അഗുംബെ, മഴയുടെ കാമുകി; ഒരു MONSOON യാത്ര പ്ലാൻ ചെയ്യാം

agumbe trip updates

അബു വി കെ

മഴ നൂലുകൾ ആഴ്ന്നിറങ്ങുന്ന കർണാടകയുടെ പടിഞ്ഞാറൻ മലനിരകൾ ലക്ഷ്യം വെച്ച് നിങ്ങൾ ഒരു യാത്ര നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അഗുംബെ (Agumbe) എന്ന മഴയുടെ കാമുകിയെ തേടി ഒരു യാത്ര തിരിക്കണം. മണ്ണും വിണ്ണും ഗാഢാലിംഗനം ചെയ്ത ദക്ഷിണ ശിഖിരത്തിലെ മഴമേഘങ്ങൾ നിമിഷം നേരം കൊണ്ട് നിറകുടം കണക്കേ മഴയെ കോരിച്ചൊരിയുമ്പോൾ കുളിരുകോരുന്ന ആ മഴയെ ഒന്ന് വാരിപ്പുണർന്ന് ചുംബിച്ചിരിക്കുമ്പോൾ കടന്നു വരുന്ന മഞ്ഞിനും കാറ്റിനു പോലും വല്ലാത്തൊരു അനുഭൂതി പടർത്താൻ കഴിയുന്നുണ്ട്. ഗ്രാമീണ സൗന്ദര്യം മുറ്റിനിൽക്കുന്ന നാട്ടിട വഴികളും, വന്യമായ വനാന്തരങ്ങളും മഴയോർമ്മകളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഗ്രാമാന്തരീക്ഷവും മഴ മനസ്സിനുള്ളിൽ പ്രണയം തീർത്തവരെയൊന്ന് പിടിച്ചുലക്കാതിരിക്കില്ല.

അഗുംബെ ഏതു കൊടും ചൂടിലും കുളിരു പകരുന്ന ഇടമാണ്. കർണാടകയിലെ ഷിമോഗ ജില്ലയിലെ തീർത്തഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമം. ആർ കെ നാരായണന്റെ പ്രശസ്തമായ നോവൽ
മാൽഗുഡി ഡേയ്സ് (Malgudi days) ടെലി- സീരിയലാക്കിയപ്പോൾ അഗുംബെ എന്ന ആ കൊച്ചു ഗ്രാമത്തിലാണ് ചിത്രീകരണം നടന്നത്. ഇതോടെ ഈ ഗ്രാമം ലോകപ്രശസ്തമാവുകയും ചെയ്തു. അഗുംബെേയിലെ മഴക്കാടുകൾ പശ്ചിമഘട്ട മലനിരകളുടെ ഒരു നിത്യഹരിത വനപ്രദേശം കൂടിയാണ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 826 മീറ്റർ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ ഗവേഷകരെ പോലും അത്ഭുതപ്പെടുത്തിയ അഗുംബെയിലെ മഴയെ പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. 7640 മില്ലി ലിറ്റർ മഴ ലഭിക്കുന്നതു കൊണ്ടാകാം അഗുംബെയെ സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി എന്നു വിളിക്കുന്നത്. ആഗുംബയിൽ കാണാനുള്ള കുറച്ചു സ്ഥലങ്ങളെ പരിചയപ്പെടാം .

അഗുംബെ
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ രാജ വെമ്പാലകൾ ഉള്ളത് അഗുംബെ എന്ന മനോഹരമായ ഈ ചെറു ഗ്രാമത്തിലാണ്. അതുകൊണ്ട് തന്നെ king cobra യുടെ തലസ്ഥാനമായും ഇവിടം അറിയപ്പെടുന്നു . രാജവെമ്പാലയുടെയും ഇതര പാമ്പ് വര്‍ഗങ്ങളുടെയുമെല്ലാം പഠനവും ചരിത്രവും ലക്ഷ്യമിട്ട് വിവിധ ഭാഗങ്ങളില്‍നിന്ന് ഗവേഷകരും വിദ്യാര്‍ഥികളും ശാസ്ത്ര തല്പരരുമായ നിരവധി പേർ ഇന്നും ഇവിടേക്കെത്തുന്നുണ്ട്.

ജോഗിഗുണ്ടി വെള്ളച്ചാട്ടം
അഗുംബെ ഗ്രാമത്തിനടുത്തായിട്ടുള്ള ചെറിയ ഒരു വെള്ളച്ചാട്ടമാണ് ഇവിടേക്ക് അഗുംബയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. ജോഗിഗുണ്ടി വെള്ളച്ചാട്ടം ട്രക്കിംഗിന് എത്തുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. മലപഹാരി നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന്റ ഉത്ഭവം. ജോഗിഗുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം താഴ്വരയിലൂടെ ഒഴുകി അവസാനം തുംഗ നദിയുമായി ലയിക്കുന്നു .

