✍🏻 നൗഷാദ് കുനിയില്‍
ബാക്കുവിലെ നിസാമി സ്ട്രീറ്റിലെ തോളോട് തോൾ ചേർന്നുനിൽക്കുന്ന ഭോജനാലയങ്ങൾക്ക് മുന്നിലൂടെ ആ രാത്രിയിൽ നടക്കുകയായിരുന്നു. കാസ്പിയൻ കടലിൽ നിന്നും ഇടതടവില്ലാതെ അടിച്ചുവീശുന്ന ശീതക്കാറ്റ് ശരീരവും മനസും തണുപ്പിച്ചിട്ടുണ്ട്. ആകാശത്ത് നിലാവ് പുഞ്ചിരിക്കുന്നു.. എന്തു സുഖമാണാ നിലാവ്; എന്തൊരു സുഖമാണാ കാറ്റ്!
പൂത്തുലഞ്ഞ നിലാവിനു കീഴെ, തണുത്ത പുതപ്പുമായി വന്നു പൊതിയുന്ന കാറ്റിന്നഭിമുഖമായി അൽപനേരം നിശ്ചലനായി നിന്നു. അപ്പോളൊരു മോഹമുദിച്ചു- ‘അസർബൈജാനി ചായ’ കുടിക്കാം! കുളിർമ നിറഞ്ഞ പരിസരത്തിൽ ചുടുചായ മൊത്തികുടിക്കുമ്പോൾ മൊത്തത്തിൽ സംഭവിക്കുന്നൊരുന്മേഷത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന പ്രലോഭനങ്ങൾ തലച്ചോറിലെ ഏതൊക്കെയോ സന്ദേശകേന്ദ്രങ്ങളിൽ നിന്നും പ്രസരണം ചെയ്തുകൊണ്ടേയിരിക്കുന്നു! ആ സന്ദേശങ്ങൾ ഹൃദയത്തിൽ സന്തോഷത്തിന്റെ അലയടികൾ സൃഷ്ടിച്ചു. റെസ്റ്റോറന്റിനകത്തു നിന്നും കൈയിലെ ഗിറ്റാറിൽ താളമിട്ടൊരാൾ പാട്ടുപാടുന്നുണ്ട്. തണുപ്പ്, രാത്രി, നിലാവ്, മന്ദമാരുതൻ, സംഗീതം… അപൂർവ്വ സൗന്ദര്യം നിറഞ്ഞൊരു വൈബിന്റെ കൊളാഷ് അവിടെ രൂപപ്പെട്ടു. ഒരു രൂപകത്തിലും വിശദീകരിക്കാനോ നിർവ്വചിക്കാനോ ആവാത്തൊരു അനുഭൂതി താളമിട്ടു…
Also Read ഗൊബുസ്താനിലെ മൺ ജ്വാലാമുഖികൾ
കുടിച്ചാലും കുടിച്ചാലും മടുക്കാത്ത, എത്ര കുടിപ്പിച്ചിട്ടും മടിവരാത്ത ചായ സംസ്‌കാരത്തിന്റെ സുന്ദരഭൂമികയാണ് അസർബൈജാൻ എന്നറിയാമായിരുന്നു. അസർബൈജാനി ചായയുടെ രുചിയും ചായയുടെ ഛായയും എന്താണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. അതിന്റെ ഗുണവിശേഷങ്ങളെക്കുറിച്ച് വെയ്റ്ററോട് ചോദിച്ചാലോ? ‘ഒന്നു വെയ്റ്റ് ചെയ്യൂ, അനുഭവിച്ചറിയാന്‍ പോകുന്നൊരു വിശേഷത്തിന്റെ വിശേഷണങ്ങൾ അതിനു ശേഷം അന്വേഷിക്കുന്നതല്ലേ ഔചിത്യ’മെന്ന് എന്നിലെ ഉപദേശി ഉടനെ തിരുത്തി. ‘അസർബൈജാനി ചായ’ എന്നു മാത്രം ഓർഡർ ചെയ്തു. മിനിറ്റുകൾക്കകം അടപ്പിട്ടൊരു സിറാമിക് പാത്രത്തിൽ നിറച്ചുവച്ച, പാലുചേർക്കാത്ത ചുടുചായയും, വേറൊരു പാത്രത്തിൽ നിറയെ പഞ്ചസാരക്യൂബുകളും അതിമനോഹരമായ രൂപസവിശേഷതയുള്ളൊരു ഗ്ലാസും കൊണ്ടുവന്നു. നാലഞ്ചുപേർക്ക് കുടിക്കാൻമാത്രമുള്ള ചായ ഉണ്ടായിരുന്നു.
