്രധാന മൺസൂൺ ടൂറിസം കേന്ദ്രം കൂടിയാണ്. അഗുംബെയിലേക്കുള്ള പാതയും അതിമനോഹരമാണ്. നിരവധി വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തുണ്ട്. ഒണകെ, ജോഗിഗുണ്ഡി, ബർക്കാനാ എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ. മഴക്കാടുകളെക്കുറിച്ചുള്ള ഗവേഷണത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സ്ഥിരം സംവിധാനമായ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (Agumbe Rainforest Research Station) ഇവിടെയാണ്. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമായ അഗുംബേയ്ക്ക് രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിളിപ്പേരുണ്ട്. UNESCOയുടെ ലോക പൈതൃക സ്ഥലങ്ങളിൾ ഉൾപ്പെട്ട പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ആഗുംബേയിലെ മഴക്കാടുകൾ ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്.
One thought on “MONSOON മഴ ആസ്വദിക്കാൻ ദക്ഷിണേന്ത്യയിലെ മികച്ച 6 വിനോദ കേന്ദ്രങ്ങൾ”
Comments are closed.