Hornbill Festival: മഹോത്സവത്തിന് ഒരുങ്ങി Nagaland; അറിയേണ്ടതെല്ലാം

tripupdates.in

വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ (Nagaland) ഏറ്റവും പ്രശസ്തമായ സാംസ്‌കാരികോത്സവമാണ് ഹോണ്‍ബിള്‍ ഫെസ്റ്റിവല്‍ (Hornbill Festival). ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ഈ ആഘോഷത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് ഈ ആഘോഷത്തിന്റെ മുഖ്യ സംഘാടകര്‍. എല്ലാ വര്‍ഷവും ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് ആഘോഷം. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും നാഗാലാന്‍ഡിന്റെ സമ്പന്ന സാംസ്‌കാരിക വൈവിധ്യവും പൈതൃകവും പ്രദര്‍ശിപ്പിക്കുകയുമാണ് ഉത്സവങ്ങളുടെ ഉത്സവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ ലക്ഷ്യം.

നാഗാലന്‍ഡിലെ ഗോത്ര വൈവിധ്യങ്ങളെ നേരിട്ട് അടുത്തറിയാനുള്ള അപൂര്‍വ്വ അവസരമായ വര്‍ണാഭമായ ഈ ഉത്സവത്തിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിനോദ സഞ്ചാരികളും കലാ പ്രേമികളും എല്ലാവര്‍ഷവും എത്തുന്നു.

വിവിധ ആഘോഷ, സാംസ്‌കാരിക, ഗോത്ര കലാ പ്രകടനങ്ങള്‍ ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ കലാ, കായിക, കരകൗശല, ഫാഷന്‍, സംഗീത, സാഹിത്യ പരിപാടികളും ഈ ഉത്സവത്തിന്റെ ഭാഗമായി നടക്കും. നാഗാലന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കിസമയിലെ നാഗ ഹെരിറ്റേജ് വില്ലേജാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദി.

സംസ്ഥാനത്തെ 17 നാഗാ ഗോത്രങ്ങളുടെ അപൂര്‍വ്വ സംഗമവേദി കൂടിയാണിത്. ഗോത്രങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയവും ഈ ഉത്സവത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. നാഗാ ഗോത്രങ്ങളുടെ പഴക്കമേറിയ ആചാരങ്ങളേയും പ്രത്യേക ജീവിത രീതികളേയും അവരുടെ പഴയകാല കുടിലുകളേയും അടുത്തറിയാന്‍ ഈ ഉത്സവം മികച്ച അവസരം സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. ഗോത്ര വിഭാഗക്കാരുടെ വാദ്യോപകരണങ്ങള്‍, വസ്ത്രധാരണ രീതികള്‍, പരമ്പരാഗത നാഗാ വീടുകളിലെ മരങ്ങളിലെ കൊത്തുപണികളും കരകൗശലങ്ങളും തുടങ്ങി എല്ലാ അടുത്തറിയാം.

പ്രത്യേകം അറിഞ്ഞിരിക്കാന്‍:

  • ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വേദിയിലേക്ക് പ്രവേശന പാസുണ്ട്. 20 രൂപ, 30 രൂപ പാസുകളുണ്ട്. കാമറയ്ക്ക് 50 രൂപ അധികമായി നല്‍കണം.
  • ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്ക് നാഗാലാന്‍ഡിലേക്ക് വരുന്നതിന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന പ്രത്യേക പ്രവേശനാനുമതി ഉണ്ടായിരിക്കണം. ഇത് പ്രാദേശിക സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
  • വിദേശ ടൂറിസ്റ്റുകള്‍ എത്തിയാല്‍ 24 മണിക്കൂറിനകം ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

Legal permission needed