പാട്ടുകാരൻ അപ്പുറത്തുനിന്നും നിർത്താതെ പാടുന്നുണ്ട്. കാറ്റും നിർത്താതെ വീശിക്കൊണ്ടേയിരിക്കുന്നു. ചായയോടൊപ്പം കഴിക്കാൻ ‘അലി നാസിക്’ എന്ന അതീവ രുചികരമായ പ്രാദേശിക വിഭവവും കൊണ്ടുവന്നു. കുലീനവും വശ്യവുമായ പെരുമാറ്റം കൊണ്ട് അതിഥിയെ കോരിത്തരിപ്പിക്കും അസർബൈജാനി റെസ്റ്റോറന്റുകളിലെ വിളമ്പുകാര്‍. പഞ്ചസാര ചേർക്കേണ്ട വിധവും ഗ്ലാസിലേക്ക് പകരേണ്ട രൂപവും ഭവ്യതയോടെ ഒരാൾ കാണിച്ചുതന്നു. പഞ്ചസാരയില്ലാത്ത ചായയാണ് വേണ്ടതെന്ന് ഞാൻ പറഞ്ഞു.
ആദ്യത്തെ സിപ്പിൽ തന്നെ ആ ചായയുടെ അനുരാഗം അനേകം മുകുളങ്ങളായി മുളച്ചുപൊന്തി ശരീരത്തിലെ ഓരോ കോശത്തെയും തൊട്ടുണര്‍ത്തി. തീർന്നുപോവരുതേ എന്നാശിച്ച് ചായ കുടിച്ചുകൊണ്ടേയിരുന്നു. ഓരോ ഇറുക്കിലും ഒരായിരം അനുഭൂതികളുടെ സൂക്ഷ്മനുരകള്‍ തിളച്ചുമറിയുന്ന ചായ! ‘ഉസ്താദ് ഹോട്ടലി’ൽ ചുടുസുലൈമാനി ഊതിക്കുടിക്കവേ, ഉപ്പാപ്പ (തിലകൻ) ഫൈസിയോട് (ദുൽഖർ) പറയുന്ന ആ വാക്കുകൾ ഓർമയിൽ വന്നു: “ഒരു നുള്ളു മുഹബ്ബത്തും കൂടി ചേർത്തു കൊടുത്താലേ ഏതു സുലൈമാനിയിലും രുചിയുടെ പെരുന്നാളു കൂടുകയുള്ളൂ!”
ചായ ഗ്ലാസിലേക്ക് പകരുമ്പോഴും കാറ്റുവിശിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ചായ പകര്‍ന്നപ്പോള്‍ ഗ്ലാസിന്റെ ഉപരിതലത്തിലും ഓളംവെട്ടിയൊരു കൊടുങ്കാറ്റ് രൂപപ്പെട്ടു. ഒച്ചയില്ലാത്തൊരു കൊടുങ്കാറ്റ്. ‘ചായക്കോപ്പയിലെ കൊടുങ്കാറ്റി’നെ ഒരു പക്ഷേ, ജീവിതത്തില്‍ ആദ്യമായാണ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന ‘പ്രതിഭാസ’ത്തെ ശ്രദ്ധിക്കുന്നതെന്ന് തോന്നി.
Also Read സഹസ്രാബ്ദങ്ങളായി അണയാതെ കത്തുന്ന മല
റെസ്റ്റോറന്റിനകത്തെ കാഴ്ചകളിലേക്കും കണ്ണുപായിച്ചു. അപ്പുറത്തൊരാള്‍ ചങ്ങാതിമാര്‍ക്കൊപ്പം ചായകുടിക്കുന്നു. കടിയായി ബിസ്ക്കറ്റുണ്ട്. അയാളാ ബിസ്ക്കറ്റെടുത്ത് ചായയില്‍ മുക്കുന്നു. എന്നാല്‍, അത് വായയിലേക്കെടുക്കും മുന്‍പേ, ചായയില്‍ കുതിര്‍ന്ന്, നടുവൊടിഞ്ഞ്, ചായക്കപ്പിന്റെ ഒത്തനടുവിലേക്കു തന്നെ വീഴുന്നു! നിരാശനാവാതെ അയാള്‍ വീണ്ടുമൊരു ബിസ്ക്കറ്റെടുത്ത് പഴേപടി തുടരുന്നു. ഞാനോര്‍ത്തു, ബിസ്ക്കറ്റ് ചായയില്‍ മുക്കിക്കഴിക്കുന്ന കാര്യത്തില്‍ ഞാനുമൊരു ഹതഭാഗ്യനാണല്ലോ! അപൂര്‍വ്വമായി മാത്രം വിജയിച്ചൊരു ശ്രമമാണ് എന്റെയും ചായയില്‍ കുതിര്‍ന്ന ബിസ്ക്കറ്റിന്റെ നടുവൊടിയാതെ വായയില്‍ എത്തിക്കുകയെന്നത്!