കുന്ദാദ്രി മല
അഗുംബെയിൽ നിന്നും 17 കിലോമീറ്റർ അകലെ ഉള്ള കുന്ദാദ്രി മലയിലേക്ക് ഇരുപത് ഹെയർപ്പിന് വളവുകൾ താണ്ടി വേണം എത്തിച്ചേരാൻ. പശ്ചിമഘട്ട മലനിരകളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഭൂപ്രകൃതിയിലേക്ക് പോകുമ്പോൾ വഴി നിറയെ വാനരപ്പടയെ കണ്ടെന്നു വരും. 2000 വർഷങ്ങൾക്കു മുമ്പ് കുന്ദ എന്ന ജൈന സന്യാസി ഇവിടെ താമസിക്കുകയും ജൈന ക്ഷേത്രം പണിയുകയും ചെയ്തു. ക്ഷേത്രത്തോട് ചേർന്ന് രണ്ട് കുളങ്ങളും ഇവിടെ ഉണ്ട്. പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ജൈനക്ഷേത്രത്താൽ ഈ കുന്നുകൾ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ വലതു വശത്തെ വ്യൂ പോയിന്റ്ൽ നിന്ന് നോക്കിയാൽ അഗുംബെ ഗ്രാമവും കൃഷി ഇടങ്ങളും കാണാൻ കഴിയും.

അഗുംബെയിലെ അസ്തമയക്കാഴ്ച

പശ്ചിമ ഘട്ട മലനിരകൾക്ക് മുകളിൽ അറബിക്കടലിന്റെ ചക്രവാളത്തിൽ സൂര്യൻ നിൽക്കുന്ന കാഴ്ചക ഇവിടെ കാണാം. സൂര്യാസ്തമയം കാണാൻ പറ്റിയ വളരെ മനോഹരമായ ഒരു സൺസെറ്റ് പോയിന്റ് ആയതിനാൽ ഈ സൂര്യാസ്തമന ദൃശ്യങ്ങൾ കാണുവാൻ മാത്രം നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്‌ .

കൂഡ്ലു തീർത്ഥ വെള്ളച്ചാട്ടം
സൺസെറ്റ് പോയന്റിൽ നിന്ന് കൂഡ്ലു തീർത്ഥ വെള്ളച്ചാട്ടത്തിലേക്ക് എത്താം. നഗരത്തിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇടതൂർന്ന വനത്തിലൂടെയുള്ള മനോഹരമായ ഒരു ട്രെക്കിംഗാണ്. പ്രകൃതിദൃശ്യങ്ങളും ട്രക്കിങ് റൂട്ടുകളും ഉള്ളത് കൊണ്ട് തന്നെ സാഹസിക പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ പാതകൂടിയാണിത്.

അബ്ബി വെള്ളച്ചാട്ടം
അഗുംബയിൽ നിന്ന് 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒനകെ അബ്ബി വെള്ളച്ചാട്ടം കാട്ടിനുള്ളിലാണ്. അതിനാൽ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ മാത്രമെ ഇവിടേക്ക് പ്രവേശനമുള്ളൂ. വനപാതയിൽ ഒരു അരുവി മുറിച്ചു കടന്നു വേണം വെള്ളച്ചാട്ടത്തിനു അടുത്തെത്താൻ. 400 അടിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം നാലു കിലോമീറ്റർ ട്രെകിങ് ചെയ്തു എത്തിച്ചേർന്നാൽ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണമായൊരു കാഴ്ച ലഭിക്കും. ഇവിടെ നിന്ന് അഗുംബെയിലെ താഴ്വരകളുടെ മനോഹരമായ ദൃശ്യവും കാണാൻ കഴിയും.

ബർകാന വെള്ളച്ചാട്ടം
ഇന്ത്യയിലെ ഏറ്റവും വലിയ പത്താമത്തെ വെള്ളച്ചാട്ടമാണ് ബർകാന വെള്ളച്ചാട്ടം. ബാർക്കാന വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഇടതൂർന്ന വനത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം .

കുഞ്ചികൽ വെള്ളച്ചാട്ടം
വരാഹി നദിയുടെ തീരത്ത് 1493 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുഞ്ചികൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.

ഇനിയും ഒത്തിരി കാഴ്ചകൾ ആഗുംബെയിലും പരിസരപ്രദേശങ്ങളിലും തീർച്ചയായും ഉണ്ട്. ഇവിടെ വിനോദ സഞ്ചാരികൾക്ക് താമസ സൌകര്യങ്ങൾ പരിമിതമാണ്.

അഗുംബെയിലേക്കുള്ള വഴി:
ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരം ആണ്. 108 കിലോമീറ്റർ. ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് 55 കീലോമീറ്റർ ദൂരം. ഇതാണ് ഏറ്റവുമടുത്ത റെയിൽവെ സ്റ്റേഷൻ. കർണാടകയിലെ മംഗലാപുരം ഷിമോഗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം അഗുംബെയിലേക്ക് ബസ് സർവ്വീസുകളും ലഭ്യമാണ്. ജൂലൈ മുതൽ നവംബർ വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Legal permission needed