ദുബയ്. യാത്രക്കാരേയും പാഴ്‌സലുകളും വഹിച്ച് സ്വയം പറക്കാൻ ശേഷിയുള്ള AIR TAXIകള്‍ ദുബയ് ആകാശത്ത് സമീപകാലത്ത് തന്നെ നമുക്ക് കാണാം. പൈലറ്റില്ലാത്ത ഈ എയര്‍ ടാക്‌സികള്‍ ഓട്ടോമാറ്റിക്കായാണ് പ്രവര്‍ത്തിക്കുക. യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ(NASA)യുടെ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായ ഇന്‍ജെനുവിറ്റി (Ingenuity) ഹെലികോപ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന കുഞ്ഞന്‍ കോപ്റ്ററുകളായിരിക്കും എയര്‍ ടാക്‌സിയായി ദുബായിലെത്തുക. ഓസ്ട്രിയന്‍ കമ്പനിയായ ഫ്‌ളൈനൗ ഏവിയേഷൻ ആണ് യുഎഇ സര്‍ക്കാരുമായി സഹകരിച്ച് സർവീസ് ആരംഭിക്കുന്നത്. 28 മാസത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ എയര്‍ ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കമ്പനി പറയുന്നത്.
ഒറ്റ സീറ്റ്, ഇരട്ട സീറ്റ് ഹെലികോപ്റ്ററുകളാണ് കമ്പനി നിര്‍മിക്കുന്നത്. ഈ രംഗത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കാര്യക്ഷമവും മികച്ചതുമായിരിക്കും ഇവ. ആദ്യ ഘട്ടത്തില്‍ കാര്‍ഗോ ഹെലികോപ്റ്ററുകളാണ് സര്‍വീസ് ആരംഭിക്കുക. പാസഞ്ചര്‍ പതിപ്പ് പിന്നീട് എത്തിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആണ് ഇവിറ്റോള്‍ (Flynow eVTOL) എന്ന് പേരുള്ള ഈ ഹെലികോപ്റ്ററുകളുടെ പരമാവധി ക്രൂസ് വേഗം. ഒരു ഡിഷ് വാഷര്‍ യന്ത്രത്തിന്റെ ശബ്ദം മാത്രമെ ഉണ്ടാകൂ എന്നും കമ്പനി അവകാശപ്പെടുന്നു. കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള പ്രത്യേക സെൻസറുകളും ഇതിലുണ്ട്. എയർ ട്രാഫിക് കൈകാര്യം ചെയ്യുന്നവർക്കു മാത്രമെ പറക്കൽ പാതയിൽ മാറ്റം വരുത്താൻ കഴിയൂ.
പാഴ്‌സലുകള്‍ വഹിക്കുന്ന കാര്‍ഗോ ഹെലികോപ്റ്റര്‍ 200 കിലോ ഗ്രാം വരെ ഭാരം വഹിക്കും. സുരക്ഷാ കാരണങ്ങളാല്‍ 50 കിലോമീറ്ററില്‍ വേഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ എയര്‍ ടാക്‌സികള്‍ക്ക് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും പ്രത്യേക ഇടങ്ങളുണ്ടാകും. ഓട്ടോമാറ്റിക് ആയതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ മാത്രമെ ഇവ പറക്കൂ.