തീർന്നുപോയാലോ എന്നു പേടിച്ച് പയ്യെപ്പയ്യെ കുടിച്ചിട്ടും, ശൈത്യമുള്ള കാറ്റ് അടിച്ചുവീശിക്കൊണ്ടേയിരുന്നിട്ടും ചായ പെട്ടെന്ന് തണുക്കാത്തത് എന്നെ അദ്‌ഭുതപ്പെടുത്തി. അവിടെയാണ് പ്രത്യേക രൂപലാവണ്യമുള്ള ആ ഗ്ലാസിന്റെ പ്രത്യേകത! അർമുഡു (Armudu) എന്നാണ് പളുങ്കുകൊണ്ടുള്ള ഈ ചായക്കപ്പിൻറെ പേര്. അസരി ഭാഷയിലെ ആ പേരിന്റെ അര്‍ത്ഥം പിയർ പഴം എന്നാണ്. പിയർ ഫലത്തിൻറെ രൂപസാദൃശ്യമുള്ളതിനാലാണ് ഈ പേര് വന്നതെന്നാണ് പറയപ്പെടുന്നത്. അതല്ല, തികവൊത്തൊരു അസർബൈജാനി പെൺകുട്ടിയുടെ രൂപമാണ് അതിനുള്ളതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്! അർമുഡു ഗ്ലാസിന്റെ സവിശേഷത, ഇത്തരത്തിലുള്ള ഗ്ലാസ് പിടിക്കാൻ എളുപ്പമാണ് കാരണം, അതിന്റെ മുകൾഭാഗം മധ്യഭാഗത്തേക്കാൾ വിശാലമാണ് എന്നതാണ്. ഇത് നമ്മുടെ കൈയിൽ നിന്ന് ഗ്ലാസ് വഴുതിപ്പോകുന്നത് തടയുന്നു. ഗ്ലാസിന്റെ മുകൾഭാഗത്ത് ചൂട് കുറയുന്നു. ഇത് കുടിക്കുന്നയാളുടെ കൈകൾ പൊള്ളുന്നതിൽ നിന്ന് തടയുന്നു. ചൂടുള്ള ദ്രാവകങ്ങൾ തുല്യമായി തണുക്കുന്ന സാധാരണ ഗ്ലാസുകളിലും കപ്പുകളിലും നിന്ന് വ്യത്യസ്തമായി, അർമുഡു ഗ്ലാസുകളിലെ ചൂടുള്ള ചായ കുടിക്കുന്ന സമയത്ത് ആനുപാതികമായി തണുക്കുകയും ഗ്ലാസിന്റെ മുകൾ ഭാഗത്തെ ചായ തണുപ്പിക്കുകയും അടിഭാഗം ചൂടാകുകയും ചെയ്യുന്നു.!
അസർബൈജാനി സംസ്കാരത്തിൽ ചായക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഏതൊരു വിശേഷ അവസരത്തിലും, അത് കല്യാണമാവട്ടെ, മരണാനന്തര ചടങ്ങുകളാവട്ടെ, അവിടെയെല്ലാം ചായ വിളമ്പും. ഒരു അസർബൈജാനിയുടെ വീട്ടിൽ അതിഥികൾ വന്നാൽ അവർക്ക് ആദ്യം ചായ നൽകുന്നു. ആവശ്യമുള്ളയത്രയും ചായ പകർന്നുകൊടുക്കുക എന്നതാണ് അസരിയുടെ സംസ്കാരം.
