ന്യൂദല്‍ഹി. ചെക്ക്-ഇന്‍ ബാഗേജ് ഇല്ലെങ്കില്‍ AIR INDIA EXPRESSല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇനി ടിക്കറ്റ് ലഭിക്കും. Xpress Lite എന്ന പേരില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 15/20 കിലോ ചെക്ക്-ഇന്‍ ബാഗേജ് ഒഴിവാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ നീണ്ട വരികളും ബാഗേജിനായുള്ള കാത്തിരിപ്പും ഒഴിവാക്കി യാത്രകളെ കൂടുതല്‍ അനായാസമാക്കാം. എക്സ്പ്രസ് ലൈറ്റ് പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് മൂന്ന് കിലോ കാബിന് ബാഗേജും അധികമായി അനുവദിക്കും. യാത്രക്കാര്‍ക്ക് പരമാവധി 10 കിലോ വരെ ബാഗേജ് വിമാനത്തിനുള്ളില്‍ കയ്യില്‍ കരുതാം. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ബുക്ക് ചെയ്യുമ്പോള്‍ മാത്രമെ എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റ് ലഭിക്കൂ.
എക്സ്പ്രസ് ലൈറ്റ് ടിക്കറ്റെടുത്ത ശേഷം ചെക്ക്-ഇന്‍ ബാഗേജ് പിന്നീട് എടുക്കേണ്ടി വരികയാണെങ്കില്‍ 15/20 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ് പ്രീബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടുകളിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് കൗണ്ടറുകളില്‍ ലഭ്യമായിരിക്കും. എന്നാല്‍ ഇതിന് അധിക തുകനല്‍കേണ്ടി വരും.
ചെക്ക്-ഇന്‍ ബാഗേജ് ഒഴിവാക്കി ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന തന്ത്രം ലോകത്തൊട്ടാകെ പല ബജറ്റ് വിമാന കമ്പനികളും പയറ്റുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ പലകാരണങ്ങള്‍ മൂലം ഇത്തരമൊരു ഓഫര്‍ നല്‍കിയിരുന്നില്ല. എയര്‍ ഇന്ത്യ എക്സ്പ്ര്സ് ഓഫര്‍ പ്രഖ്യാപിച്ചതോടെ മറ്റു ബജറ്റ് വിമാന കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ തുടങ്ങിവയരും Zero Check-in baggage നിരക്കുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിരക്ക് കുറയാന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഇത് ഗുണകരമാകും.