ആഗോളവത്കരണത്തിൻറെയും സോഷ്യൽ നെറ്റ്‌വർക്കിന്റെയുമൊക്കെ കാലമായിട്ടും അസർബൈജാനിലെ വിവാഹാലോചനയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഇപ്പോഴും പാരമ്പര്യരീതിയിൽ തന്നെയാണ് നടക്കുന്നത്. അതിൽ ചായക്ക് കൗതുകകരവും സവിശേഷവുമായ സ്ഥാനമുണ്ട്. ആൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് വരും. പതിവുപോലെ അവർക്കെല്ലാവർക്കും ചായ നൽകും. അതിനുശേഷം ‘വരനും വധുവും’ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കാണും. സംസാരങ്ങളും അഭിമുഖങ്ങളും കുടുംബവിശേഷങ്ങളും പങ്കുവയ്ക്കും. ഒടുവിൽ ഗൃഹനാഥൻ അകത്തുപോയി പെൺകുട്ടിയോട് ചെക്കനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കും. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങളാണത്. ആൺകുട്ടിയുടെ വീട്ടുകാർ ഗൃഹനാഥൻ അകത്തുനിന്നും വരുന്നതും കാത്ത് പുറത്തെ മുറിയിൽ ഇരിക്കും. വീട്ടുകാരന്റെ കസേരക്കരികിൽ മേശപ്പുറത്ത് അർമുഡു ഗ്ലാസും ഒരു പാത്രത്തിൽ നിറയെ ചായയും ഒരുക്കിവച്ചിട്ടുണ്ടാകും. തൊട്ടടുത്തുതന്നെ പഞ്ചസാര പാത്രവുമുണ്ടാകും. പെൺകുട്ടിയുടെ അഭിപ്രായമാരാഞ്ഞ ഗൃഹനാഥൻ അകത്തുനിന്നും അദ്ദേഹത്തിൻറെ ഇരിപ്പിടത്തിലേക്ക് വരും. അയാൾ ഗ്ലാസ്സിലേക്ക് ചായയൊഴിക്കും. വരന്റെ വീട്ടുകാർ ശ്വാസമടക്കിപ്പിടിച്ച് അയാൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധിക്കും. ചെക്കനെയും കുടുംബത്തെയും പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടെങ്കിൽ അദ്ദേഹം തന്റെ ചായയിലേക്ക് പഞ്ചസാര ചേർക്കും. അതിനർത്ഥം വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തുടങ്ങാം എന്നാണ്. അവർക്ക് ഈ കല്യാണത്തിന് സമ്മതമാണ് എന്നതാണ്. എന്നാൽ, മധുരം ചേർക്കാതെ ചായ കുടിക്കുന്നു എന്നതിന്റെ വിവക്ഷ ഈ കല്യാണം അവർക്കിഷ്ടമല്ല എന്നാണ്. വേറൊരു സംസാരവും അതിനുശേഷം ഉണ്ടാവില്ലത്രേ! കയ്പുറ്റൊരനുഭവമായി, നിരാശബാധിതരായി വരന്റെ കുടുംബം തിരിച്ചുപോകുമത്രേ!
ഒരു ചായക്ക് പ്രതീക്ഷയും നിരാശയുമായിത്തീരാൻ സാധിക്കുന്നയത്രയും അർത്ഥവ്യാപ്തി കൈവരുന്നതിനെക്കുറിച്ച് ആലോചിച്ചു. സ്വാദിഷ്ടമായൊരു പാനീയത്തിന് കയ്‌പും മധുരവുമായിത്തീരാനാവുന്നതിലെ വൈചിത്ര്യത്തെക്കുറിച്ചും ആലോചിച്ചു. അപ്പോൾ, റെസ്റ്റോറന്റിനു പുറത്തെ പാതയോരത്ത് പ്രായം ചെന്നൊരു സ്ത്രീ സോക്സ് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാർദ്ധക്യം അവരുടെ മുതുക് വളച്ചിട്ടുണ്ട്. എന്നിട്ടും പ്രതീക്ഷയോടെ അവർ അതിലൂടെ നടക്കുന്നവരോട് സോക്സ് വേണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. മിക്കവരും അവരിലേക്കൊരു ശ്രദ്ധയും കൊടുക്കാതെ അതിവേഗം നടന്നുപോകുന്നു. ആ മുത്തശ്ശി പ്രതീക്ഷാപൂർവം അടുത്ത ആളുടെ നേരെ സോക്സുകൾ നീട്ടുന്നു. അയാൾ വിലയെത്രയെന്നു ചോദിക്കുന്നു. വേണ്ടെന്ന് പറഞ്ഞു മുന്നോട്ട് നടക്കുന്നു. കുറേനേരം ആ അമ്മയെനോക്കി ഇരുന്നു. ആരെങ്കിലും വാങ്ങിയെന്നു കണ്ടാൽ സന്തോഷത്തോടെ ഇവിടെനിന്നും എഴുന്നേൽക്കാം, വേണ്ടെങ്കിലും, അവര്‍ക്കുവേണ്ടിമാത്രം സോക്സുകള്‍ വാങ്ങാം എന്നാലോചിച്ചു. ആളുകൾ കുറേ നടന്നുപോയി. ആരും അവരോട് ഒരെണ്ണംപോലും വാങ്ങിയില്ല. ഒരു വല്ലാത്ത ശോകഭാരം എന്നെ പിടികൂടി. അപ്പോൾ ഒരു വിദേശ വനിത അവരിൽ നിന്നും കുറെ സോക്സുകൾ വാങ്ങുന്നതു കണ്ടു. വേദനയ്ക്കിടയില്‍ ആനന്ദത്തിന്റെ ഇളങ്കാറ്റു വീശി. മുഹ്‌സിൻ പരാരിയുടെ വരികൾ സിത്താരയുടെ ശബ്ദത്തിൽ കാതിൽ മുഴങ്ങുന്നതായി തോന്നി… ‘ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ…!’